അമേരിക്കയിലെ വമ്പന്‍ കെട്ടിടങ്ങളും ഹോളിവുഡ് സിനിമകളും കണ്ടു ലോകം ഒരു കാലത്ത് അതിരറ്റ് വിസ്മയിച്ചിരുന്നു. ആഗോള രാഷ്ട്രീയം ശീതയുദ്ധത്താല്‍ കലുഷിതമായ വേളയിലും മറ്റ് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും അമേരിക്കയോട് ഇഷ്ടവും അടുപ്പവും തോന്നിപ്പിക്കുവാന്‍ ഇത്തരം സാംസ്കാരിക ബിംബങ്ങള്‍ അവരെ സഹായിച്ചു. ഇത്തരത്തില്‍ രാജ്യങ്ങളുടെ ആഗോള സ്വാധീനത്തെ നിര്‍ണ്ണയിക്കുന്നതില്‍ മൃദുശക്തി അഥവാ സാംസ്കാരിക നയതന്ത്രത്തിന് മുഖ്യ സ്ഥാനമുള്ള ആധുനിക ലോക ക്രമത്തില്‍ ഐക്യം, സമത്വം, ആത്മീയത, സഹിഷ്ണുത, ഉള്‍ക്കൊള്ളല്‍ എന്നീ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയ മഹാ കുംഭമേളയിലൂടെ ലോക രാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തുകയാണ് നമ്മുടെ ഭാരതവും.
![](https://janmabhumi.in/wp-content/uploads/2025/02/embassy.webp)
ഗോത്ര-മത-വര്‍ണ്ണ-രാജ്യ വിഭജനങ്ങളാല്‍ സംഘര്‍ഷ ഭരിതമായ ഇന്നത്തെ ലോക രാഷ്ട്രീയത്തില്‍ ഏവരെയും ഒന്നിപ്പിക്കുന്നൊരു അത്ഭുത സാംസ്കാരിക പ്രതിഭാസമായി മഹാ കുംഭമേള മാറിയിരിക്കുന്നു. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷ, സ്ഥിരത, സുസ്ഥിര വികസന രീതികള്‍, കാര്യക്ഷമത കൂടാതെ ഭാരതത്തിന്റെ ഭരണ മികവിനെയും നൈപുണ്യത്തെയും പ്രതിനിധീകരിക്കുന്നു. ലോകത്തെ പ്രധാന തീര്‍ത്ഥാടനങ്ങള്‍ അതാത് മതസ്ഥര്‍ക്കായി നിജപ്പെടുത്തിയിരിക്കുമ്പോള്‍ ജാതി മത വര്‍ഗ്ഗ ദേശ ഭേദമില്ലാതെ മനുഷ്യരാശിക്കായി മഹാകുംഭ നഗരിയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ് ഭാരതം. അങ്ങനെ നാല്പത്തിയഞ്ച് കോടിയിലധികം ജനങ്ങളുടെ സാന്നിധ്യത്താല്‍ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലിനാണ് പ്രയാഗ് രാജ് സാക്ഷ്യം വഹിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വസു ധൈവ കുടുംബക ദര്‍ശനത്തിന്റെ പ്രയുക്തിയായി മഹാ കുംഭമേളയെന്ന ആത്മീയ വിസ്മയം രൂപാന്തരപ്പെട്ടു. തത് ഫലമായി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ യശസ്സ് വീണ്ടും വീണ്ടും കുതിച്ചുയരുന്നു.
മൃദുശക്തിയുടെ നയതന്ത്രം മുന്‍പ് സിനിമയിലും നൃത്ത-സംഗീതങ്ങളിലും പുസ്തകങ്ങളിലുമായി ഒതുങ്ങി നിന്ന ഭാരത മൃദുശക്തി നയതന്ത്രത്തില്‍ ഹൈന്ദവ ആത്മീയതയ്ക്ക് ഇടം ലഭിച്ചതോടെ യഥാര്‍ത്ഥ ഭാരത മനസിനെയും ഹിന്ദു ഹൃദയത്തെയും മനസിലാക്കുവാന്‍ ലോക ജനതയ്ക്കായി. തത്ഫലമായി ആഗോള രാഷ്ട്രീയ സാമ്പത്തിക രംഗത്ത് നമ്മുടെ രാഷ്ട്രത്തിന്റെയും ഭാരതീയരുടെയും വിശ്വാസീയതയും സ്വീകാര്യതയുമിന്ന് പതിന്മടങ്ങായി വര്‍ദ്ധിച്ചു. യോഗയിലൂടെയും ആയുര്‍വേദത്തിലൂടെയും രാമായണത്തിലൂടെയും ബുദ്ധനിലൂടെയും ആഗോള സ്വീകാര്യത ഭാരതത്തെ തേടിയെത്തി.
പാശ്ചാത്യ മുതലാളിത്തവും ആഗോളവത്കരണവുമാണ് മനുഷ്യ വികാസത്തിന്റ അവസാനമെന്ന് വിശ്വസിച്ചിരുന്ന ലോക ജനതയ്ക്ക് ഭാരതം നല്കിയ അപ്രതീക്ഷ സമ്മാനമായിരുന്നു ഹിന്ദുത്വ ദര്‍ശനങ്ങള്‍ . അതിനാല്‍ സനാതനരുടെ ‘യോഗ’യെയും ‘വസുധൈവ കുടുബക’ ദര്‍ശനത്തെയും ഇരു കൈയും നീട്ടി സ്വീകരിക്കുവാന്‍ ലോകത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഇപ്പോഴിതാ അപരമത വിദ്വേഷമോ വെറുപ്പോ ഹിംസയോ ഭിന്നതയോയില്ലാതെ കോടാനുകോടിപ്പേര്ക്ക് ഒരു സ്ഥലത്ത് ഒന്നിക്കാമെന്ന് ലോകത്തിന് മുമ്പില്‍ തെളിയിച്ചിരിക്കുകയാണ് ഹൈന്ദവ ജനത.
ഭാവി ലോക രാഷ്ട്രീയത്തില്‍ ഭാരതത്തിന്റെ സ്വത്വം അടയാളപ്പെടുത്തുന്നതില്‍ ആത്മീയതയ്ക്ക് നിര്‍ണായക പങ്കുണ്ട്. ഭിന്നിച്ചൊരു ലോകത്തിനു മുന്നില്‍ കുംഭമേളയിലൂടെ അതിന്റെ സാംസ്കാരികവും ധാര്‍മ്മികവുമായ ആഗോള നേതൃ ഗുണത്തെ ഉയര്‍ത്തിക്കാണിക്കുന്നതിന് ഈ സമാനതകളില്ലാത്ത ഒത്തുചേരലിനെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഭാരതത്തിന് സാധിച്ചു. ഇതിലൂടെ ഒരു സാംസ്കാരിക ശക്തിയായി ഉയരുന്നതിനൊപ്പം ഭാരതത്തിന്റെ ആഗോള നേതൃപദവിയും ഉയരുകയാണ്.
അമേരിക്ക, റഷ്യ, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ജനസംഖ്യയെക്കാള്‍ ആളുകളാണ് കുംഭ മേളയില്‍ മാത്രമായി പങ്കെടുക്കുന്നത്. നേരിട്ട് പങ്കെടുക്കാതെ കുംഭമേളയൊരുക്കുന്ന ആത്മീയ അന്തരീക്ഷത്തില്‍ ലയിക്കുന്നത് മറ്റനേകം കോടിയാളുകളാണ്. ഇതില്‍ സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നുള്ള വ്യത്യസ്ത ജീവിത രീതികള്‍ പിന്തുടരുന്നവര്, സമ്പന്നര്‍, പാവപ്പെട്ടവര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ ഈ ബൃഹത്തായ വൈവിധ്യത്തെ ഒരു വേദിയിലെത്തിച്ചു ലോക ജനതയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അസാധാരണമായൊരു അവസരം മഹാകുംഭ് ഭാരതത്തിന് പ്രദാനം ചെയ്യുന്നു.
![](https://janmabhumi.in/wp-content/uploads/2025/02/yogi-3.webp)
ആഗോള ഐക്യവും സാംസ്കാരിക വിനിമയവും
ആഗോള ഐക്യത്തിനും സാംസ്കാരിക വിനിമയത്തിനുമുള്ള വേദിയായി മഹാകുംഭമേളയിലെ ഒത്തുചേരലിനെ രൂപാന്തരപ്പെടുത്തുവാനും ഭാരതത്തിന് കഴിഞ്ഞു. സനാതന ധര്‍മ്മ വിശ്വാസികള്‍ മാത്രമല്ല ഇസ്ലാം, ക്രൈസ്തവ മതങ്ങളില്‍ വിശ്വസിക്കുന്ന ഭാരതിയരും അല്ലാത്തവരുമായവര്‍ പോലും പ്രയാഗ്രാജിലേക്കൊഴുകിയെത്തുന്നു. അതുകൊണ്ട് തന്നെ അതിന്റെ ആഗോള സ്വീകാര്യതയും പ്രാധാന്യവും ഉള്‍ക്കൊണ്ട് കുംഭമേളയെ ഒരു സാംസ്കാരിക പൈതൃകമായി 2017-ല്‍ തന്നെ യുനെസ്കോ പ്രഖ്യാപിച്ചിരുന്നു. കുംഭമേളയില്‍ വലിയ അന്താരാഷ്ട്ര പങ്കാളിത്തം ഉണ്ടായതും ഇതാദ്യമായിരുന്നു. മേളയുടെ ഒരുക്കങ്ങള്‍ കണ്ടു മനസിലാക്കുവാന്‍ ഉദ്ഘാടനത്തിന് മുമ്പേ തന്നെ എഴുപതിലധികം രാജ്യ പ്രതിനിധികളെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുത്ത ഭാരത വംശജരുടെ ഒരു പ്രതിനിധി സംഘം ജനുവരിയില്‍ മഹാകുംഭ നഗരി സന്ദര്‍ശിച്ചു. ഇതിന് പുറമെ ലോകമെമ്പാടുമുള്ള 190 രാജ്യ പ്രതിനിധികളെയും അവിടേക്ക് ക്ഷണിക്കുകയുണ്ടായി. ഫിജി, ഫിന്‍ലാന്‍ഡ്, ഗയാന, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളടങ്ങിയ ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘവും പ്രയാഗ് രാജിലെത്തി. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ സഹധര്‍മ്മിണി ലോറീന് പവല്‍ ജോബ്സ് അടക്കമുള്ള വ്യവസായികളും സമ്പന്നരും ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാങ്ചുക് തുടങ്ങിയ ഭരണാധികാരികളും മഹാകുംഭിന്റെ ഭാഗമായി.
ഇതില്‍ ഏറ്റവും പ്രാധാന്യമുള്ളത് കുംഭമേളയില്‍ പങ്കെടുക്കുമെന്ന് കരുതുന്ന പതിനഞ്ച് ലക്ഷത്തിലധികം വരുന്ന വിദേശ സനാതന ധര്‍മ്മ വിശ്വാസികളും വിനോദ സഞ്ചാരികളുമാണ്. ഇത് കൂടാതെ നൂറ് കണക്കിന് വിദേശ മാധ്യമങ്ങള്‍, സമൂഹ മാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍, വ്ളോഗര്മാരടക്കമുള്ളവര് കുംഭമേളയെ ലോകത്തിന്റെ ഓരോ കോണിലുമെത്തിക്കുന്നു. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന, ഐക്യത്തിന്റെയും സമത്വത്തിന്റെയും ഒരു വേദിയായാണ് ഈ ഒത്തുചേരലിനെ മറ്റ് നാടുകളിലും ജനങ്ങള്‍ക്കിടയിലും അവര്‍ അവതരിപ്പിക്കുക. കൂടാതെ ഹവാര്‍ഡ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന സര്‍വ്വകലാശാലകളും തങ്ങളുടെ പഠന സംഘത്തെ പ്രയാഗ് രാജിലേക്ക് അയച്ചിരിക്കുകയാണ്.
സിഎന്‍എന്‍, വാഷിംഗ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ ആഗോള ദൃശ്യ-പത്ര മാധ്യമങ്ങളും മഹാകുംഭ മേളയുടെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കുന്നു. ഇത് ഭാരതത്തിനും ഭാരതീയര്‍ക്കും ഉണ്ടാകുന്ന ആഗോള പ്രതിശ്ചായയുടെയും വിശ്വാസീയതയുടെയും ആഴം വര്ദ്ധിപ്പിക്കുന്നുമെന്നതില് യാതൊരു വിധ സംശയമില്ല. അങ്ങനെ ഭാരതത്തിന്റെ പരമ്പരാഗത ശാസ്ത്ര -ആത്മീയ വിജ്ഞാനവും പൈതൃകവും വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നതിനും, അതില്‍ അന്താരാഷ്ട്ര പങ്കാളിത്തം കൊണ്ടുവരുവാനും അതുവഴി ഭാരതത്തിന്റെ മൃദുശക്തി- സാംസ്കാരിക നയതന്ത്രത്തെ എക്കാലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലിപ്പിക്കുവാനും കുംഭമേളയിലൂടെ നമുക്ക് സാധിക്കുന്നുണ്ട്.
![](https://janmabhumi.in/wp-content/uploads/2025/02/foriegn.webp)
മനുഷ്യരാശിയുടെ മഹാ ഒത്തുചേരല്‍
ഈ ആത്മീയ സംഗമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും, ദേശീയ താത്പര്യങ്ങളുമായി അതിനെ ബന്ധപ്പെടുത്തുകയും ചെയ്താല്‍ ഭാരത വിദേശനയത്തില്‍ ഒരു നാഴികക്കല്ലായി മാറുവാന്‍ വരുംകാല കുംഭ മേളകള്‍ക്ക് കഴിയും. കലാപങ്ങളുടെയും മത സ്വാതന്ത്ര്യമില്ലാത്ത നാടായും ഹിന്ദു വിരുദ്ധ ശക്തികള്‍ ഭാരതത്തെ വിദേശ മണ്ണില്‍ അവതരിപ്പിക്കുമ്പോള്‍, ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന സംഗമമാണ് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തെ കുംഭമേളയിലൂടെ ലോകം സാക്ഷ്യം വഹിക്കുന്നത്. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും നാടാണ് ഭാരതമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് മഹാ കുംഭമേള. ഇതിന് സാമ്പത്തികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവും സാങ്കേതികവുമായ വളര്‍ച്ചയ്ക്ക് അതിനിന്ന് ലോകത്തുള്ള വിശ്വാസവും സ്വീകാര്യതയും അനിവാര്യമാണ്. ഈ വിശ്വാസം പ്രകടമാവുക ആ രാജ്യം പുലര്‍ത്തുന്ന ജനാധിപത്യവും അവിടെ നിലനില്‍ക്കുന്ന സ്വാതന്ത്ര്യവും സമത്വവും സഹിഷ്ണുതയും സമാധാന അന്തരീക്ഷവുമാണ്. ഇതിന്റെയെല്ലാം ഉത്തമ ഉദാഹരണമാണ് കുംഭമേളയിലൂടെ ഭാരതം മുന്നോട്ട് വെയ്ക്കുന്ന സന്ദേശം.
ഇത്രയും ഉദാരമായൊരു രാജ്യമായ ഭാരതത്തില്‍ നിക്ഷേപിക്കുവാന്‍ ഒരു നിക്ഷേപകനും ഭയമുണ്ടാകില്ലയെന്ന് മാത്രമല്ല ലോക കൂട്ടായ്മകളില്‍ ഭാരതത്തെ ഉള്‍പ്പെടുത്താന്‍ മറ്റ് രാജ്യങ്ങള്‍ക്ക് യാതൊരു വിധ മടിയുമുണ്ടാവില്ല. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഭാരതത്തിനു കൈമാറുവാന്‍ ഒരു രാജ്യത്തിനും തെല്ലും ആശങ്കയുണ്ടാവില്ല. ചൈനയിലും റഷ്യയിലുമടക്കം നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത് കൂടുതല്‍ മനസിലാവുക. അതുകൊണ്ട് തന്നെ യാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായി ഭാരതം തുടരുന്നതും. ഇതിനൊരു ഉത്തേജനമാണ് ഈ മഹാസംഗമം നല്‍കുന്നത്. അങ്ങനെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരലെന്ന നിലയില്‍ ഭാരതത്തെ ലോക സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക നയതന്ത്രത്തില്‍ ഒരു നേതാവാക്കുകയെന്ന ധര്‍മ്മവും മഹാകുംഭമേള നിര്‍വഹിക്കുന്നു.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: