പാലക്കാട്: മദ്യ നിര്‍മാണ കമ്പനിക്ക് കുടിവെള്ളം നല്കാനായി വാദിക്കുന്നവര്‍ എന്തുകൊണ്ട് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണറും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവുമായ കുമ്മനം രാജശേഖരന്‍ ചോദിച്ചു. മദ്യനിര്‍മാണ കമ്പനിക്ക് നല്കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എലപ്പുള്ളി പഞ്ചായത്തിന് മുന്നില്‍ നടത്തിവരുന്ന ഉപവാസ സമരത്തിന്റെ പതിനാറാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യ കമ്പനിക്ക് വെള്ളം കൊടുക്കുന്നതിന് വേണ്ടി ഓരോ വാദങ്ങള്‍ നിരത്തുന്ന മന്ത്രി എം.ബി. രാജേഷും കര്‍ഷകന്‍ കൂടിയായ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഇവിടെയുള്ള കര്‍ഷകര്‍ക്ക് പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. പിണറായി സര്‍ക്കാര്‍ വന്‍കിട കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി മദ്യനിര്‍മാണ കമ്പനിക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നിലപാട് തിരുത്തുംവരെ ബിജെപി സമരവുമായി മുന്നോട്ടു പോകുമെന്നും കുമ്മനം പറഞ്ഞു.
മലമ്പുഴ വെള്ളം കുടിവെള്ളത്തിനും കൃഷിക്കും തികയാതിരിക്കുമ്പോഴാണ് മദ്യനിര്‍മാണത്തിന് നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനിര്‍മാണ കമ്പനി വരുന്ന എലപ്പുള്ളി മണ്ണുക്കാട് സന്ദര്‍ശിച്ച കുമ്മനം പ്രദേശവാസികളുടെ ആശങ്ക ചോദിച്ചറിഞ്ഞു. മണ്ണുക്കാട് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ അദ്ദേഹത്തിന് നിവേദനം നല്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ്ബാബു, ജില്ലാ വൈസ് പ്രസി. സി. മധു, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എന്‍. ഷണ്മുഖന്‍, നേതാക്കളായ വി. സന്തോഷ്, വി. ശശി, ശ്രീവത്സന്‍, പ്രഭാകരന്‍, കൃഷ്ണദാസ്, കലാധരന്‍, ജഗദീഷ്, പ്രദീപ്കുമാര്‍, ശരത് എടുപ്പുക്കുളം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക