വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതുതായി രൂപീകരിച്ച നെപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജീ) ഓഫീസില്‍ ഋഗ്‌വേദവും സ്ഥാനം പിടിച്ചു. വകുപ്പിന്റെ ചുമതലയുള്ള വിവേക് രാമസ്വാമിയാണ് ഓഫീസില്‍ ഋഗ്‌വേദം കൊണ്ടു വന്നത്. വൈറ്റ് ഹൗസിനെയും ഗവണ്‍മെന്റിന്റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റിനെയും നയരൂപീകരണത്തില്‍ ഉപദേശിക്കുകയായിരിക്കും ഡോജിയുടെ ദൗത്യം. വിവേക് രാമസ്വാമിയെയും ഇലോണ്‍ മസ്‌കിനെയും ആണ് വകുപ്പിന്റെ ചുമതല ട്രംപ് നല്‍കിയിരിക്കുന്നത്.
അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് വിവേക് രാമസ്വാമി സന്ദര്‍ശിച്ചിരുന്നു
മസ്‌കും വിവേകും ചേര്‍ന്ന് ‘സേവ് അമേരിക്ക’ ക്യാമ്പെയ്‌ന്റെ ഭാഗമായി ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥ തല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധിപാട ചെലവുകള്‍ നിയന്ത്രിക്കുമെന്നും ട്രംപ് പറയുന്നു. സര്‍ക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
വിവേക് ഓഫീസ് ചുമതല വഹിക്കാന്‍ പുറപ്പെട്ടപ്പോള്‍ അച്ഛന്‍ രാമസ്വാമിയാണ് ഋഗ്‌വേദം ഒപ്പം കൊണ്ടുപോകണം എന്നാവശ്യപ്പെട്ടത്. അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും വേദം എത്തണം എന്ന ലക്ഷ്യത്തോടെ ‘കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്അമേരിക്ക’യാണ് വേദം നല്‍കിയത്. സംസ്‌കൃതത്തിലും ഇംഗ്‌ളീഷിലും അര്‍ത്ഥസഹിതം പ്രത്യേകം തയ്യാറാക്കിയ വേദത്തിന്റെ വിതരണോദ്ഘാടനം ഹൂസ്റ്റണില്‍ വിവേക് രാമസ്വാമിയുടെ മാതാപിതാക്കളാണ് നിര്‍വഹിച്ചത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്ന വിവേക് രാമസ്വാമിക്ക് തെരഞ്ഞെടുപ്പ് തിരക്കുമൂലം സാധിക്കാതെ വന്നപ്പോളാണ് മാതാപിതാക്കളെ പകരക്കാരാക്കിയത്. അന്ന് പ്രകാശനം ചെയ്ത് ‘ഋഗ്‌വേദം’ രാമസ്വാമി ക്ഷേത്ര സന്നിധിയില്‍ വെച്ച് വിവേകിന് നല്‍കിയത് വാര്‍ത്തയായിരുന്നു.
1985 ഓഗസ്റ്റ് 9ന് അമേരിക്കയിലെ ഒഹായോയിലാണ് വിവേകിന്റെ ജനനം. ഇക്കുറി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ വിവേക് രാമസ്വാമിയും രംഗത്തുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ട്രംപിനുവേണ്ടി വഴിമാറി.
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍. ഗണപതി അയ്യരുടെ മകന്‍ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛന്‍. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി. ഭാര്യ ഉത്തര്‍പ്രദേശ് സ്വദേശി അപൂര്‍വ തിവാരി. അപൂര്‍വയുമൊത്ത് ഏതാനും വര്‍ഷം മുമ്പ് വിവേക് കേരളത്തില്‍ വന്നിരുന്നു. കുടുംബത്തില്‍ തമിഴ് സംസാരിക്കുന്ന വിവേകിന് മലയാളവും അറിയാം.
ഒഹായോയിലെ ജെസ്യൂട്ട് ഹൈസ്‌കൂളിലായിരുന്നു വിവേകിന്റെയും അനുജന്‍ ശങ്കര്‍ രാമസ്വാമിയുടെയും പ്രാഥമിക വിദ്യാഭ്യാസം. 2007ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് ബയോളജിയില്‍ ബിരുദം നേടിയ വിവേക്, 2013ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. 29-ാം വയസ്സിലാണ് റോയ്‌വന്റ് സയന്‍സസ് എന്ന സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്.
ഫോര്‍ബ്സ് മാഗസിന്റെ അണ്ടര്‍ 30, അണ്ടര്‍ 40 ശതകോടീശ്വര സംരംഭ പട്ടികയില്‍ ഇടംപിടിച്ച വിവേക് രാമസ്വാമിയുടെ ആസ്തി 100 കോടി ഡോളറിന് മുകളിലാണ് (ഏകദേശം 8,400 കോടി രൂപ). 2014-ല്‍ അദ്ദേഹം സ്ഥാപിച്ച റോയ്‌വന്റ് സയന്‍സസ് എന്ന ബയോടെക് കമ്പനിയാണ് പ്രധാന വരുമാനസ്രോതസ്സ്. മരുന്നുല്‍പാദന സ്ഥാപനമായ റോയ്‌വന്റ് സയന്‍സസിന്റെ ഉപകമ്പനി മ്യോവന്റ് സയന്‍സസ് 2016-ല്‍ യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കില്‍ 218 മില്യണ്‍ ഡോളര്‍ ഐപിഒയിലൂടെ സമാഹരിച്ച് ലിസ്റ്റ് ചെയ്തിരുന്നു. യുഎസിലെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരുന്നു അത്.
ക്രിപ്‌റ്റോ പേയ്‌മെന്റ്‌സ് സ്ഥാപനമായ മൂണ്‍മണി, യൂട്യൂബിന്റെ എതിരാളികളായ റംപിള്‍ എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപ പങ്കാളിത്തമുണ്ട്. സംരംഭകന്‍ എന്നതിന് പുറമേ എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി. ‘നേഷന്‍ ഓഫ് വിക്ടിംസ്’, ‘ക്യാപിറ്റലിസ്റ്റ് പണിഷ്‌മെന്റ്’ എന്നിവയാണ് ശ്രദ്ധേയ പുസ്തകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: