Main Article

ബജറ്റില്‍ കണ്ടത് ഇരുണ്ട പിണറായിസം

Published by

മൂന്നരക്കോടി മലയാളികള്‍ ശ്രദ്ധിച്ചോ? നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ ഈ കാര്യങ്ങള്‍? മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതുവരെ പറഞ്ഞത്, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, കേന്ദ്രം നമ്മെ കടക്കെണിയില്‍ മുക്കി കൊല്ലുന്നുവെന്നാണ്. അതേ ധനമന്ത്രി തന്നെ പറയുന്നു, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നുവെന്ന്. കടക്കെണിയിലായ ഒരു സംസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാകുമോ? ഒരിക്കലുമില്ല. പിന്നെ എന്തിനാണ് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തിയത്? ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ നിരത്തി ഈ കാര്യങ്ങള്‍ പരിശോധിക്കാം.

വയനാട് നടന്നത് മഹാദുരന്തമാണെന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം എടുത്ത് ദുരന്തബാധിതരെ സഹായിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് ആ നിധിയില്‍ അതിനുള്ള പണമില്ലെന്നാണ്. പിന്നെങ്ങനെയാണ് ബജറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍ 750 കോടി രൂപ അനുവദിക്കും എന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്?

ദുരന്തത്തെ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് എന്ന് ചോദിച്ചാല്‍, അതിന് ഉദാഹരണമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

വയനാട് സംഭവിച്ചത് രാജ്യത്തെ നടുക്കിയ മഹാദുരന്തം ആണെന്നതില്‍ തര്‍ക്കമില്ല. ആ ദുരന്തത്തെയും അതിന് ഇരയാക്കപ്പെട്ടവരെയും എങ്ങനെയാണ് സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടി ഉപയോഗപ്പെടുത്തിയത്. അത് കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ല എന്നു പറഞ്ഞാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായ ശേഷം ഓരോ ഘട്ടത്തിലും കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധത്തിലുള്ള സഹായവും ലഭ്യമായിട്ടുണ്ട്. ഇതിന്റെ രേഖകളും ലഭ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുകയും ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയതും കേരളം കണ്ടതാണ്. ശേഷം കൂടിയ മീറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളോട് പ്രധാനമന്ത്രി പറഞ്ഞത്, സാധ്യമാകുന്ന എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ വയനാട് ദുരന്തബാധിതര്‍ക്ക് കേന്ദ്രം യാതൊന്നും തന്നില്ല എന്നു പറഞ്ഞ് കുപ്രചാരണങ്ങള്‍ തുടങ്ങി.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത് മുഖ്യമന്ത്രി തന്നെയായിരുന്നു. അതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ നേതാവും സംഘവും കളത്തിലിറങ്ങി ആരോപണം കൊഴുപ്പിച്ചു. എന്നാല്‍ വാസ്തവത്തില്‍ സംഭവിച്ചതോ? വയനാട് ദുരന്തം ഘ3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സത്യത്തില്‍ അങ്ങനെ പ്രഖ്യാപിച്ചതിന് പിന്നില്‍ കേരള സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സമരവും പ്രതിഷേധവുമാണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ദുരന്തം സംഭവിച്ചാല്‍ അതുമൂലം എത്രയധികം കെടുതികള്‍ സംഭവിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. സമയബന്ധിതമായി ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് അന്വേഷണം നടത്തി. അവസാനം കേന്ദ്രസഹായം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഘ3 വിഭാഗത്തില്‍പ്പെടുത്തി.

ഇനി രാജ്യത്തെ എല്ലാ എംപിമാര്‍ക്കും 1 കോടി രൂപ വെച്ച് കേരളത്തിന് സഹായം നല്‍കാം. ദുരന്ത പ്രതികരണനിധിയില്‍ നിന്ന് സഹായവും ലഭ്യമാകും. കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങും വയനാട് ദുരന്തബാധിതര്‍ക്കുണ്ടാകും. അന്താരാഷ്‌ട്ര സ്ഥാപനങ്ങളില്‍ നിന്ന് പുനരധിവാസത്തിന് വേണ്ടി ഫണ്ടുകള്‍ സ്വീകരിക്കാം. അങ്ങനെ വയനാട്ടിലെ ദുരന്തബാധിതരുടെ കണ്ണുനീരൊപ്പാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച മനുഷ്യത്വപരമായ ഇടപെടലിനെയാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും മറ്റൊരു രീതിയില്‍ ചിത്രീകരിക്കുന്നത്. പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജനങ്ങളെ പറ്റിച്ച് മുന്നോട്ടുപോകുന്ന ഒരു സര്‍ക്കാരിന് സത്യം പറഞ്ഞ് ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് കനല്‍ ഒരു തരി കെട്ടുപോകാതിരിക്കാനുള്ള അവസാന ശ്രമമാണ്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന വികസനങ്ങളില്‍ എട്ടുകാലി മമ്മൂഞ്ഞ് കളിച്ച് ഇനിയും എത്രനാള്‍ പിടിച്ച് നില്‍ക്കാനാകും പിണറായിസത്തിന്?

(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക