റോം:വനവാസി ജനതയുടെ പൈതൃകം ഇന്നത്തെ വെല്ലുവിളികള്‍ നിറഞ്ഞ ലോകത്തിന് പ്രത്യാശ നല്‍കുന്നതാണന്ന് പോപ്പിന്റെ നിരീക്ഷണം. ‘അവര്‍ പരമ്പരാഗതമായി അവലംബിക്കുന്ന ജീവിതരീതികള്‍ പ്രകൃതിയുമായുള്ള ഇഴുകിപ്പിണയലിലാണ് നിലനില്‍ക്കുന്നത്. അതിനാല്‍, അതിനെ സംരക്ഷിക്കുന്നത് അനിവാര്യമാണ്,’ റോമില്‍ യുഎന്‍ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സംഘടിപ്പിച്ച തദ്ദേശീയ ജനകീയ ഫോറത്തിനുവേണ്ടിയുള്ള സന്ദേശത്തില്‍ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.
ന്യായവും മനുഷ്യകുലത്തിന്റെ ഭാവിയും തമ്മില്‍ ബന്ധിപ്പിക്കപ്പെടുന്ന വിഷയമാണ് വനവാസി ജനതയുടെ അവകാശങ്ങള്‍, എന്ന് പോപ്പ് ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. ‘മനുഷ്യകുടുംബത്തിന്റെ അംഗങ്ങളെന്ന നിലയില്‍, നമുക്കെല്ലാവര്‍ക്കും ഒരു സമതുലിത ഭാവി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ട്.’ പ്രകൃതിയുടെ സൗന്ദര്യത്തോടെയും ശുഭതയോടെയും യോജിച്ച ലോകം വരും തലമുറയ്‌ക്ക് സമ്മാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനവാസി ജനതയുടെ അവകാശങ്ങളും സംസ്‌കാരപരമായ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഫലപ്രദമാകട്ടെയെന്ന് പോപ്പ് ആശംസിച്ചു. ‘അവര്‍ക്കു വേണ്ടിയുള്ള നടപടികള്‍ നേതാക്കള്‍ സ്വീകരിക്കട്ടെ. ആരും അവഗണിക്കപ്പെടരുതെന്നും മറക്കപ്പെടരുതെന്നും ഉറപ്പാക്കേണ്ടത് സര്‍വജനോപകാരത്തിനായി ഒന്നിച്ചു നടക്കുന്നതിനുള്ള വഴിയാകണം,’ പോപ്പ് ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു.
ബഹുരാഷ്‌ട്ര കമ്പനികളും രാഷ്‌ട്രങ്ങളും കാര്‍ഷിക ഭൂമി പിടിച്ചെടുക്കുന്നതോടെ ആദിവാസികളുടെ ജീവിതവും അവകാശങ്ങളും അപകടത്തിലാകുന്നു. മാതൃഭൂമിയുമായി അവര്‍ക്കുള്ള ബന്ധം നഷ്ടപ്പെടുന്നു; തകിടം മറിക്കുന്നത് അവരുടെ സംസ്‌കാരവും ജീവിതരീതികളും തന്നെയാണ്.
‘ഭൂമിയും ജലവും ഭക്ഷണവും വെറും വസ്തുക്കളല്ല; അവ ജീവിതത്തിന്റെ അടിസ്ഥാനം കൂടിയാണ്. പ്രകൃതിയോടുള്ള ആദിവാസികളുടെ ബന്ധത്തിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്,’ മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: