ആലപ്പുഴ: രാഷ്‌ട്രീയപാര്‍ട്ടികള്‍ ഈഴവ സമുദായത്തെ വെറും കറിവേപ്പിലയായി കാണുകയാണെന്ന രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് രാഷ്‌ട്രീയപാര്‍ട്ടികളുടെ മതന്യൂനപക്ഷ പ്രീണനം
അദ്ദേഹം അക്കമിട്ട് നിരത്തിയിരിക്കുന്നത്.
സമകാലിക കേരള രാഷ്‌ട്രീയത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കില്‍ അത് ഈഴവരാണ്. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായിട്ടും രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസപരമായെല്ലാം അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏതു രാഷ്‌ട്രീയപാര്‍ട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥയെന്ന് വെള്ളാപ്പള്ളി പറയുന്നു. ‘കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ. ബാബു എന്ന ഒരു ഈഴവ എംഎല്‍എ മാത്രമേയുള്ളൂ. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകും’.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. വൈസ് ചാന്‍സലര്‍, പിഎസ്സി അംഗത്വം, എംപിമാരുടെ നോമിനേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാരഥ്യപദവികള്‍ തുടങ്ങിയ കാര്യങ്ങള്‍ വരുമ്പോള്‍ അവരും പിന്നാക്ക അണികളെ മറക്കും. ഇടതുപക്ഷത്തു നിന്നുള്ള പരിഗണന പിന്നാക്കവിഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യം അവലംബിച്ചത് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടെ വലിയ നിരാശ സൃഷ്ടിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം. സംഘടിത മതങ്ങളും അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പാര്‍ട്ടികളുമാണ് ഇപ്പോള്‍ കേരള രാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. ജനസംഖ്യയുടെ 29 ശതമാനത്തോളം വരുന്ന ഈഴവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു റോളുമില്ല. ഇടതു, വലതു മുന്നണികളുടെ രണ്ടാംനിര നേതാക്കളില്‍ നല്ലൊരു പങ്കും സംഘടിത മതങ്ങളില്‍ നിന്നുള്ളവരാണ്. വോട്ടുബാങ്കുകളുടെ ബലവും വിലപേശല്‍ തന്ത്രങ്ങളുമാണ് ഇവരുടെ ആധിപത്യത്തിനു കാരണം’.
മുഖ്യമന്ത്രി ആര്‍. ശങ്കറിനു ശേഷം വിദ്യാഭ്യാസ മേഖലയില്‍ ഈഴവര്‍ തഴയപ്പെട്ടു. മലബാറില്‍ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് അനുവദിച്ചില്ല. ഇടതുസര്‍ക്കാര്‍ അധികാരമേറിയപ്പോള്‍, പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ ഈ അവഗണന അവസാനിക്കുമെന്ന പ്രതീക്ഷകള്‍ ഉണ്ടായെങ്കിലും നിരാശയായിരുന്നു ഫലം. ജനാധിപത്യത്തില്‍ സാമൂഹ്യനീതിയാണ് വേണ്ടത്. സംഘടിത സമുദായങ്ങള്‍ക്കേ അധികാരത്തിന്റെ അകത്തളങ്ങളില്‍ പ്രവേശനമുള്ളൂ എന്നു വന്നാല്‍ അത് സാമൂഹ്യവ്യവസ്ഥയെ ശിഥിലമാക്കും… അസംതൃപ്തരായ വലിയൊരു വിഭാഗമായി പിന്നാക്കക്കാര്‍ മാറിയാലുള്ള ഭവിഷ്യത്ത് നേതൃത്വങ്ങള്‍ തിരിച്ചറിയണം. അവഗണനയും ചവിട്ടിത്തേക്കലും തുടരാനാണ് ഭാവമെങ്കില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചുകൊടുക്കുക തന്നെ വേണം. അതിനുള്ള അവസരമാണ് ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന കറിവേപ്പിലയല്ല നാമെന്ന് തെളിയിക്കാനുള്ള അവസരം. വെള്ളാപ്പള്ളി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക