കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ച് ഹൈസ്പീഡ് റെയില്‍വേ ലൈനിന് കേരള സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചാല്‍ മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കണ്ണൂര്‍ ട്രെയിന്‍ യാത്ര സാധ്യമാകും. കൊങ്കണ്‍ റെയില്‍വേയുടെ മാതൃകയിലുള്ള, കേന്ദ്രസര്‍ക്കാരിനും താല്‍പ്പര്യമുള്ള പദ്ധതി സംബന്ധിച്ച് കൊങ്കണ്‍ – മെട്രോ വിദഗ്ധന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് 2024 ഡിസം. 27ന് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് പദ്ധതിക്ക് സാധ്യത തെളിയുന്നത്.
റെയില്‍വേയും കേന്ദ്രത്തിലെ ഉന്നതരും ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തിയ ശേഷമാണ് ശ്രീധരന്റെ കത്ത്. തുടര്‍ന്ന് താല്‍പ്പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി ശ്രീധരനുമായി ഫോണില്‍ സംസാരിച്ചു. പ്രധാന ഉദ്യോഗസ്ഥരെ ശ്രീധരനുമായി ചര്‍ച്ചയ്‌ക്ക് അദ്ദേഹത്തിന്റെ പൊന്നാനിയിലെ വീട്ടില്‍ അയച്ചു. പാര്‍ട്ടിക്ക് ലാഭവും രാഷ്‌ട്രീയ നേട്ടവും എന്ന പരിഗണന മാറ്റി, സംസ്ഥാനത്തിനും രാജ്യത്തിനും ഗുണമെന്ന സങ്കല്‍പ്പത്തിലാണ് ശ്രീധരന്റെ പദ്ധതി. 2016ല്‍ അവതരിപ്പിച്ച പദ്ധതി തള്ളിയ സംസ്ഥാന സര്‍ക്കാര്‍ എട്ടു വര്‍ഷമാണ് പാഴാക്കിയത്.
കേരളത്തില്‍ വര്‍ഷം 65,000 പേര്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. ദിവസം ശരാശരി 10 പേര്‍. ചെലവും അപകടവും കുറഞ്ഞ റെയില്‍ യാത്ര പ്രോത്സാഹിപ്പിക്കുകയെന്ന പരിഹാരവും യാത്രാ സമയ ലാഭവും പുതിയ പദ്ധതി വഴി സാധിക്കും.
തിരുവനന്തപുരം-കണ്ണൂര്‍ 430 കിലോമീറ്റര്‍ യാത്രയ്‌ക്ക് മൂന്നേകാല്‍ മണിക്കൂര്‍ മതിയാകും. തിരു- കൊച്ചി യാത്രയ്‌ക്ക് 80 മിനുട്ട്. തിരു- കോഴിക്കോട് രണ്ടര മണിക്കൂര്‍. വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെയാകാം, ശരാശരി 135. ഓരോ 30 കിലോമീറ്ററില്‍ സ്റ്റേഷനുണ്ടാകും.
എട്ടു കോച്ചുകളുള്ള വണ്ടികള്‍, 16 കോച്ചുവരെയാക്കാം. ദല്‍ഹിയില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സര്‍വീസില്‍ (ആര്‍ആര്‍ടിഎസ്) ഈ സംവിധാനമാണ്. എട്ടു കോച്ചില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ചു മിനിട്ടിടവേളയില്‍ സര്‍വീസ് നടത്താം. അപ്പോള്‍ 6740 പേര്‍ക്ക് ദിവസം യാത്ര ചെയ്യാം. ഇതിനുള്ള വിശദപദ്ധതി 2016 ല്‍ ഡിഎംആര്‍സി വഴി തയാറാക്കി ശ്രീധരന്‍ സംസ്ഥാനത്ത് സമര്‍പ്പിച്ചതാണ്.
കിലോമീറ്ററിന് 200 കോടിയാണ് നിര്‍മാണച്ചെലവ്. ആറു വര്‍ഷത്തില്‍ 430 കി.മീ പൂര്‍ത്തിയാകും. 86,000 കോടിയാണ് ചെലവ്. മുഴുവന്‍ കഴിയുമ്പോള്‍ ഒരുലക്ഷം കോടിയാകാം. ഭൂഗര്‍ഭ പാതയാകും, സ്ഥലമേറ്റെടുപ്പ് സ്റ്റേഷന്‍ ഭാഗത്ത് മതി. അതും 20 മീറ്റര്‍ വീതിയില്‍ മാത്രം.
കൊങ്കണ്‍ റയില്‍വേ നിര്‍മിക്കാന്‍ രൂപീകരിച്ച സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയിരിക്കും ധനസമാഹരണ-നിര്‍മാണ മാതൃക. ചെലവ് 51% റയില്‍വേ വഹിക്കും. ബാക്കി സംസ്ഥാനം. പദ്ധതി വിഭാവനം, നിര്‍വഹണം, നടത്തിപ്പ് റയില്‍വേയുടെ എസ്പിവി. 60% ഇക്വിറ്റി വഴി, 40% കടമെടുപ്പിലൂടെ. 30,000 കോടിയേ റയില്‍വേ മുടക്കേണ്ടി വരൂ.
കേരളം സന്നദ്ധമായാല്‍ 13 മണിക്കൂര്‍ കൊണ്ട് മറികടക്കുന്ന ദൂരം, എട്ടു മണിക്കൂര്‍ വന്ദേ ഭാരതിന് വേണ്ടുന്ന ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ യാത്ര ചെയ്യാനാകും. യാത്രച്ചെലവ് നിലവില്‍ എസി ചെയര്‍കാറിന് വേണ്ടതിന്റെ ഒന്നര ഇരട്ടി മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക