Technology

ടെക്നോപാര്‍ക്കിലെ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു

Published by

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ പ്രമുഖ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് കമ്പനി ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസിന്റെ നേതൃത്വത്തില്‍ ടെക്കികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു. ഐടി മേഖലയിലെ കരിയര്‍ വളര്‍ച്ചയെയും ബിസിനസ് സാധ്യതകളേയും കുറിച്ച് പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

ടെക്നോപാര്‍ക്കിലെ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ദി സെക്കന്‍ഡ് ഓര്‍ബിറ്റ്’ സെഷന് പെര്‍സിസ്റ്റന്‍റ് സിസ്റ്റംസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആനന്ദ് ദേശ്പാണ്ഡെ നേതൃത്വം നല്‍കി. കരിയര്‍ വളര്‍ച്ച, നേതൃത്വ മികവ്, ഐടി മേഖലയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഐടി മേഖലയില്‍ സുസ്ഥിര വിജയം കൈവരിക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും അദ്ദേഹം പങ്കുവെച്ചു.

ഒരു ഐടി പ്രൊഫഷണല്‍ 40 വര്‍ഷത്തെ കരിയറില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വ്യക്തിപരമായ മൂല്യങ്ങളുമായി യോജിപ്പിച്ച് ജോലി ചെയ്യുന്നതിനൊപ്പം വിദഗ്ധ മാര്‍ഗനിര്‍ദേശം സ്വീകരിച്ചു കൊണ്ട് പരസ്പര ബന്ധം ശക്തമാക്കുന്നതിലൂടെ മികച്ച കരിയര്‍ കെട്ടിപ്പടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിനൊപ്പം ഐടി പ്രൊഫഷണലുകള്‍ കഴിവുകള്‍ വികസിപ്പിച്ച് മാറ്റങ്ങളോട് പൊരുത്തപ്പെട്ട് മത്സരാധിഷ്ഠിതമായി മുന്നേറാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് ടീമംഗങ്ങളുമായും ആനന്ദ് ദേശ്പാണ്ഡെ ചര്‍ച്ച നടത്തി. ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുക, മികവ് കൈവരിക്കുക, സാങ്കേതിക സൗകര്യങ്ങളുടെ വേഗത വര്‍ധിപ്പിക്കുക, മികച്ച ടീമംഗങ്ങളെ സൃഷ്ടിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചു.

ബിസിനസ് വളര്‍ച്ച എപ്പോഴും രേഖീയമല്ല. ഒരു ഘട്ടത്തില്‍ വിജയിച്ച തന്ത്രങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഫലപ്രദമാകണമെന്നില്ല. ‘ദി സെക്കന്‍ഡ് ഓര്‍ബിറ്റില്‍’ പരാമര്‍ശിക്കുന്ന നിര്‍ണായക വസ്തുതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബിസിനസില്‍ മുന്നേറാന്‍ സാധിക്കും. വ്യക്തമായ കാഴ്ചപ്പാടുണ്ടാകുക, നേതൃത്വഗുണം ഉണ്ടാക്കിയെടുക്കുക, മികച്ചൊരു സ്ഥാപനത്തിന്റെ ഭാഗമാകുക, നിയന്ത്രണങ്ങള്‍ മറികടക്കുക, മെന്‍റര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയൊക്കെ പ്രാധാനമാണ്. ഇതിലൂടെ സുസ്ഥിര വളര്‍ച്ച സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് നൂതന പരിഹാരങ്ങള്‍ നല്‍കുന്നതില്‍ വൈദഗ്‌ദ്ധ്യമുള്ള സോഫ്റ്റ് വെയര്‍  ഡെവലപ്മെന്‍റ് കമ്പനിയായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് 2000 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് (സാസ്) ദാതാക്കള്‍,  പുത്തന്‍ സാങ്കേതികവിദ്യകളിലൂടെയും ഡിജിറ്റല്‍ മാറ്റത്തിലൂടെയും നൂതനത്വം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സേവനം ലഭ്യമാക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by