Cricket

ഇന്ത്യയ്‌ക്ക് ജയം, ഏകദിന പരമ്പര: സെഞ്ചറി തിളക്കവുമായി രോഹിത് ശര്‍മ്മ (119)

Published by

കട്ടക്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം.

ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 44.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ്.

സെഞ്ചറിയുമായി നായകൻ രോഹിത് ശർമ്മ (119) മുന്നിൽ നിന്ന് നയിച്ചു. 76 പന്തുകളിൽ നിന്നാണ് രോഹിത് രാജ്യാന്തര കരിയറിലെ 49–ാം സെഞ്ചറി സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ 32–ാം സെഞ്ചറിയുമാണിത്. 90 പന്തിൽ 119 റൺസെടുത്താണ് രോഹിത് പുറത്തായത്. 10 ബൗണ്ടറികളും 7 സിക്സറും ഉൾപ്പെടുന്ന ഇന്നിംഗ്സ്. ലിയാം ലിവിങ്സ്റ്റന്റെ 30-ാം ഓവറിലെ നാലാം പന്തിൽ രോഹിത്തിനെ ആദിൽ റഷീദ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെ രോഹിത് മറികടന്നു. 335 സിക്സുകളാണ് ഏകദിന മത്സരങ്ങളിൽ നിന്നു രോഹിത് ഇതുവരെ നേടിയിട്ടുള്ളത്.

ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. 52 പന്തിൽ നിന്ന് 60 റൺസ് നേടി. ഗില്ലിനെ ജാമി ഓവർടൺ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു.ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ രോഹിത്തും ഗില്ലും ചേർന്ന് 16.4 ഓവറിൽ 136 റൺസാണ് അടിച്ചെടുത്തത്.

5 റൺസ് നേടിയ വിരാട് കോഹ്‌ലി പുറത്തായി. അദിൽ റഷീദിന്റെ പന്തിൽ ഫിൽ സോൾട്ട് സ്ലിപ്പ്ൽ പിടിച്ചു.

മികച്ച ഫോമിൽ കളിച്ച ശ്രേയസ് അയ്യർ 44 റൺസിൽ റൺഔട്ടായി.

കെ. എൽ. രാഹുലും ഹാർദിക് പാണ്ഡ്യയും 10 റൺസ് വീതം നേടി പുറത്തായി.

43 പന്തിൽ 41 റൺസുമായി അക്സർ പട്ടേലും ഏഴു പന്തിൽ 11 റൺസുമായി രവീന്ദ്ര ജദേജയും പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ജെയ്മി ഓവർട്ടൻ രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഗസ് അറ്റ്കിൻസൻ, ആദിൽ റാഷിദ്, ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് മികച്ച തുടക്കമാണ് നേടിയതെങ്കിലും മധ്യനിര തകരാറിലായതോടെ വലിയ സ്‌കോറിലേക്ക് മുന്നേറാനായില്ല. ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കം നല്‍കിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് ആരംഭിച്ചത്. 81 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് സാള്‍ട്ടിനെ (26, 29 പന്ത്) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി.

ബെന്‍ ഡക്കറ്റ് (65, 56 പന്ത്, 10 ഫോര്‍) മികച്ച ഇന്നിങ്‌സ് കളിച്ചെങ്കിലും ജഡേജയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേയ്‌ക്ക് ക്യാച്ച് നല്‍കിയതോടെ ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടു. ഹാരി ബ്രൂക്കും (31, 52 പന്ത്) ജോ റൂട്ടിനൊപ്പം 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹര്‍ഷിത് റാണ ബ്രൂക്കിനെ പുറത്താക്കിയപ്പോള്‍, ജോസ് ബട്‌ലറും (34, 35 പന്ത്) റൂട്ടിനൊപ്പം അര്‍ദ്ധ ശതക കൂട്ടുകെട്ട് നേടി.

ജോ റൂട്ട് (69, 72 പന്ത്, 6 ഫോര്‍) സ്റ്റഡിയത്തില്‍ കരുത്തു തെളിയിച്ചെങ്കിലും മറ്റു താരങ്ങള്‍ പിടിച്ചുനില്ക്കാനായില്ല. ജാമി ഓവേര്‍ട്ടണ്‍ (6), ഗസ് അറ്റ്കിന്‍സണ്‍ (3), ആദില്‍ റാഷിദ് (14) എന്നിവര്‍ വേഗം പുറത്തായി. ലിയാം ലിവിങ്സ്റ്റണ്‍ (41, 32 പന്ത്, 2 ഫോര്‍, 2 സിക്‌സ്) ഏതാനും പ്രതിരോധം നടത്തിയെങ്കിലും ശ്രേയസ് അയ്യരുടെ നേരിട്ട റണ്‍ഔട്ടില്‍ പുറത്തായി.

അവസാന ആറ് വിക്കറ്റുകള്‍ 56 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്താണ് ഇംഗ്ലണ്ട് തകര്‍ന്നത്.
ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ (100353) മികച്ച സ്‌പെല്‍ എറിഞ്ഞു.

ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ 4 വിക്കറ്റിന് നേടിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cricket