Kerala

സര്‍ക്കാരിന് കനത്ത തിരിച്ചടി; ഡോ. സിസാ തോമസിന് പെന്‍ഷനും കുടിശികയും നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

Published by

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലാ മുന്‍ വിസിയും ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. സിസ തോമസിന്റെ പെന്‍ഷനും കുടിശികയും തടഞ്ഞുവച്ച സര്‍ക്കാരിനു കനത്ത തിരിച്ചടി. ഡോ. സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശികയും രണ്ടാഴ്ചയ്‌ക്കുള്ളില്‍ നല്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് സിസ.

സ്ഥിരം പെന്‍ഷനും മറ്റ് സര്‍വീസ് ആനുകൂല്യങ്ങളും ഇത്രയും നാള്‍ വൈകിപ്പിക്കുന്നതിന്റെ കാരണം കാണിച്ചു മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2022 നവംബറില്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സിസ തോമസ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തതോടെയാണ് വ്യക്തിപരമായ ആക്രമണം തുടങ്ങിയത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി സിസയുടെ നിയമനം ശരിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് സിസയ്‌ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ഹൈക്കോടതി റദ്ദാക്കി. അതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി കോടതി തള്ളി.

2023 ആഗസ്തില്‍ താത്കാലിക പെന്‍ഷന്‍ പാസാക്കി ഉത്തരവ് ഇറക്കിയെങ്കിലും തുക നല്കിയില്ല. ഈ സാഹചര്യത്തിലാണ് സിസ തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്.
തനിക്കെതിരായുള്ള എല്ലാ നടപടികള്‍ക്കും പിന്നില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡീ. സെക്രട്ടറിയായ സി. അജയന്‍ ആണെന്ന് ട്രിബ്യൂണലിലെ ഹര്‍ജിയില്‍ സിസ തോമസ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അജയനെ വ്യക്തിപരമായി കേസില്‍ എതിര്‍കക്ഷിയായി ചേര്‍ത്താണ് ഹര്‍ജി ഫയല്‍ ചെയ്തത്. സി. അജയന് നോട്ടീസ് അയയ്‌ക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക