പത്തനംതിട്ട: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തൊഴിലാളികളുടെ ആരോഗ്യ പരിചരണത്തിനായി കോടികള്‍ ചെലവഴിച്ച് വാങ്ങിയ ആധുനിക രോഗ നിര്‍ണയ ഉപകരണങ്ങള്‍ കൊല്ലം ആശ്രാമത്തുള്ള മേഖല മെഡിക്കല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. രോഗ പരിശോധന കിറ്റുകള്‍ കാലാവധി കഴിഞ്ഞ് നശിച്ചു. ഉപകരണങ്ങള്‍ വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തൊഴിലാളിക്കു പോലും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. തൊഴില്‍വകുപ്പിന് കീഴിലുള്ള ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് കാരണം.
സംസ്ഥാനത്തെ വിവിധ കമ്പനി ജീവനക്കാര്‍ക്കിടയിലുള്ള തൊഴില്‍ജന്യ രോഗങ്ങള്‍ നിര്‍ണയിക്കാനാണ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് സെന്റര്‍ (ഒഎച്ച്ആര്‍സി) എന്ന പേരില്‍ 2016-ല്‍ പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് രോഗ നിര്‍ണയം നടത്താന്‍ ആവശ്യമായ അത്യാധുനിക വിദേശ നിര്‍മിത ഉപകരണങ്ങള്‍ നാലു കോടി ചെലവഴിച്ച് വാങ്ങി കൊല്ലം ആശ്രാമം മെഡിക്കല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ എത്തിച്ചു.
ഇവിടെ എംബിബിഎസ് യോഗ്യതയുള്ള മെഡിക്കല്‍ ജോയിന്റ് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് അക്കൗണ്ടന്റ്, ക്ലര്‍ക്ക്, പ്യൂണ്‍ എന്നീ ജീവനക്കാരുണ്ട്. എന്നാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്ന പാരാമെഡിക്കല്‍ സ്റ്റാഫില്ല. ആകെയുള്ളത് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍ കൊല്ലത്തും മറ്റൊരാള്‍ എറണാകുളത്തുമുണ്ട്. പക്ഷേ ഇവര്‍ക്ക് ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ല. യന്ത്രങ്ങളുടെ കവര്‍ പോലും പൊട്ടിച്ചിട്ടില്ല. അടുത്ത കാലം വരെ ചോര്‍ന്നൊലിക്കുന്ന മുറിയിലായിരുന്നു യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈര്‍പ്പം തടയാന്‍ ടിന്‍ ഷീറ്റ് ഇട്ടതു പോലും ഏറെ താമസിച്ചാണ്.
പരാതിയെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് ഫിനാന്‍സ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയിരുന്നു. ആനയെ വാങ്ങും മുമ്പ് തളയ്‌ക്കാന്‍ ചങ്ങലയും ഇടവും കണ്ടെത്തണമെന്നുള്ള സാമാന്യബുദ്ധി പോലും അധികൃതര്‍ക്ക് ഇല്ലാതെ പോയി എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. ഈ റിപ്പോര്‍ട്ട് വകുപ്പിലെ ചില ഉന്നതര്‍ ചേര്‍ന്ന് തടഞ്ഞു എന്നാണ് ജീവനക്കാരുടെ ആക്ഷേപം.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടറും കൊല്ലത്തുള്ള മെഡിക്കല്‍ ജോയിന്റ് ഡയറക്ടറും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലും മെഡി. ജോ. ഡയറക്ടറെ പങ്കെടുപ്പിക്കാറില്ല, ഇദ്ദേഹത്തിന്റെ അഭിപ്രായം തേടാറില്ല. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ മാത്രമാണ് യോഗങ്ങളില്‍ പങ്കെടുപ്പിക്കുക.
സജിത്ത് പരമേശ്വരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക