ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്ന് ഭീകരതയെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലെ സുരക്ഷാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അമിത് ഷാ..
‘ഭീകരവാദത്തിനെതിരായ അസഹിഷ്ണുതാ നയം’ മുന്‍നിറുത്തി ജമ്മു കശ്മീരില്‍ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കി. സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു അഭിനന്ദനം അറിയിച്ച അദ്ദേഹം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു
ഭീകരവാദം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ഏകോപിതമായ ശ്രമങ്ങള്‍ നടത്തണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. ‘നുഴഞ്ഞുകയറ്റം പൂര്‍ണമായും ഇല്ലാതാക്കുക’ എന്ന ലക്ഷ്യത്തോടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഭീകരവാദത്തിന്റെ സാമ്പത്തിക അടിസ്ഥാനം തകര്‍ക്കുന്നതിന് മയക്കുമരുന്ന് ശൃംഖലകളെ നിര്‍മൂലമാക്കണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തിയ യോഗത്തില്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്‍) പുതിയ നിയമനങ്ങള്‍ നടത്താന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി, പോലീസ് ഡയറക്ടര്‍ ജനറല്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക