പാലക്കാട്: മദ്യനിര്‍മാണശാലയ്‌ക്കെതിരെ എലപ്പുള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും അവതരിപ്പിച്ച പ്രമേയം പാസായി. സിപിഎം അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബിജെപിയും കോണ്‍ഗ്രസും അവതരിപ്പിച്ച പ്രമേയം 14 വോട്ട് വീതം നേടിയാണ് പാസായത്. ഇരു പ്രമേയത്തെയും എട്ടംഗ സിപിഎം അംഗങ്ങള്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷത്തോടെ പാസായി.
സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ കമ്പനി വരുന്നതില്‍ വിയോജിപ്പില്ലെന്നും ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രമേയത്തെ എതിര്‍ത്ത് സിപിഎം അംഗങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 9 അംഗങ്ങളും ബിജെപിയുടെ 5 അംഗങ്ങളും ഇരുപ്രമേയത്തെയും പിന്‍താങ്ങി. ഇരുപാര്‍ട്ടികളും പ്രമേയ അവതരണത്തിനു അനുമതി തേടി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ബിജെപിക്കായി 21-ാം വാര്‍ഡ് അംഗം വി. സന്തോഷ് അവതരിപ്പിച്ച പ്രമേയത്തെ എ. സുബ്രഹ്മണ്യനും കോണ്‍ഗ്രസിന്റെ എട്ടാം വാര്‍ഡ് അംഗം ഡി. രമേശിന്റെ പ്രമേയത്തെ സി. മൂര്‍ത്തിയും പിന്‍താങ്ങി.
മദ്യനിര്‍മാണ കമ്പനി വന്നാല്‍ പ്രദേശത്ത് വലിയ രീതിയില്‍ ജല ചൂഷണം നടക്കുമെന്ന് രണ്ട് പ്രമേയങ്ങളിലും ചൂണ്ടിക്കാട്ടി. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിനെതിരെ ഇക്കഴിഞ്ഞ ജനുവരി 20ന് പഞ്ചായത്തില്‍ അടിയന്തര യോഗം വിളിക്കുകയും ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. അന്ന് ബിജെപിയും കോണ്‍ഗ്രസും ഇതിനെ പിന്തുണച്ചപ്പോള്‍ സിപിഎം അംഗങ്ങള്‍ നിലപാട് പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മദ്യനിര്‍മാണശാല വരുന്നതിനെതിരെ ജനങ്ങള്‍ക്കൊപ്പം നിന്നു സമരം ചെയ്യാനാണ് ഭരണസമിതി തീരുമാനമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതിബാബു പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മദ്യ കമ്പനി വരാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ബിജെപി മെമ്പര്‍മാര്‍ പറഞ്ഞു. പഞ്ചായത്ത് അധ്യക്ഷയ്‌ക്കും ഉപാധ്യക്ഷനുമെതിരെ സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചക്കെടുക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രാവിലെ 10.30നും ഉച്ചയ്‌ക്കു രണ്ടിനുമായാണ് യോഗങ്ങള്‍ നടക്കുക. എന്നാല്‍ അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: