Vicharam

യുജിസി കരട് റഗുലേഷന്‍: പൊതുസമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോള്‍

വിദ്യാഭ്യാസം സമൂഹ നന്മയ്ക്ക് വേണ്ടിയുള്ള പ്രക്രിയ ആവണം എന്ന ഭാരതീയ ചിന്തയില്‍ നിന്ന് ഉയിര്‍ക്കൊണ്ടതായ ഈ കരട് മാര്‍ഗനിര്‍ദ്ദേശങ്ങളെ കേവലം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി എതിര്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ എന്ന് പുകഴ്ത്തപ്പെടുന്നവര്‍ പതിച്ചു പോകുന്നത് ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിത്യ സംഭവം ആയിരിക്കുന്നു.

Published by

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരവോടുകൂടി ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. ഭാരത വിദ്യാഭ്യാസരംഗം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്, പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന പരിവര്‍ത്തനങ്ങളെക്കൂടി ഉള്‍ക്കൊണ്ട് യുജിസി പുറത്തിറക്കിയ കരട് റെഗുലേഷന്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു വരുന്നു. ആരോഗ്യകരമായ ചര്‍ച്ചയ്‌ക്ക് വഴി തുറക്കുക എന്ന ലക്ഷ്യത്തോടെ ജനായത്ത രീതിയില്‍ ചര്‍ച്ചക്ക് വിധേയമാകുവാനും പൊതു അഭിപ്രായം പരിഗണിക്കുന്നതിനും കൂടിയാണ് കരട് നിര്‍ദ്ദേശം പുറത്തുവിട്ടിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാപകമായ കൊഴിഞ്ഞു പോക്ക്, നിലവാരത്തകര്‍ച്ച, അന്യ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത് മുതലായവ കണക്കിലെടുത്ത്, ആ പ്രശ്നങ്ങളെ എത്രയും വേഗം പരിഹരിക്കേണ്ടതിന്റെ ആവശ്യം യുജിസി ഊന്നി പറയുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണനിലവാരം ഉള്ളതും, തൊഴില്‍ ക്ഷമത വര്‍ധിപ്പിക്കുന്നതിനുതകുന്നതുമായ സാര്‍വത്രിക വിദ്യാഭ്യാസം ലഭ്യമാക്കുകയും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ഉയര്‍ത്തുകയും ചെയ്യേണ്ടത് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസം സമൂഹ നന്മയ്‌ക്ക് വേണ്ടിയുള്ള പ്രക്രിയ ആവണം എന്ന ഭാരതീയ ചിന്തയില്‍ നിന്ന് ഉയിര്‍ക്കൊണ്ടതായ ഈ കരട് മാര്‍ഗനിര്‍ദ്ദേശങ്ങളെ കേവലം രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി എതിര്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ എന്ന് പുകഴ്‌ത്തപ്പെടുന്നവര്‍ പതിച്ചു പോകുന്നത് ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിത്യ സംഭവം ആയിരിക്കുന്നു. പ്രസ്തുത ഗണത്തില്‍ പെടുന്നതാണ്, മുന്‍ ലോക്സഭാ സെക്രട്ടറി പി.ഡി.റ്റി ആചാരി, ഒരു മുന്‍ നിര പത്രത്തില്‍ എഴുതിയ ലേഖനം. അതില്‍ യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങളെ എത്ര നിസ്സാരമായി കണ്ടാണ് അദ്ദേഹം വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുന്നതെന്ന് സാമാന്യനിയമജ്ഞാനം ഉള്ള ഏതൊരാള്‍ക്കും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. ആ ലേഖനം തെറ്റിദ്ധാരണ പരത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രം വെച്ചുള്ളതായിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ദേശീയ തലത്തിലുള്ള സംയോജനത്തിനും, കാര്യക്ഷമതക്കും, നിലവാര നിയന്ത്രണത്തിനും, വേണ്ട സംവിധാനങ്ങള്‍/ മാനദണ്ഡങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതിനുള്ള അധികാരം 1956ല്‍ രാജ്യം പാസാക്കിയ ആക്ടിലൂടെ യുജിസിക്ക് കൈവന്നിട്ടുള്ളതാണ്. യുജിസി ആക്ട് 1956 സെക്ഷന്‍ 26 അനുസരിച്ച് നിലവിലുള്ള നിയമങ്ങളുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് റെഗുലേഷന്‍സ് നടപ്പാക്കാനും ഉണ്ടാക്കാനും ഉള്ള അധികാരവും യുജിസിയ്‌ക്ക് ഉണ്ട്. അത് പ്രകാരം നിലവില്‍ പാര്‍ലമെന്റ് പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് 2025 റെഗുലേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ വസ്തുത മനസ്സിലാക്കാതെയൊന്നുമാവില്ല ആചാരി തന്റെ ലേഖനത്തില്‍ യുജിസിയുടെ അധികാര പരിധിയെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത്.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ യുജിസിക്ക് അവകാശമില്ല എന്നും അത് പൂര്‍ണ്ണമായും സംസ്ഥാനത്തിന്റെ അധികാരമാണെന്നുമാണ് ആചാരി പറഞ്ഞു വയ്‌ക്കുന്നത്. സര്‍വ്വകലാശാലകളിലെ വി.സി.നിയമനത്തിന്റെ മാര്‍ഗ്ഗരേഖകളില്‍ പ്രധാന തീരുമാനം 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന യുജിസി നിയമഭേദഗതിയുമായി ബന്ധപ്പെട്ടതായിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്നതിന് മൂന്ന് അംഗ സെര്‍ച്ച് കമ്മിറ്റി വേണമെന്ന് പ്രസ്തുത ഭേദഗതിയില്‍ നിഷ്‌കര്‍ഷിക്കുന്നു. ആചാരി ലോക്സഭാ സെക്രട്ടറി ജനറല്‍ ആയിരുന്ന കാലത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ നാളിതുവരെ ഗവര്‍ണറുടെ പൂര്‍ണ്ണ അധികാരത്തില്‍ രൂപപ്പെടുന്ന സെര്‍ച്ച് കമ്മിറ്റിയെ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് വൈസ് ചാന്‍സലര്‍ നിയമനം നടത്തിയത്.

വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ഇടപെടരുത് എന്ന വിചിത്ര വാദമാണ് അദ്ദേഹം പറയുന്ന മറ്റൊരു കാര്യം. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ ഉണ്ടാവണമെന്ന് അദ്ദേഹം സ്ഥാപിക്കുമ്പോള്‍ത്തന്നെ നിലവില്‍ പുറത്തിറക്കിയ റെഗുലേഷന്‍സിന് അത്തരം ഒരു സ്റ്റാറ്റസ് ഇല്ലാ എങ്കില്‍, നിയമ വിദഗ്ധന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കോടതിയെ സമീപിക്കാനും അതു വഴി നീതി നടപ്പാക്കാനും നിയമം ഉണ്ടല്ലോ. അതിനു പകരം മാധ്യമങ്ങളില്‍ക്കൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്താനും ഭരണകൂടത്തിനെതിരെ നിഴല്‍യുദ്ധം ചെയ്യിക്കുവാനുമാണ്.

യുജിസിയുടെ അധികാരപരിധിയെ ചോദ്യം ചെയ്യാനും തന്റെ ആഗ്രഹങ്ങളെ സമര്‍ഥിക്കാനും അദ്ദേഹം റഫര്‍ ചെയ്യുന്നത്, കല്യാണി മതിവാളന്‍ വി എസ് മധുര യൂണിവേഴ്സിറ്റി കേസില്‍ 2011ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. പ്രസ്തുത വിധി ന്യായത്തില്‍ യുജിസി റെഗുലേഷന്‍ സംസ്ഥാന നിയമസഭകള്‍ അംഗീകരിച്ചു നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന നിയമ സഭകള്‍ക്ക് അത് ബാധകമല്ല എന്ന നിഗമനമാണ് സുപ്രീം കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍ സുപ്രീംകോടതിതന്നെ പ്രസ്തുത പരാമര്‍ശത്തെ അസാധുവാക്കുന്ന നിരവധി വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്, എന്നുള്ളത് ആചാരി തന്ത്ര പൂര്‍വ്വം മറച്ചു വയ്‌ക്കുന്നു. എന്‍ട്രി 66 ലിസ്റ്റ് വണ്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങളുടെ നിലവാര നിയന്ത്രണവും നിര്‍ണയവും നടപ്പാക്കുന്നതിനുള്ള അംഗീകാരം യുജിസിക്ക് നല്‍കുന്നു. യുജിസി സെക്ഷന്‍ 14 സെക്ഷന്‍ 26 എന്നിവ ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ യുജിസിയുടെ വ്യക്തമായ അധികാരപരിധിയെ വിവിധ തലത്തിലൂടെ നിജപ്പെടുത്തുന്നതാണ്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി താല്പര്യമുള്ളതിനെ കൊള്ളുകയും താല്‍പര്യമില്ലാത്തതിനെ തള്ളുകയും ചെയ്യുന്ന രീതിയാണ് ഇടതു/വലതു സൈദ്ധന്തികരുടെ രീതി. 2022 ഗംഭീരതന്‍ കെ ഗദ്ദവി വേഴ്സസ് ഗുജറാത്ത് സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി പറയുന്നത് യുജിസി റെഗുലേഷന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കിലോ അതിന് സംസ്ഥാന നിയമവുമായി പൊരുത്തക്കേട് ഉണ്ടെങ്കിലോ കൂടിയും യുജിസി റെഗുലേഷന്‍ നിലനില്‍ക്കുകയും സംസ്ഥാന നിയമം അത്രത്തോളം നിര്‍വീര്യമാവുകയും ചെയ്യും എന്നാണ്. ഇത്ര കണ്ട് കൃത്യതയുള്ള നിര്‍ദ്ദേശം തമസ്‌കരിച്ചു കൊണ്ടാണ് ആചാരി 2011ലെ പരാമര്‍ശങ്ങള്‍ പുറത്തെടുക്കുന്നത്. കൂടാതെ 2022ല്‍ത്തന്നെ ഉണ്ടായ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വേഴ്സസ് അനിധ്യാ സുന്ദര്‍ദാസ് കേസിലും സുപ്രീംകോടതി യുജിസിയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

2022ല്‍ത്തന്നെ കേരള സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് പി എസ് ശ്രീജിത്ത് വേര്‍സസ് രാജശ്രീ എം എസ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ നിയമിക്കുന്ന സെര്‍ച്ച് കമ്മിറ്റിക്ക് പൂര്‍ണ്ണ അധികാരമുണ്ട് എന്നു തന്നെയാണ്. നിയമനവുമായി ബന്ധപ്പെട്ട യുജിസി നിയമം കൃത്യമായി പരിഗണിച്ച് വി സി നിയമനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട്.

എല്ലാത്തിനും മേലെ ഭരണഘടനയെത്തന്നെ സ്വീകരിക്കുക. ആര്‍ട്ടിക്കിള്‍ 254 (1), (2) എന്നിവ പി.ഡി.റ്റി ആചാരി മറന്നു പോയതാകാമെന്നു കരുതാം. പാര്‍ലമെന്റ് ഉണ്ടാക്കുന്ന നിയമങ്ങളും സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണമണ്ഡലങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങളും തമ്മിലുള്ള പൊരുത്തമില്ലായ്മയെ പ്രസ്തുത ഭാഗത്ത് എങ്ങിനെയാണ് വിലയിരുത്തിയിരിക്കുന്നതെന്ന് കാണുക – ‘ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണമണ്ഡലം ഉണ്ടാക്കിയ ഒരു നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ, പാര്‍ലമെന്റ് ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും വ്യവസ്ഥയ്‌ക്ക് വിരുദ്ധമാണെങ്കില്‍ പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമത്തിന് അത് പാസ്സാക്കിയത് അങ്ങനെയുള്ള സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ മണ്ഡലം ഉണ്ടാക്കിയ നിയമത്തിന് മുമ്പായാലും പിമ്പായാലും അധിപ്രഭാവം ഉണ്ടായിരിക്കും”. ഈ വ്യവസ്ഥയ്‌ക്ക് എന്തെങ്കിലും മാറ്റം വരുന്നത് രാഷ്‌ട്രപതിയുടെ തിരുത്തില്‍ മാത്രമായിരിക്കും. ഇത് ഭരണഘടനയില്‍ വ്യക്തമായി എഴുതിവെച്ചിരിക്കുമ്പോഴാണ് ആചാരി തന്റെ ലേഖനത്തില്‍ ”ഇത് യുജിസിയുടെ പണിയല്ല” എന്നൊക്കെ ഭീഷണിപ്പെടുത്തുന്നത്.

മേല്‍ പറഞ്ഞ മൂന്ന് വിധി ന്യായങ്ങളില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പരിഗണിക്കുന്ന തരത്തിലുള്ള റെഗുലേഷനുകളാണ് കഴിഞ്ഞ ജനുവരി ആറാം തീയതി പുറത്തിറക്കിയിട്ടുള്ള നിര്‍ദ്ദേശത്തില്‍ ഉള്ളത്. എന്നാല്‍ പി.ഡി.റ്റി ആചാരിയെ പോലുള്ളവര്‍ ഇപ്പോഴും ന്യായീകരണങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തുന്നത് 2011ലെ സുപ്രീംകോടതി വിധിയാണ്. വൈദ്യശാസ്ത്രത്തില്‍ അംനേഷ്യ എന്ന് വിളിക്കപ്പെടുന്ന ഒരു മറവിരോഗത്തിന്റെ രാഷ്‌ട്രീയവെര്‍ഷനായി മാത്രമേ ഇതിനെ കാണാനാകൂ. ഇവരുടെ ചെയ്തികള്‍, നിലപാടുകള്‍ എല്ലാം മൂല്യരഹിതരാഷ്‌ട്രീയം കൊണ്ടുണ്ടായ സാംസ്‌കാരിക അപചയത്തെ ആണ് സൂചിപ്പിക്കുന്നത്. ഒരു രാഷ്‌ട്രത്തിന്റെ വികസനത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് തിരിച്ചറിയാത്ത ആളല്ല പി ഡി റ്റി ആചാരി. വൈസ് ചാന്‍സിലര്‍, പ്രിന്‍സിപ്പല്‍ നിയമനങ്ങളില്‍ രാഷ്‌ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനും അതില്‍ നിന്ന് സമ്പത്ത് സ്വരൂപിക്കാനും ഉള്ള അവസരം നഷ്ടപ്പെടുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും തമിഴ്നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാരും ഇന്ന് അധികാരത്തില്‍ നിന്ന് പുറത്തുപോയി ക്കൊണ്ടിരിക്കുന്ന ആളുകളും അവരുടെ ആശങ്കകള്‍ പറയുന്നത് തികച്ചും സ്വാഭാവികമാണ്.

സമൂഹത്തിന്റെ പ്രതീക്ഷകളെയും ഉന്നതരായ വ്യക്തികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസങ്ങളെയും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ഇവരുടെ നിലപാടുകളെ ജനാധിപത്യ വിശ്വാസികള്‍ മനസ്സിലാക്കണമെന്ന് ‘ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം’ അഭ്യര്‍ത്ഥിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by