തിരുവനന്തപുരം: നൃത്തരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത കഥക് കലാകാരന്‍ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയ്‌ക്ക്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്ക്കുന്ന നിശാഗന്ധി നൃത്തോത്സവ ഉദ്ഘാടനച്ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
വെള്ളിയാഴ്ച (ഫെബ്രുവരി 14) വൈകുന്നേരം 6 ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിലാണ് പരിപാടി. ജയ്പൂര്‍ ഘരാനയില്‍ പരിശീലനം നേടിയ അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്ന കഥക് അവതരണത്തിലെ നൂതന ശൈലിക്ക് പേരുകേട്ട കലാകാരനാണ്.
പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കലാവൈഭവവും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ സാംസ്കാരിക അംബാസഡര്‍ എന്ന നിലയിലുള്ള പങ്കും അംഗീകരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത പ്രതിബദ്ധതയ്‌ക്കുള്ള ഉചിതമായ അംഗീകാരമാണ് നിശാഗന്ധി പുരസ്കാരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ആഗോള ശ്രദ്ധ നേടിയ ഇന്ത്യയിലെ ഏറ്റവും മികച്ച സാംസ്കാരിക പരിപാടികളില്‍ ഒന്നാണ് നിശാഗന്ധി നൃത്തോത്സവം. രാജ്യത്തെ വിവിധ ക്ലാസിക്കല്‍ നൃത്തരൂപങ്ങളിലെ മികച്ച കലാകാരന്‍മാരെ ഒരുമിച്ച് കൊണ്ടുവരാന്‍ നൃത്തോത്സവത്തിലൂടെ സാധ്യമാകും.
രാജ്യത്തെ വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ നൃത്ത പ്രേമികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ള അപൂര്‍വ അവസരം കൂടിയാണിത്. സാംസ്കാരിക വൈവിധ്യങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
14 മുതല്‍ 20 വരെ നടക്കുന്ന പരിപാടിയിലൂടെ തലസ്ഥാനനഗരിയില്‍ ക്ലാസിക്കല്‍ നൃത്തനൃത്യങ്ങളുടെ അലയടികളുയരും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ക്ലാസിക്കല്‍ നൃത്ത രൂപങ്ങളാണ് നൃത്തോത്സവത്തില്‍ അരങ്ങേറുക.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങിയ നൃത്തരംഗങ്ങളിലെ പ്രഗത്ഭര്‍ നൃത്തോത്സവത്തില്‍ അണിനിരക്കും. നിശാഗന്ധി നൃത്തോത്സവത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
വെള്ളിയാഴ്ച വൈകുന്നേരം 6 ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനെ തുടര്‍ന്ന് പാര്‍ശ്വനാഥ് എസ് ഉപാധ്യായാ, ആദിത്യ പി വി എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും. രാത്രി 8.30ന് പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിക്കുന്ന കഥക് അരങ്ങേറും.
ശനിയാഴ്ച (ഫെബ്രുവരി 15) 6.15 ന് ഒഡീസി നര്‍ത്തകരായ ബിദ്യ ദാസ്, ലക്കി പ്രജ്ഞ പ്രതിഷ്ഠിത മൊഹന്തി എന്നിവര്‍ വേദി കയ്യടക്കും. 6.45 ന് അമൃത ലാഹിരിയുടെ കുച്ചിപ്പുടി. 8.00 ന് ഡോ. മേതില്‍ ദേവികയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോടെ രണ്ടാംദിനം സമാപിക്കും.
ഞായറാഴ്ച (ഫെബ്രുവരി 16) വൈകിട്ട് 6.15 ന് സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടത്തോടെ ആരംഭിക്കുന്ന നൃത്തോത്സവത്തില്‍ 6. 45 ന് വിദ്യാ സുബ്രഹ്മണ്യന്‍ ഭരതനാട്യം അവതരിപ്പിക്കും. രാത്രി 8.00 ന് വൈജയന്തി കാശിയുടെയും പ്രതീക്ഷാ കാശിയുടെയും കുച്ചിപ്പുടി.
തിങ്കളാഴ്ച (ഫെബ്രുവരി 17) വൈകിട്ട് 6.15 ന് ലക്ഷ്മി രഘുനാഥിന്റെ കുച്ചുപ്പുടിയും 6.45 ന് ഡോ. ജാനകി രംഗരാജന്റെ ഭരതനാട്യവും അരങ്ങേറും. കഥക് നൃത്ത ജോഡികളായ ഹരിയുടെയും ചേതനയുടെയും പരിപാടി രാത്രി എട്ടിനാണ്.
ചൊവ്വാഴ്ച (ഫെബ്രുവരി 18) വൈകിട്ട് 6.15 ന് അമൃത ജയകൃഷ്ണന്റെ ഭരതനാട്യത്തോടെ നൃത്തോത്സവം ആരംഭിക്കും. തുടര്‍ന്ന് 6. 45 ന് അനിതാ ശര്‍മ്മയുടെ സത്രിയ. രാത്രി എട്ടിന് ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്റെയും സംഘത്തിന്റെയും കുച്ചിപ്പുടി.
ബുധനാഴ്ച (ഫെബ്രുവരി 19) വൈകിട്ട് 6.15 ന് ഐശ്വര്യ മീനാക്ഷിയുടെ കുച്ചിപ്പുടി, 6. 45 ന് സുജാത മൊഹബത്രയുടെ ഒഡീസി, എട്ടിന് മീരാദാസിന്റെയും സംഘത്തിന്റെയും ഒഡീസി, ഒന്‍പതിന് സുനിത വിമലിന്റെ ഭരതനാട്യം എന്നിവയാണ് അരങ്ങേറുക.
സമാപന ദിവസമായ വ്യാഴാഴ്ച (ഫെബ്രുവരി 20) വൈകിട്ട് 6: 15 ന് അര്‍ജുന്‍ സുബ്രഹ്മണ്യന്‍ ഭരതനാട്യം അവതരിപ്പിക്കും. 6. 45 ന് ഡോ.നീന പ്രസാദിന്റെ മോഹിനിയാട്ടം, എട്ടിന് തിങ്കോം ബ്രോജന്‍ കുമാര്‍ സിന്‍ഹയും ഗ്രൂപ്പും അവതരിപ്പിക്കുന്ന മണിപ്പൂരി. ഒമ്പതിന് നടക്കുന്ന പ്രിയാ അക്കോട്ടിന്റെ ഭരതനാട്യത്തോടെ നൃത്തോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക