ബ്രസീലിയ: ഡൊണാള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്റായതിനുശേഷം അനധികൃത കുടിയേറ്റക്കാരുടെ ആദ്യസംഘത്തെ വിലങ്ങണിയിച്ചായിരുന്നു ബ്രസീലിലെത്തിച്ചതെന്ന വിവരം പുറത്തുവന്നു. ആദ്യം 88 പേരെയാണ് വെള്ളവും ശൗചാലയസൗകര്യങ്ങളും നല്‍കാതെ യു.എസ്. ഇപ്രകാരം നാടുകടത്തിയത്. ഈ സംഭവത്തിനു ശേഷം യു.എസ്. നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ബ്രസീല്‍ പ്രതിഷേധമറിയിച്ചു. യു.എസില്‍നിന്ന് നാടുകടത്തുന്ന കുടിയേറ്റക്കാര്‍ക്ക് മാനുഷികപരിഗണന ഉറപ്പാക്കാന്‍ പ്രത്യേകസംഘത്തെയും ബ്രസീല്‍ നിയോഗിച്ചു. ഇതേത്തുടര്‍ന്ന് 111 പേര്‍ വരുന്ന രണ്ടാം സംഘത്തെ ലൂയിസിയാനയില്‍നിന്ന് യാത്രാവിമാനത്തിലാണ് വെള്ളിയാഴ്ച ബ്രസീലിലെ ഫോര്‍ട്ടലെസയില്‍ എത്തിച്ചത്. 2017-ല്‍ യു.എസുമായുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് ഒട്ടേറെത്തവണ അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: