Kerala

ബജറ്റ് അവതരണം നേരിട്ടു വീക്ഷിക്കാൻ ഒഡിഷ, ഛത്തീസ്​ഗഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ​ഗോത്രവിഭാ​ഗങ്ങൾ നിയമസഭയിലെത്തും

Published by

തിരുവനന്തപുരം : ​ഗോത്ര വിഭാ​ഗത്തിന്റെ പിന്തുണയോടെയാകണം ആദിവാസി വികസനം നടപ്പാക്കേണ്ടതെന്ന്  സംസ്ഥാന റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. ​ആദിവാസികളുടെ പിന്തുണയോടു കൂടി മാത്രമേ രാജ്യം ആ​ഗ്രഹിക്കുന്ന രീതിയിലുള്ള ​ഗോത്ര സമൂഹ വികസനം സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത് നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പതിനാറാമത് പട്ടിക വർഗ യുവജന സാംസ്കാരിക വിനിമയ പരിപാടി തിരുവനന്തപുരത്ത് കൈമനം, റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകളാണ് ആദിവാസി സമൂഹം. രാജ്യത്തെ ജനസംഖ്യയുടെ 8.4 ശതമാനം വരുന്ന ആദിവാസി ​​ഗോത്ര വിഭാ​ഗങ്ങൾ പലപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നില്ല. പ്രകൃതിയേയും ജീവജാലങ്ങളേയും വനവിഭവങ്ങളേയും അടുത്തറിഞ്ഞ് അവ സംരക്ഷിച്ചു കഴിയുന്ന ഇവരുടെ വിദ്യാഭ്യാസ ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾ മികച്ചതാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒഡിഷ, ഛത്തീസ്​ഗഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ​ഗോത്രവിഭാ​ഗത്തിലെ 200 യുവജനങ്ങളാണ് സാംസ്കാരിക വിനിമയ പരിപാടിയിൽ പങ്കെടുക്കുന്നത്. ​ സി.ആർ. പി. എഫ്, ബി എസ്. എഫ്., എസ്.എസ്. ബി എന്നിവിടങ്ങളിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്  അധ്യക്ഷത വഹിച്ചു. പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടി അമ്മ മുഖ്യാതിഥി ആയിരുന്നു. നെഹ്റു യുവ കേന്ദ്ര സംഗതൻ സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ സ്വാഗതവും സച്ചിൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ പരിപാടികൾ അരങ്ങേറി. വൈകുന്നേരത്തെ സെഷനിൽ സബ് കളക്ടർ ആൽഫ്രഡ്, ഓ.വി,  IAS  പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡി. ഡയറക്ടർ ജനറൽ വി. പളനിച്ചാമി IIS എന്നിവർ ക്ലാസുകൾ നയിച്ചു.

ഒരാഴ്ച നീണ്ടു നിൽകുന്ന പരിപാടിയിൽ സംഘാംഗങ്ങൾ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. ഈ മാസം ഏഴിന് സംസ്ഥാന ബജറ്റ് അവതരണം നേരിൽ കാണാൻ സംഘം നിയമസഭ സന്ദർശിക്കും.  ഇതു കൂടാതെ വിക്രംസാരാഭായ് സ്പേസ് സെന്റർ, വിഴിഞ്ഞം തുറമുഖം, ടെക്നോപാർക്ക്, സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എന്നിവയിൽ പഠന യാത്രയും കോവളം ബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഈ മാസം 9 വരെ നീണ്ടു നിൽകുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ ഉണ്ടാകും. പട്ടികജാതി, പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ, ഡോ. ശശി തരൂർ എം പി, മുൻ കേന്ദ്ര സഹ മന്ത്രി  വി. മുരളീധരൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി പാർവതി IIS, LWE ഡിവിഷൻ സെക്യൂരിറ്റി അഡ്വൈസർ കേണൽ ആശിഷ് ശർമ്മ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പരിപാടികളിൽ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by