തിരുവനന്തപുരം: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയ നിലയില്‍. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ (24)നെയാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി മുതല്‍ ഇയാളെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. ലോഡ്ജ് മുറിയിലെ വാതില്‍ പാതി ചാരിയ നിലയിലായിരുന്നു.
റഷ്യയില്‍ മനുഷ്യ കടത്തില്‍ അകപ്പെട്ട ഡേവിഡ് മുത്തപ്പന്‍ ആറ് മാസം മുമ്പ് ആണ് നാട്ടില്‍ തിരിച്ചെത്തിയത്. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യുക്രൈനെതിരെ യുദ്ധം ചെയ്യാനായി റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇപ്പോഴും റഷ്യന്‍ കൂലി പട്ടാളത്തില്‍ അവശേഷിക്കുന്ന പതിനെട്ട് പേരില്‍ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
യുദ്ധത്തിനിടെ തൃശൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ജയിന്‍ ടി കെ പരിക്കേറ്റ് മോസ്‌കോയില്‍ ചികിത്സയില്‍ തുടരുകയാണ്.റഷ്യന്‍ കൂലി പട്ടാളത്തില്‍ 126 ഇന്ത്യാക്കാര്‍ ചേര്‍ന്നെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ കൈവശമുള്ള വിവരം.ഇതില്‍ 96 പേരെ തിരികെ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക