ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഔട്ടര്‍ റിങ് റോഡ് സന്ധിക്കുന്ന കണ്ണായ സ്ഥലത്ത് അമ്പാടി ഫ്‌ലവര്‍ മാര്‍ട്ട് നടത്തുന്ന ശ്രീരാഗ് വിദ്യാനന്ദന്‍ താമരമാല കെട്ടുന്നതു കണ്ടുകൊണ്ടിരിക്കാന്‍ ഒരു പ്രത്യേക കൗതുകമാണ്!
ആദ്യം പ്ലാസ്റ്റിക് കുപ്പിയില്‍നിന്നു സ്വര്‍ണ നിറമുള്ളൊരു മുത്തെടുത്തു അറ്റം കുടുക്കിയ നൈലോണ്‍ നൂലില്‍ കൊരുക്കുന്നു. തുടര്‍ന്നു ഒരു ചെന്താമര മൊട്ടെടുത്തു അതിന്റെ അടിവശത്തുകൂടെ സൂചി പ്രവേശിപ്പിച്ചു പുഷ്പത്തെ ഏറെ സൂക്ഷ്മതയില്‍ നൂലിന്റെ അറ്റം വരെ നീക്കുന്നു. ഇതുപോലെ 17 എണ്ണം കൂടി കോര്‍ത്താല്‍ മാലയുടെ ഒരു വശമായി. മറു വശത്തേക്കു വേണ്ടി 18 മൊട്ടുകള്‍ കൂടി മറ്റൊരു നൂല്‍ കഷണത്തില്‍ കൊരുത്തെടുത്താല്‍ ഒരു വിവാഹമാലയുടെ പ്രാഥമികമായ പണി കഴിഞ്ഞു.
തയ്യാറാക്കിയ രണ്ടു വശങ്ങളെയും യോജിപ്പിക്കേണ്ട താഴ്ഭാഗത്ത് മുത്തുഞെട്ടുകളുള്ള മൂന്നു മൊട്ടുകള്‍ കൊണ്ടൊരു കുഞ്ചലവും, 15 പൂക്കളുടെ ഒരു പൂച്ചെണ്ടും ചേരുമ്പോള്‍, 54 പൂക്കളാല്‍ വധൂവരന്മാരില്‍ ഒരാള്‍ക്കുള്ള സാധനങ്ങളായി. സമാനമായി മറ്റൊരു ജോഡികൂടി കെട്ടിയെടുത്താല്‍, 108 താമരപ്പൂക്കള്‍ ഉപയോഗിച്ചു ഒരു വിവാഹത്തിനുള്ള രണ്ടു മാലകളും രണ്ടു പൂച്ചെണ്ടുകളും ശ്രീരാഗ് ഒരുക്കിക്കഴിയും!
”ഒരു മാലയില്‍ ഉപയോഗപ്പെടുത്തേണ്ടത് എത്ര പൂക്കളാണെന്ന കാര്യം, വൈവാഹിക കാര്യങ്ങളിലുള്ള ചില കീഴ്‌വഴക്കങ്ങള്‍ മാനിച്ചുകൊണ്ടു, മധൂവരന്മാരുടെ മുതിര്‍ന്ന ബന്ധുക്കള്‍ ഞങ്ങള്‍ക്കു നല്‍കുന്ന നിര്‍ദ്ദേശമാണ്,” ശ്രീരാഗ് വ്യക്തമാക്കി.
കുഞ്ചലം മനോഹരമായ പൊടിപ്പുകളാല്‍ നിര്‍മിച്ചു, മാലയില്‍ മാത്രം 52 ചെന്താരപ്പൂക്കള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ടെന്നു ശ്രീരാഗ് പറയുന്നു.
”പൂക്കളുടെ മേല്‍ഭാഗം മേലോട്ടാക്കികൊണ്ടു താമര കോര്‍ക്കണമെന്നും, കുഞ്ചലം മൂന്നു വലിയ പൂമൊട്ടുകള്‍, മേല്‍ഭാഗം കീഴോട്ടാക്കിയും കെട്ടുന്നതാണ് ഇഷ്ടമെന്നും ചിലര്‍ സൂചിപ്പിക്കാറുണ്ട്,” മാലകെട്ടു കലാകാരന്‍ ഓര്‍ക്കുന്നു.
ചുവന്ന റോസും ചെന്താമരയും ഒന്നിടവിട്ടു കോര്‍ക്കണമെന്നു ഇടയ്‌ക്കെത്തുന്ന ചിലര്‍ ആവശ്യപ്പടാറുണ്ടെന്നും ശ്രീരാഗ് കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ സംസ്‌കൃതിയനുസരിച്ചു, പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ത്യാഗശീലത്തിന്റെയുമെല്ലാം പ്രതീകമാണു ചുവപ്പു നിറമുള്ള പനിനീര്‍പ്പൂ. അടുപ്പം, ഉപാസന, ആത്മാര്‍ത്ഥത മുതലായ മൃദുല വികാരങ്ങള്‍ക്കൊന്നും വന്‍കരകള്‍ അതിര്‍ത്തിരേഖകള്‍ വരയ്‌ക്കുന്നില്ലല്ലൊ.
ശുദ്ധ ജലത്തിലും ശുദ്ധ വായുവിലും മാത്രം തഴച്ചു വളരുന്ന താമരയുടെ ദളങ്ങള്‍ വളരെ മൃദുവായതിനാല്‍ മാല നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതീവ ശ്രദ്ധ നിര്‍ബന്ധമാണ്. തലേന്നു രാത്രി തയ്യാറാക്കുന്ന താമരമാലകളും താമരപൂച്ചെണ്ടുകളും പിറ്റേന്നു മധൂവരന്മാര്‍ അണിഞ്ഞു ചടങ്ങുകളിലെല്ലാം പങ്കെടുക്കുമ്പോഴും വാടാതെ, നിറം മങ്ങാതെ, ലോലമായ ദളങ്ങള്‍ക്കു പോറലേല്‍ക്കാതെ നിലകൊള്ളണം.
”ഞങ്ങളുടെ ഏറ്റവും വലിയ പിരിമുറുക്കം പൂക്കളെ ഫ്രഷായി എങ്ങനെ നിലനിര്‍ത്താമെന്ന കാര്യത്തിലാണ്. ഫ്‌ലവര്‍ മാര്‍ട്ടില്‍ വന്നു സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നവരോടു ഇക്കാര്യം പ്രത്യേകം പറയാറുണ്ട്” കടയിലെത്തുന്നവരോടു പതിവായി ഇടപെടുന്ന സന്ദീപ് മനയില്‍ വെളിപ്പെടുത്തി.
ഒരു നാടന്‍ താമരപ്പൂവിനു അമ്പതു ദളങ്ങള്‍ വരെയുണ്ടാകാം. മൊട്ടുകളുടെ പുറംഭാഗത്തുള്ള, പച്ച നിറം അല്‍പം കലര്‍ന്ന കുറേ പാളികള്‍ അടര്‍ത്തിക്കളഞ്ഞതിനു ശേഷം, ശരിക്കുമൊരു ചെങ്കമലത്തിന്റെ ബാഹ്യരൂപത്തിലേക്കു മാറിയ അവസ്ഥയിലാണ് അവയെ മാല കെട്ടാനുപയോഗിക്കുന്നത്. കട്ടി കൂടുതലുള്ള പുറത്തെ ദളങ്ങളുടെ അഭാവത്തില്‍ മൊട്ടുകള്‍ ഇത്തിരി വിരിഞ്ഞ പോലെയിരിക്കും. അതിനാല്‍ മാലയില്‍ കാണുന്ന ജലപുഷ്പങ്ങളെ മൊട്ടെന്നോ പൂവെന്നോ വിളിക്കാം.
”വരനും വധുവും വിവാഹത്തിനു മുമ്പുള്ള ഒരു ദിവസം ഷോപ്പിലെത്തി ചര്‍ച്ച ചെയ്തു അവര്‍ക്കിഷ്ടമുള്ള തരം മാലകള്‍ക്ക് ഓര്‍ഡര്‍ തരുന്ന പതിവുമുണ്ട്,” ശ്രീരാഗ് വിവരങ്ങള്‍ പങ്കുവച്ചു. ”അവര്‍ക്കതൊരു പ്രീമേരേജ് ഔട്ടിങ്ങും, ഈറ്റ് ഔട്ടും, ക്ഷേത്രദര്‍ശനവും കൂടിയാണ്.”
താമരമാലകളും താമരമൊട്ടുകളും വലിയ തരം ബൊക്കെകളും, വിവിധയിനം പൂക്കളും മൊത്തമായും ചില്ലറയായും വില്‍പന നടത്തുന്ന സ്ഥാപനത്തില്‍ ശ്രീരാഗിനൊപ്പമുള്ള സഹകാരികള്‍ സന്ദീപ് മനയിലും ഷിജിത്ത് ടി.കെ-യുമാണ്.
സാങ്കേതിക മേന്മ കൂടുതല്‍ ആവശ്യമുള്ളൊരു കരകൗശലമാണ് പൂച്ചെണ്ടുകളുടെ സ്ട്രച്ചര്‍ നിര്‍മാണം. ലോലമായ പുഷ്പങ്ങളെ ഒതുക്കിച്ചുമന്നു നിര്‍ത്താനുള്ള ചെറുകൂടയും, താഴെ അതിനു യോജിക്കുന്നൊരു പിടിയുമാണ് ഒരു ബൊക്കെയുടെ പ്രധാന ഘടന. കുറെ കെട്ടുകളും തുന്നുകളും വേറെയുമുണ്ട്. തിരക്കുള്ള സമയങ്ങളില്‍ സിന്തറ്റിക്ക് നിര്‍മിതമായ റെഡിമെയ്ഡ് ഫ്രെയ്മുമുകളും ഉപയോഗിക്കാറുണ്ട്.
വിവാഹ വാഹനങ്ങള്‍ പൂക്കളെക്കൊണ്ടു അലങ്കരിക്കുന്നത് സന്ദീപാണ്. വാഹനങ്ങള്‍ക്കു പ്രവേശനമുള്ള ഔട്ടര്‍ റിംങ് റോഡിലാണ് അമ്പാടിയുടെ ലൊക്കേഷന്‍ എന്നതിനാല്‍, ചമയം ആവശ്യമുള്ള വണ്ടികളുമായി ബന്ധപ്പെട്ടവര്‍ക്കു കടയുടെ അടുത്തു വരെ എത്താം. സ്വാഭാവികമായും സന്ദീപിനു ജനസമ്പര്‍ക്കം വര്‍ദ്ധിച്ചു. ഇക്കാരണത്താല്‍ ഗുരുവായൂരിലെ പ്രശസ്ത പൂ ഉല്‍പ്പന്ന സ്ഥാപനമായ അമ്പാടിയെ പലരും വിളിക്കുന്നതു സന്ദീപിന്റെ കടയെന്നുമാണ്.
ഇന്ദീവര ഹാരങ്ങള്‍ വിവാഹങ്ങള്‍ക്കു ഉപയോഗിക്കുന്ന സമ്പ്രദായം ഇന്ത്യയിലുടനീളം നിലവിലുണ്ടെങ്കിലും, കോര്‍ക്കേണ്ട പൂക്കളുടെ എണ്ണത്തിലും കെട്ടു രീതിയിലും ലഘുവായ വ്യത്യാസങ്ങളുണ്ടെന്നു ശ്രീരാഗ് വിശദീകരിച്ചു. എന്നിരുന്നാലും, ഔഷധ-ഭക്ഷ്യ ഗുണങ്ങള്‍ ഏറെയുള്ള നമ്മുടെ ദേശീയ പുഷ്പത്തിന്റെ പൗരാണികവും, സാംസ്‌കാരികവും, ചരിത്രപരവും, സൗന്ദര്യശാസ്ത്രപരവുമായ പ്രത്യേകതകളില്‍ മാറ്റമൊന്നുമില്ലല്ലോയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
സീസണ്‍ അനുസരിച്ചു താമരയുടെ വില വ്യത്യാസപ്പെടുന്നു. ഒരു മൊട്ടിനു പത്തു രൂപ മുതല്‍ മുപ്പതു രൂപ വരെ വില വരും. അമ്പാടിയില്‍ നിന്നു നിവേദ്യ വില്‍പ്പനക്കാര്‍ കൂടുതല്‍ എണ്ണം വാങ്ങിക്കൊണ്ടു പോകുമ്പോള്‍ അവര്‍ക്കു ചെറിയ വിലക്കിഴിവ് ലഭിയ്‌ക്കും.
”ഒരു ദിവസം പത്തു മാലകള്‍ക്കെങ്കിലും ഓഡര്‍ ഉണ്ടാകും. ചില ദിവസങ്ങളില്‍ അതിലധികവും ഏറ്റെടുക്കേണ്ടി വരും. പുലരുംവരെ പണിയെടുത്താലേ ഇരുപതു മാലകളും ഇരുപതു ബൊക്കെളും തയ്യാറാക്കാന്‍ കഴിയൂ. നേരം പുലര്‍ന്നാല്‍ സാധനം തേടി ആളുകളെത്തും. എന്നാല്‍, ആദ്യത്തെ സമ്മര്‍ദം ആവശ്യത്തിനനുസരിച്ചു താമര സപ്പ്‌ളൈ ഉണ്ടാകുമോയെന്നതാണ്. വേണ്ടത്ര സാധനം വേണ്ട ദിവസം ലഭിയ്‌ക്കുമെന്ന പ്രതീക്ഷയിലാണല്ലൊ ഓര്‍ഡര്‍ എടുക്കുന്നത്. സ്റ്റോക്കുചെയ്തു സൂക്ഷിക്കാന്‍ കഴിയുന്ന സാധനമല്ലല്ലൊ താമര. കൃഷിക്കാരെ ഫോളോഅപ്പ് ചെയ്തു എങ്ങനെയെങ്കിലും സാധനത്തിന്റെ ലഭ്യത ഉറപ്പുവരുത്തുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല,” ശ്രീരാഗ് ഉല്‍കണ്ഠകള്‍ പങ്കുവച്ചു.
വേനല്‍കാലത്തു കൃഷിചെയ്യേണ്ട ജലസസ്യമാണ് താമരയെങ്കിലും, മഴക്കാലത്താണത് ഏറ്റവുമധികം പൂവിടുന്നത്. നാടന്‍ താമരകളാണ് ഗ്രാമീണ കര്‍ഷകരില്‍ പലരും വളര്‍ത്തുന്നതെങ്കിലും, ഹൈബ്രിഡ് ഇനങ്ങള്‍ക്കാണ് ശോഭയും വലിപ്പവും കൂടുതല്‍. പിങ്ക് ക്ലൗഡ്, പീക്ക് ഓഫ് പിങ്ക്, സറ്റാ ബൊങ്കേറ്റ്, ഗ്രീന്‍ ആപ്പിള്‍, ബുച്ച മുതലായ സ്പീഷീസുകള്‍ കേരളത്തില്‍ നന്നായി വളരുന്ന ഇനങ്ങളാണ്. തൃപ്പുണിത്തുറയിലെ ബോട്ടണി ബിരുദധാരി ഗണേശ് കുമാര്‍ അനന്തകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത മിറാക്ക്ള്‍, ആമണ്ട് സണ്‍ഷൈന്‍, ലിറ്റില്‍ റൈന്‍ മുതലായവയും, പഴയ സസ്യങ്ങളായ ഷിരോമണും, പിയോണി വറൈറ്റികള്‍ക്കും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്.
ഭാരതപ്പുഴയുടെ വടക്കന്‍ തീരത്തുള്ള തിരുന്നാവായയിലെ കൊടക്കല്‍, എടക്കുളം പ്രദേശങ്ങളിലുള്ള കായലുകളാണ് കേരളത്തിലെ ഏറ്റവും വലിയ താമരപ്പാടങ്ങള്‍. മലപ്പുറം ജില്ലയിലെ തന്നെ ഇടപ്പാള്‍ മേഖലയിലെ നെയ്തല്ലൂര്‍, കാലടി, കുണ്ടയാര്‍ മുതലായ ഇടങ്ങളിലും ചെറിയ തോതില്‍ താമരകൃഷിയുണ്ട്. തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കു താമരയെത്തുന്നുണ്ട്. രണ്ടടിയെങ്കിലും മഴവെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളാണ് താമരപ്പാടങ്ങള്‍. ജലനിരപ്പ് വളരെ കൂടിയാലും കുറഞ്ഞാലും അതു താമരയുടെ വളര്‍ച്ചയെ ബാധിക്കുന്നു. മറ്റു ചെടികളെ അപേക്ഷിച്ചു കീടബാധ വളരെ കുറഞ്ഞൊരു സസ്യമാണ് താമര.
”താമര ഏതു ജനുസ്സില്‍ പെട്ടാലെന്താ, അതുകൊണ്ടുണ്ടാക്കുന്ന മാലകള്‍ ജീവിതത്തിലെ അത്യന്തം മഹനീയമായൊരു മംഗള കര്‍മത്തിനു ചാര്‍ത്താനുള്ളതല്ലേ, ആ സംതൃപ്തി മതി ഞങ്ങള്‍ക്ക്,” ശ്രീരാഗും, സന്ദീപും, ഷിജിത്തും ഒറ്റസ്വരത്തില്‍ പറഞ്ഞു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: