കോട്ടയം: സർക്കാർ നഴ്സിംഗ് കോളേജിലെ ഹോസ്റ്റലിൽ ആറ് ഒന്നാം വർഷ വിദ്യാർത്ഥികളെ മാസങ്ങളോളം അതിക്രൂരമായി റാഗിംഗിന് വിധേയമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം കുത്തുന്നുമുണ്ട്. വേദനയിൽ വിദ്യാർത്ഥി അലറിക്കരയുമ്പോൾ അക്രമികൾ ചിരിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.
സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. എണ്ണിയെണ്ണിയാണ് കോമ്പസ് ഉപയോഗിച്ച് കുത്തുന്നത്. മുറിവേറ്റ ഭാഗത്ത് ബോഡി ലോഷൻ തേച്ചതോടെയാണ് വിദ്യാർത്ഥി നിലവിളിക്കുന്നത്. പല ദൃശ്യങ്ങളും പുറത്തുപോലും കാണിക്കാൻ പറ്റാത്തത്ര ഭീകരമാണ്. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് മർദ്ദനമുറകൾക്ക് ഇരയാക്കുന്നത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരെ കോടതി റിമാൻഡ് ചെയ്തു.
മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ വീട്ടില്‍ രാഹുല്‍ രാജ് (22), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ റിജില്‍ ജിത്ത് (20), മൂന്നിലവ് വാളകം കരപ്പള്ളി കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവേല്‍ (20), വയനാട് പുല്‍പ്പള്ളി ഞാവലത്ത് വീട്ടില്‍ ജീവ (19), കോരുത്തോട് മടുക്ക നെടുങ്ങാട് വീട്ടില്‍ വിവേക് (21) എന്നിവരാണ് പിടിയിലായത്. ലിബിന്‍, അജിത്, ദിലീപ്, ആദര്‍ശ്, അരുണ്‍, അമല്‍ എന്നിവരെയാണ് റാഗിങ്ങിനു വിധേയരാക്കിയത്. നവംബറില്‍ തുടങ്ങിയ, മൂന്നു മാസം നീണ്ട റാഗിങില്‍ പൊറുതിമുട്ടി ഇതില്‍ മൂന്നു പേരാണ് പരാതി നല്കിയത്.
ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയിരുന്ന പ്രതികള്‍, ഈ മുറിവുകളില്‍ ലോഷന്‍ ഒഴിച്ചിരുന്നു. ലോഷന്‍ വീണ് നീറുമ്പോള്‍ വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ചുപിടിപ്പിച്ച് ആസ്വദിക്കുകയായിരുന്നു ഇവരുടെ രീതി. നഗ്‌നരാക്കി നിര്‍ത്തുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി മദ്യപിക്കാനായി പണം ചോദിച്ചു വാങ്ങിയിരുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഊഴമിട്ടായിരുന്നു പിരിവെടുപ്പ്. ചോദിക്കുന്ന പണം നല്കിയില്ലെങ്കില്‍ മര്‍ദ്ദനവും ഏല്‍ക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക