ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ (76), സമാധി പ്രാപിച്ചു. ശിവഗിരി ശ്രീനാരയണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ് സമാധി. ധര്‍മ്മസംഘം ട്രസ്റ്റ് അംഗങ്ങളില്‍ ഏറ്റവും സീനിയറായിരുന്നു . ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു.
1979 ലാണ് സുഗതന്‍ എന്ന പൂര്‍വനാമം ഉപേക്ഷിച്ചു അന്നത്തെ ധര്‍മ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്റെ സംന്യസ്ത ശിഷ്യപരമ്പരയില്‍ കണ്ണിയായത്. പൂര്‍വാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു.
വിവിധ കാലങ്ങളിലായി ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനങ്ങളായ പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ എന്നീ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു ഗുരുധര്‍മ്മപ്രചരണത്തില്‍ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിലും സ്വാമികള്‍ അംഗമായിരുന്നിട്ടുണ്ട്.
ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹം സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തി.
ശിവഗിരിയില്‍ സ്വാമിയുടെ ഭൗതികശരീരമെത്തിച്ചപ്പോള്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മുന്‍ പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ത്രിരത്നതീര്‍ത്ഥര്‍, സ്വാമി പത്മാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ, സ്വാമി ദേശീകാനന്ദയതി, സ്വാമി വിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാ: കോശി ജോര്‍ജ് വരിഞ്ഞവിള, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വിവിധ തുറകളില്‍പ്പെട്ടവരും ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും കേന്ദ്ര ജില്ലാതല ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. സമാധിയിരുത്തല്‍ ചടങ്ങിന് സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടന്നു. സമാധിയിരുത്തല്‍ ചടങ്ങില്‍ സന്യാസി ശ്രേഷ്ഠര്‍ക്കൊപ്പം ശിവഗിരി മഠത്തിലെ ബ്രഹ്മചാരികള്‍, വൈദികര്‍, അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
നിഷ്കളങ്കനായ സംന്യാസി വര്യന്‍
സച്ചിദാനന്ദ സ്വാമി -പ്രസിഡന്‍റ്,ശിവഗിരി മഠം
ശ്രീനാരായണ ഗുരുദേവന്റെ സംന്യസ്തശിഷ്യപ്രശിഷ്യ പരമ്പരയില്‍ ഒരു സംന്യാസി കൂടി സമാധിയെ പ്രാപിച്ചിരിക്കുന്നു. ശ്രീനാരായണ ധര്‍മ്മസംഘത്തിലെ ഒരു മുതിര്‍ന്ന സന്യാസിയായിരുന്നു ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍. ശിവഗിരി മഠത്തിന്റെയും ശാഖാ സ്ഥാപനങ്ങളുടെയും പുരോഗതിക്കുവേണ്ടി ത്യാഗനിര്‍ഭതമായി പ്രവര്‍ത്തിച്ച സംന്യാസി വര്യനാണ് വിദ്യാനന്ദ സ്വാമി. സ്വാമികളുടെ ജന്മദേശം പത്തനംതിട്ട ജില്ലയിലെ ഇലന്തൂരായിരുന്നു. സരസഭവി മുല്ലൂര്‍ പത്മനാഭപ്പണിക്കരുടെ കുടുംബവുമായി ബന്ധമുണ്ട്. അച്ഛന്‍ എ.കെ. നാണുവും അമ്മ സുമതിയുമായിരുന്നു. 1949 ലായിരുന്നു ജനനം. ആനന്ദനും സുലോചനയുമായിരുന്നു സഹോദരങ്ങള്‍. ആ കുടുംബം മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് കുടിയേറി പാര്‍ത്തു. അവിടെനിന്നാണ് സുഗതന്‍ ശിവഗിരിയില്‍ എത്തിയത്. ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച മതമഹാപാഠശാലയുടെ ആദ്യ ബാച്ചില്‍പ്പെട്ട ബ്രഹ്മചാരിയായിട്ടാണ് അദ്ദേഹം ശിവഗിരി മഠവുമായി ബന്ധം സ്ഥാപിച്ച് തുടങ്ങിയത്. 1970 ജനുവരി മാസം 28-ാം തീയതി ശിവഗിരി മഠാധിപതിയായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികള്‍ വിദ്യാലയത്തിന്റെ മുഖ്യ ആചാര്യനായിരുന്ന പ്രൊഫ. എം.എച്ച്.ശാസ്ത്രികള്‍ക്ക് ആത്മോപദേശത്തിലെ ആദ്യമന്ത്രം ഉപദേശിച്ചു കൊടുത്തു.വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. എം.എച്ച്. ശാസ്ത്രികള്‍ ആത്മോപദേശശതകത്തിലെ ആദ്യ ശ്ലോകം ബ്രഹ്മചാരികള്‍ക്കായി ഉപദേശിച്ചു കൊടുത്തു. ആദ്യ ഉപദേശം സ്വീകരിച്ച അഞ്ചുപേരില്‍ ഒരാളായിരുന്നു ബ്രഹ്മചാരി സുഗതന്‍. ഈ സുഗതനാണ് സ്വാമി വിദ്യാനന്ദ എന്ന പേരില്‍ സംന്യാസ ദീക്ഷ സ്വീകരിച്ച് ഗുരുദേവ ശിഷ്യ പരമ്പരയില്‍ അംഗമായി ചേര്‍ന്നത്. ഗുരുദേവന്റെ മഹാ സങ്കല്പ പ്രകാരം സ്ഥാപിതമായ മതമഹാപാഠശാലയില്‍ ആദ്യ ബാച്ചില്‍പ്പെട്ട ഒരു ബ്രഹ്മചാരിയായിത്തീരുവാന്‍ ഭാഗ്യം ലഭിച്ച സുകൃതിയാണ് വിദ്യാനന്ദ സ്വാമികള്‍.
ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ വെളിച്ചത്തില്‍ വേദാന്തകൃതികളും സംസ്കൃതഭാഷയും ദര്‍ശനങ്ങളും അധ്യയനം ചെയ്യണമായിരുന്നു. പ്രശസ്ത പണ്ഡിതനായിരുന്ന പ്രൊഫ. കെ. ബാലരാമപണിക്കരായിരുന്നു പാഠ്യപദ്ധതി തയ്യാറാക്കിയത്. അദ്ദേഹത്തെ തുടര്‍ന്ന് മുഖ്യാചാര്യനായി നിശ്ചയിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അത് സാധിതമായില്ല. മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രികള്‍ക്കാണ് ആ മഹാഭാഗ്യം കൈവന്നത്. ശാസ്തികളുടെ കീഴില്‍ സുഗതന്‍ മേല്‍പ്പറഞ്ഞ ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു തുടങ്ങി. പഠനത്തില്‍ മിടുക്കന്‍ ആയിരുന്നു സുഗതന്‍. പഠനത്തോടൊപ്പം ശിവഗിരി മഠത്തിലെ ത്യാഗനിര്‍ഭരമായ സേവനവും ചെയ്യണമായിരുന്നു. മഠത്തിന്റെ ഭരണകാര്യങ്ങള്‍ സന്യാസിമാര്‍ നിര്‍വഹിക്കുമ്പോള്‍ മഠത്തിന്റെ ആഭ്യന്തരമായ ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരുന്നത് ബ്രഹ്മചാരികളായിരുന്നു. മഹാസമാധിമന്ദിരം, ശാരദാമഠം എന്നിവിടങ്ങളിലെ പൂജ, ശുചീകരണം, ഊട്ടുപുരയില്‍ ഭക്ഷണം പാകം ചെയ്യല്‍, ഗുരുപൂജ ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഗുരുപൂജാ പ്രസാദം വിളമ്പിക്കൊടുക്കല്‍, ഓഫീസ് ജോലികളില്‍ സഹായിക്കല്‍, പച്ചക്കറി, പൂന്തോട്ടം എന്നിവ നിര്‍മ്മിക്കല്‍ എന്നിവയെല്ലാം ബ്രഹ്മചാരികള്‍ നിര്‍വഹിക്കണമായിരുന്നു. ശിവഗിരി മഹാസമാധിമന്ദിരം നിര്‍വഹിച്ച മഹാനായ എം.പി മൂത്തേടം ബ്രഹ്മ വിദ്യാലയത്തിന്റെ നടത്തിപ്പില്‍ ശ്രദ്ധാലുവായിരുന്നു. മൂത്തേടത്തിന്റെ മുഴുവന്‍ സ്നേഹ വാത്സല്യങ്ങള്‍ക്കും സുഗതന്‍ പാത്രഭൂതനായി. ഗുരുദേവന്റെ നേര്‍ശിഷ്യന്മാരായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദസ്വാമികള്‍, പൂര്‍ണ്ണാനന്ദ സ്വാമികള്‍, കുമാരാനന്ദ സ്വാമികള്‍, മാധവാനന്ദ സ്വാമികള്‍ എന്നിവരുടെ അനുഗ്രഹത്തോടെ അവരോടൊപ്പം ജീവിക്കുവാന്‍ സുഗതന് ഭാഗ്യം ലഭിച്ചു. സുഗതനോട് മൂത്തേടത്ത് പ്രത്യേകമായ സ്നേഹ വാത്സല്യം വെച്ച്പുലര്‍ത്തിയിരുന്നു. കാരണം സുഗതന്‍ നല്ല ഈണത്തില്‍ ഗുരുദേവകൃതികള്‍ ആലാപനം ചെയ്തിരുന്നു, മാത്രമല്ല ഗുരുദേവകൃതികള്‍ ആലപിക്കുന്നതിനും വ്യാഖ്യാനിച്ചു പറയുന്നതിനും പ്രസംഗിക്കുന്നതിനും പ്രാവീണ്യം ഉള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. പലപ്പോഴും അത് വാങ്ങുവാനുള്ള സൗഭാഗ്യം സുഗതന് ലഭിച്ചിരുന്നു.
1977-ല്‍ ബ്രഹ്മവിദ്യാലയത്തിലെ ആദ്യ കോഴ്സ്പൂര്‍ത്തിയായപ്പോള്‍ സുഗതന്‍ സംന്യാസദീക്ഷ സ്വീകരിച്ചു. അന്നു ധര്‍മ്മസംഘം പ്രസിഡന്‍റ് ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികള്‍ ആയിരുന്നു. അന്ന് സംന്യാസം സ്വീകരിച്ച മറ്റു ബ്രഹ്മചാരികള്‍ ശശിധരന്‍ (ശാശ്വതികാനന്ദ സ്വാമികള്‍), സുധാകരന്‍ (സുധാനന്ദ സ്വാമി), പുരുഷോത്തമന്‍ (അമൃതാനന്ദ സ്വാമി) എന്നിവരായിരുന്നു. പിന്നീട് വിശുദ്ധാനന്ദ സ്വാമിയും ആ സംഘത്തില്‍ ചേര്‍ന്നു. അങ്ങനെയാണ് ധര്‍മ്മസംഘത്തില്‍ ബ്രഹ്മവിദ്യാലയത്തില്‍ പഠിച്ച് സംന്യാസം സംന്യാസിമാരുടെ അംഗത്വത്തിന്റെ ആരംഭം. ബ്രഹ്മശ്രീ ശീതാനന്ദ സ്വാമികള്‍ പ്രസിഡന്‍റും പ്രകാശാനന്ദ സ്വാമികള്‍ ജനറല്‍ സെക്രട്ടറിയുമായി ധര്‍മ്മസംഘത്തിന്റെ സാരഥ്യം വഹിച്ച കാലത്ത് 1979 ല്‍ യുവ സംന്യാസിമാര്‍ക്ക് ധര്‍മ്മസംഘത്തില്‍ അംഗത്വം ലഭിച്ചു. തുടര്‍ന്ന് ഓരോ സംന്യാസിമാരും ഓരോ സ്ഥാപനങ്ങളുടെ ചുമതലകള്‍ ഏറ്റെടുത്തു. ധര്‍മ്മ സംഘത്തിന്റെ ശാഖാ സ്ഥാപനങ്ങളായ മധുര ശാന്തലിംഗസ്വാമി മഠം, തൃശ്ശൂര്‍ കുറിച്ചിക്കര ശ്രീനാരായണ സേവാമന്ദിരം, അരുവിപ്പുറം മഠം, കൊറ്റനല്ലൂര്‍ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയം, ചേര്‍ത്തല വിശ്വഗാജീ മഠം തുടങ്ങിയ സ്ഥാപനങ്ങളില്‍ വിദ്യാനന്ദ സ്വാമികള്‍ ആശ്രമം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഈ സ്ഥാപനങ്ങളോരോന്നും വളര്‍ത്തിക്കൊണ്ടുവരുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഏറെ ശ്രദ്ധാലുമായിരുന്നു വിദ്യാനന്ദ സ്വാമികള്‍. ആരെയും പെട്ടെന്ന് പരിചയപ്പെടുവാനും അവരുടെയെല്ലാം സ്നേഹാദരങ്ങള്‍ പിടിച്ചു വാങ്ങാനും അനായാസേന അദ്ദേഹത്തിന് സാധിച്ചിരുന്നു. ഗുരുദേവ കൃതികള്‍ നല്ല സാധകം ചെയ്തിരുന്നതിനാല്‍ നല്ലവണ്ണം ആലാപനം ചെയ്യുവാനും ഓരോ ശാഖ സ്ഥാപനങ്ങളിലും ഒരു സംഘം പഠിതാക്കളെ വാര്‍ത്തെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഗുരുദേവകൃതികള്‍ പ്രചരിപ്പിക്കുന്നതിനും കൃതികളെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതിന് സ്വാമികള്‍ക്ക് നല്ല പ്രാവീണ്യമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം നിരന്തരം കര്‍മ്മോത്സുകനായി ജനകീയ സംന്യാസിയായി മാറി. സ്വാമികള്‍ ഏവരുടെയും സ്നേഹമസുണമായ പെരുമാറ്റത്തിന് പാത്രീഭൂതനായിരുന്നു. ലോലഹൃദയനായ സ്വാമി ഏവരെയും പൂര്‍ണ്ണ മനസ്സാടേെ വിശ്വസിച്ചിരുന്നു. അതുമൂലം സ്വാമി വളരെ എളുപ്പത്തില്‍ പലരാലും വഞ്ചിക്കപ്പെട്ടിരുന്നു. പലപ്പോഴും വലിയ സാമ്പത്തിക ബാധ്യതയ്‌ക്ക് വഴിപ്പെടുകയും ചെയ്തിട്ടുണ്ട്. പലരുടെയും സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി സ്വാമി വായ്പയായും മറ്റു സഹായഹസ്തം നീട്ടി പക്ഷേ അവരുടെ തിരിച്ചുള്ള പ്രതികരണം ആശാവഹമായിരുന്നില്ല.ഗുരുദേവ കൃതികള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമികള്‍ അദ്വൈത മ്യൂസിക് എന്ന സംഘടന ഉണ്ടാക്കി. ആ സംഘടനയുമായി കേരളത്തിന്റെ പല ഭാഗത്തും സഞ്ചരിച്ച് ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണം നടത്തിയിട്ടുണ്ട്. ഗുരുദേവ കൃതികളിലെ ജനനീ നവരത്നമഞ്ചരി, നിത്യനിതാന്ത ചൈതന്യമേ…… എന്നിവ സ്വാമികളുടെ മാസ്റ്റര്‍ പീസായിരുന്നു. സ്വാമികളില്‍ നിന്നും ഈ കീര്‍ത്തനങ്ങള്‍ ചൊല്ലി കേള്‍ക്കുവാന്‍ ഭക്തജനങ്ങള്‍ കാത്തു നില്‍ക്കുമായിരുന്നു. ഈ സംഗീതാവിഷ്കരണവും നടത്തിയിരുന്നത് ഫലോച്ഛ കാഠക്ഷിച്ചുകൊണ്ടായിരുന്നില്ല. ഓരോ പരിപാടിയും കഴിയുമ്പോള്‍ ബാധ്യതയായിരിക്കും മിച്ചം. സ്വാമി അതിലും ഒരു പരിഭവം കൂടാതെ പിന്നെയും മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു.
ഗുരുദേവ സന്ദേശ പ്രചരണാര്‍ത്ഥം സ്വാമികള്‍ ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. വീട് വിടാന്തരം സഞ്ചരിച്ച് പ്രാര്‍ത്ഥനകളും സത്സംഗങ്ങളും നടത്തിയിരുന്നു. സ്വാമികളുടെ സതീര്‍ത്ഥ്യനായിരുന്ന ശാശ്വതീകാനന്ദ സ്വാമികള്‍ ശിവഗിരി മഠത്തിന്റെ ഭരണം നയിക്കുമ്പോള്‍ വിദ്യാനന്ദ സ്വാമികള്‍ സ്വാമിയോടൊപ്പം അടിയുറച്ചു നിന്നു പ്രവര്‍ത്തിച്ചു. ശാശ്വതികാനന്ദ സ്വാമികളുടെ പ്രവര്‍ത്തന പദ്ധതിയില്‍ വിദ്യാനന്ദ സ്വാമിയും ഭാഗമായി. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡില്‍ സ്വാമി പലപ്പോഴും ബോര്‍ഡംഗമായിരുന്നു. ശാശ്വതീകാനന്ദ സ്വാമികളുടെ ഉറച്ച അനുയായി നിന്നുകൊണ്ട് വിദ്യാനന്ദ സ്വാമികള്‍ ത്യാഗനിര്‍ഭരതയോടെ പ്രവര്‍ത്തിച്ചു ഗുരുദേവ സന്ദേശ പ്രചരണാര്‍ത്ഥം കേരളത്തില്‍ നാനാഭാഗങ്ങളിലും ഇന്ത്യയുടെ നാനാഭാഗങ്ങളിലും പ്രത്യേകിച്ച് ബോംബെ, കല്‍ക്കട്ട, ഡല്‍ഹി, ഇന്ത്യയുടെ വെളിയില്‍ ഗള്‍ഫ് രാജ്യങ്ങളിലും ഒക്കെയായി സ്വാമി സഞ്ചരിച്ച് പ്രവര്‍ത്തിച്ചു. പലയിടങ്ങളിലെ ഗുരു മന്ദിരങ്ങളില്‍ സ്വാമികള്‍ ഗുരുപ്രതിഷ്ഠകള്‍ നടത്തിയിരുന്നു. അതുപോലെ നൂറുകണക്കിനു കണക്കിന് ഗുരു ഭക്തരുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. മരണവീടുകളില്‍ സാമികള്‍ അനായാസേന കടന്നു ചെന്ന് പരേതാത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുമായിരുന്നു. സ്വാമി ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. സ്വാമികളുടെ ജനകീയമുഖം ഭക്തന്മാരുടെയും അനുയായികളെയും സൃഷ്ടിച്ചു.
സ്വാമികള്‍ കോട്ടയത്തിന് അടുത്തുള്ള വെണ്ണിമലയില്‍ ഒരു ശ്രീനാരായണമഠം സ്ഥാപിച്ചു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അത് നിലനിര്‍ത്തുവാന്‍ സ്വാമിക്ക് സാധിച്ചില്ല. സ്വാമികളുടെ ആത്മചൈതന്യം ഗുരുദേവനില്‍ ലയിക്കുമാറാകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: