കൊച്ചി: സ്ത്രീകള്‍ക്ക് പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി ശതകോടികള്‍ തട്ടിയെന്ന കേസില്‍ കൂട്ടത്തോടെ പരാതികളെത്തുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ദിവസവും നിരവധി പരാതികളാണ് എത്തുന്നത്. ഇതില്‍ ചിലതൊക്കെ പണം നല്‍കി ഒതുക്കിത്തീര്‍ക്കുന്നുമുണ്ട്.
കേസിലെ മുഖ്യപ്രതിയായ തൊടുപുഴ കോളപ്ര ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണന്‍ (26) ജനുവരി 31ന് കൊച്ചിയില്‍ നിന്ന് പിടിയിലായിരുന്നു. മൂവാറ്റുപുഴ പോലീസ് എടുത്ത തട്ടിപ്പ് കേസിലാണ് പ്രതി പിടിയിലായത്. പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ മൂവാറ്റുപുഴ ബ്ലോക്കിന് കീഴില്‍ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാള്‍ ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സിയിലേക്ക് ടൂ വീലര്‍ നല്‍കാമെന്ന് പറഞ്ഞ് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 9 കോടിയോളമാണ് ഇത്തരത്തില്‍ മൂവാറ്റുപുഴയില്‍ നിന്ന് മാത്രം തട്ടിയത്. പോലീസ് പരിശോധനയില്‍ 450 കോടിയുടെ ബാങ്ക് ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടയിലെ കണക്കാണിത്. അനന്ദുവിന്റെ മൂന്ന് കമ്പനികളുടെ അക്കൗണ്ടിലൂടെയാണ് ഈ തുക കടന്നുപോയത്. താന്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കോ-ഓര്‍ഡിനേറ്റര്‍ ആണെന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.
1000 കോടിയോളം മുഖ്യപ്രതി ഉള്‍പ്പെടുന്ന സംഘം തട്ടിയെന്നാണ് വിവരം. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 2000ത്തോളം പരാതികളാണ് ഇതിനോടകം വന്നിട്ടുള്ളത്. ഇടുക്കിയില്‍ 400 പരാതികളും ഇതുവരെ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും വയനാട്ടിലും സമാനമായ പരാതിയുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളത്തും 5000ല്‍ അധികം പരാതികളെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പോലീസ് പ്രതി ചേര്‍ത്തു. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസിലാണ് അനന്ദുവിന്റെ നിയമോപദേഷ്ടാവും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റിനെ ഏഴാം പ്രതിയാക്കിയത്.
സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമടക്കം ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള അനന്ദുവിന്റെ ചിത്രങ്ങളും ഇതി
നിടെ പുറത്തുവന്നു. തെറ്റിദ്ധരിപ്പിച്ച് പരിപാടികള്‍ക്ക് അനന്ദു കൊണ്ടു പോവുകയായിരുന്നെന്നാണ് മിക്കവരുടെയും മറുപടി. അതേസമയം പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ മുടിയും താടിയുമടക്കം വെട്ടി വേഷം മാറാനും ശ്രമം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക