ഒരു നാടിന്റെ പോക്ക് എങ്ങോട്ട് എന്ന ചര്‍ച്ചയ്‌ക്ക് ആഴവും വ്യാപ്തിയും കൈവരുന്നത് വികസനത്തിന്റെയും സാങ്കേതിക കുതിപ്പിന്റെയും ആരോഗ്യ, സാക്ഷരതാ രംഗത്തെ മേന്‍മയുടെയും ഗ്രാഫ് അടയാളങ്ങളില്‍ മാത്രമല്ല. സ്ത്രീ-പുരുഷ സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചിന്തകളും അതില്‍ പ്രസക്തവും പ്രധാനവുമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കാനും സംരക്ഷിക്കാനും കഴിയാത്ത നാട് മറ്റെന്ത് മേന്മ അവകാശപ്പെട്ടാലും, അവളുടെ കണ്ണുനീരില്‍ അതെല്ലാം ഒലിച്ചുപോകും. വേദനയോടെ കേട്ട ചില വര്‍ത്തമാനകാല സംഭവങ്ങള്‍ കേരളം എങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാക്കുന്നു.
ചോറ്റാനിക്കരയിലെ അതിജീവിത ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടതും, പതിനാലുകാരി പ്രസവിച്ച വാര്‍ത്തയും പത്തനംതിട്ടയിലെ പോക്‌സോ കേസും ഉള്‍പ്പെടെ കേള്‍ക്കുമ്പോള്‍ ആധുനിക സമൂഹം സ്ത്രീയെ എങ്ങനെ പരിഗണിക്കുന്നു എന്ന സത്യം ഞെട്ടലോടെ തിരിച്ചറിയുന്നു. ഒപ്പം, സൂര്യനെല്ലിയും അട്ടപ്പാടിയും വണ്ടിപ്പെരിയാറുമൊക്കെ മനസ്സിലേയ്‌ക്കു വരുന്നു. വണ്ടിപ്പെരിയാറിലെ പീഡനക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടപ്പോള്‍ കോടതി വളപ്പില്‍ കരഞ്ഞുതളര്‍ന്ന അമ്മയുടെ ചിത്രം ആരേയും നോവിക്കും. ആലുവയില്‍ വീടിനുള്ളില്‍ കിടന്നുറങ്ങിയ എട്ടുവയസുകാരിയെ എടുത്തു കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി കൊന്നതും നമുക്ക് മുന്നിലുണ്ട്.
പെരുകുന്ന കുറ്റകൃത്യങ്ങള്‍
ഇവിടെയെല്ലാം സ്ത്രീസുരക്ഷ എന്ന പദമാണ് വിചാരണ ചെയ്യപ്പെടുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍പ്പോലും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം ദയനീയ പരാജയമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം കൊലപാതക ശ്രമങ്ങളും ബലാത്സംഗവും മോഷണവും വഞ്ചനയും സൈബര്‍ കുറ്റകൃത്യങ്ങളും നടന്ന വര്‍ഷമായി 2024നെ രേഖപ്പെടുത്തിയത് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ്. 2024 ജനുവരി മുതല്‍ നവംബര്‍ വരെ 1029 കൊലപാതക ശ്രമങ്ങളും 2636 ബലാത്സംഗക്കേസുകളും 4842 മോഷണക്കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 3346 ആയി വര്‍ധിച്ചു. 2023ലാണ് ഇതിന് സമാനമായ വിധത്തില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത്. ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷമായി 2024 മാറിയെന്ന നാണക്കേടും ബാക്കി.
അവരെ കേള്‍ക്കാം, അമ്മ മനസ്സോടെ
വീട്ടിലും പുറത്തും വെല്ലുവിളി നേരിടുകയാണ് കേരളത്തിലെ സ്ത്രീകളെന്ന് ഈ സമീപകാല കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. പത്തനംതിട്ട കേസില്‍, പീഡിപ്പിച്ച ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി കുറിച്ചുവെച്ചിരുന്നു എന്നാണറിഞ്ഞത്. ഈ കാലയളവിലായിരുന്നു ‘അമ്മ’യുടെ റോളില്‍ ഒരു സ്ത്രീ ആ കുട്ടിയുടെ ജീവിതത്തില്‍ ഇടപെടേണ്ടിയിരുന്നത്. ബാല്യവും കൗമാരവും കടന്ന് യൗവനയുക്തയാവുന്നതുവരെ ഓരോ പെണ്‍കുട്ടിയുടെയും മാനസികവും ശാരീരികവുമായ തുടിപ്പുകള്‍ തൊട്ടറിയാന്‍ അമ്മമാര്‍ക്ക് സാധിക്കണം. അവര്‍ക്കേ സാധിക്കൂ. കുട്ടികളെ മാനസികമായി അലട്ടുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും സ്‌നേഹരൂപത്തില്‍ ഉപദേശിക്കാനും ചേര്‍ത്തു നിര്‍ത്താനും മകള്‍ക്ക് കേടുണ്ടാവാത്ത വിധം പരിഹാരം തേടാനും അമ്മമാര്‍ക്ക് സാധിക്കണം. അമ്മ എന്നാല്‍ പ്രസവിച്ച സ്ത്രീ മാത്രമല്ല. മനസ്സില്‍ മാതൃവാത്സല്യം പേറുന്ന ഏതൊരു സ്ത്രീയ്‌ക്കും അമ്മയുടെ റോള്‍ ഏറ്റെടുക്കാം. അത് സഹോദരിയാവാം രണ്ടാനമ്മയാവാം ബന്ധുവാകാം ആരുമാവാം. എല്ലാം തുറന്ന് പറയാവുന്ന സാഹചര്യം വീട്ടിനുള്ളില്‍ ഉണ്ടായാല്‍, കുട്ടികള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കും. ഒരിക്കല്‍ സംഭവിച്ചത് പിന്നീട് ആവര്‍ത്തിക്കുന്ന അവസ്ഥ തടയാനും
സാധിക്കും. പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ പ്രതികളായപ്പോഴും അതൊന്നും വീട്ടുകാര്‍ അറിഞ്ഞില്ല എന്നത് എത്ര ഭയാനക അവസ്ഥയാണ്!
വീട്ടുകാര്‍ പെണ്‍കുട്ടികളോട് പെരുമാറുന്ന രീതിയും പ്രസക്തമാണ്. വീടുകള്‍ക്കുള്ളില്‍ ആണ്‍കുട്ടി, പെണ്‍കുട്ടി വേര്‍തിരിവ് ഉണ്ടാകുമ്പോള്‍ എല്ലാം തുറന്ന് പറയാന്‍ പെണ്‍കുട്ടികള്‍ മടിക്കും. അച്ഛനോടും സഹോദരനോടും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും വീട്ടിലെ സ്ത്രീകളോട് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കും. ഇതു തന്നെയാണ് വാളയാര്‍ കേസിലും പറയാന്‍ സാധിക്കുക. അമ്മയുടെ ഇടപെടല്‍ യഥാസമയം ഉണ്ടായിരുന്നെങ്കില്‍ വാളയാറില്‍ രണ്ടാമത്തെ കുരുന്നിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു.
കരുതലേകാം, കാവലാകാം
വീടിന് പുറത്താണ് പുരുഷന്റെ റോള്‍ കൂടുന്നത്. സമൂഹത്തിനു നേരെ പിടിച്ച ഭൂതക്കണ്ണാടി പോലെയാവണം പെണ്‍മക്കളെ സ്‌നേഹിക്കുന്ന ഓരോ പുരുഷനും. ജീവിക്കുന്ന പരിസരത്തെപ്പറ്റിയും ആളുകളെപ്പറ്റിയും അവര്‍ ബോധവാന്മാരാകണം. പെണ്‍കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവള്‍ക്ക് പിന്നാലെ, എന്നാല്‍ ഒരു അകലത്തില്‍ സംരക്ഷണ കവചമായി അച്ഛന്റെയോ സഹോദരന്റെയോ ജാഗ്രത ഉണ്ടാവണം. ഇത്തരത്തില്‍ ജാഗ്രത്തായ ഒരുപാട് പുരുഷന്മാരുടെ സാന്നിധ്യം സമൂഹത്തിലെ ഛിദ്രവാസനകളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും.
പീഡനത്തില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സമൂഹവും തിരിച്ചറിയണം. ഇവര്‍ ഇങ്ങനെ ഇടപെടുന്നതിലൂടെ പരസ്പര ബഹുമാനവും സമത്വബോധവും സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്‌കാരിക മാറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. പെണ്‍കുട്ടികള്‍ വീടുകളില്‍ പീഡനത്തിന് ഇരയാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മനോഭാവമാണ്. പെണ്‍കുട്ടികളെ പലപ്പോഴും പുരുഷ എതിരാളികള്‍ തങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരായി കാണുന്നു, അവര്‍ പലപ്പോഴും നിശബ്ദമാക്കപ്പെടുന്നു. ഈ അധികാര അസന്തുലിതാവസ്ഥ, ദുരുപയോഗത്തിന് അനുകൂലമായ അന്തരീക്ഷം നമ്മുടെ ഇടയില്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമേ ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്താന്‍ കഴിയൂ. പെണ്‍കുട്ടികള്‍ വീടുകളില്‍ പീഡനത്തിന് ഇരയാകുന്നതിന്റെ മറ്റൊരു നിര്‍ണായക ഘടകം അവരുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അഭാവമാണ്. പല പെണ്‍കുട്ടികള്‍ക്കും തങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങളെയും നയങ്ങളെയും കുറിച്ച് അറിയില്ല. സ്വന്തം അവകാശങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്, പീഡന കേസുകള്‍ തിരിച്ചറിയാനും റിപ്പോര്‍ട്ട് ചെയ്യാനും അവരെ പ്രാപ്തരാക്കുകയും വേണം.
സ്ത്രീ സൗഹൃദമാവട്ടെ സമൂഹം
പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനങ്ങളുടെ ആവശ്യകത പോക്‌സോ കേസുകള്‍ എടുത്തുകാണിക്കുന്നുണ്ട്. പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍, പ്രതികാരമോ അപമാനമോ ഭയന്ന് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കും. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍, ശാരീരിക അവസ്ഥ, ആരോഗ്യകാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് സ്‌കൂളുകള്‍ക്കും കമ്മ്യൂണിറ്റി സംഘടനകള്‍ക്കും വര്‍ക്ക്‌ഷോപ്പുകളും പരിശീലന സെഷനുകളും നടത്താന്‍ കഴിയും. പെണ്‍കുട്ടികളെ ബഹുമാനിക്കുന്നതിന്റെയും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആണ്‍കുട്ടികളെയും പുരുഷന്മാരെയും ബോധവത്കരിക്കാനും അത്തരം പരിപാടികള്‍ക്കു കഴിയും. വീട്ടില്‍ നിന്നാണ് എല്ലാം തുടങ്ങേണ്ടത്. ആണ്‍കുട്ടികളെ എങ്ങനെയാണോ സ്ത്രീകളെ ബഹുമാനിക്കും വിധത്തില്‍ വളര്‍ത്തുന്നത്, അതുപോലെയാവും സമൂഹത്തില്‍ അവരുടെ ഉയര്‍ച്ച.
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ ലഹരിക്ക് അടിമയായ മകന്‍, അമ്മയെ കഴുത്തറുത്ത് കൊന്ന വാര്‍ത്ത കേട്ട് സ്തബ്ധയായിപ്പോയി. നമ്മുടെ സ്‌കൂള്‍ പരിസരംപോലും ലഹരിയുടെ ഹബ്ബായി മാറുമ്പോഴും നിയമപാലകര്‍ നിസ്സംഗരായി നില്‍ക്കുന്നു. അലസ മനസ്സുകളിലാണല്ലോ ദുഷിപ്പുകള്‍ കയറിക്കൂടുന്നത്. അരക്ഷിതമായ യൗവനം, നിരാശയിലാഴ്ന്ന തലമുറ രക്ഷിതാക്കളെയും സ്ത്രീകളെയും ഒരുപോലെ ഉപദ്രവിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചാല്‍ ഈ സാഹചര്യത്തെ ഒരുപരിധിവരെ മറികടക്കാം.
നാട് സ്ത്രീസൗഹൃദമാകണമെങ്കില്‍ സാംസ്‌കാരിക അവബോധമുണ്ടാകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എല്ലാ വാര്‍ഡിലും കള്‍ച്ചറല്‍ സോണുകള്‍ ഉണ്ടാക്കി പുതു തലമുറയെ അതിന്റെ ഭാഗമാക്കണം. ഛിദ്രവാസനകളില്‍ നിന്ന് അവരെ അകറ്റാന്‍ ഇതു സഹായിക്കും. സ്ത്രീ, പുരുഷ സമത്വത്തിലൂടെ സ്ത്രീപീഡനം വലിയൊരളവു വരെ ഇല്ലാതാകും. ഈ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന റോള്‍ ഏറ്റെടുക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്.സമൂഹവും സ്ത്രീയും എങ്ങനെ ജൈവികമായി ഇഴചേര്‍ന്നു കിടക്കുന്നു എന്ന് ഋഗ്വേദകാലഘട്ടം മുതല്‍ ഭാരതം പഠിപ്പിക്കുന്നു.”യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ” എന്നത് കേവലം ശ്ലോകശകലമല്ല, ഒരു സംസ്‌കാരം കൂടിയാണ്. സ്ത്രീയെ ബഹുമാനിക്കുകയും കൂടുതല്‍ അവസരം കൊടുക്കുകയും നയിക്കാന്‍ പ്രാപ്തയാക്കുകയും ചെയ്യുകവഴി സമൂഹത്തെ നല്ല പാതയിലേയ്‌ക്കു വഴിതിരിച്ചുവിടാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല; അമേരിക്കയിലെ പ്രശസ്ത രാഷ്‌ട്രീയനേതാവ് ബ്രിഗം യങ് പറഞ്ഞ വാക്കുകള്‍ കുറിക്കട്ടെ: ”നിങ്ങള്‍ ഒരു പുരുഷനെ പഠിപ്പിച്ചാല്‍ ഒരു പുരുഷനെ മാത്രമാണ് പഠിപ്പിക്കുന്നത്; നിങ്ങള്‍ ഒരു സ്ത്രീയെ പഠിപ്പിച്ചാല്‍ നിങ്ങള്‍ ഒരു തലമുറയെയാണ് പഠിപ്പിക്കുന്നത്. അതേ, സ്ത്രീത്വം എന്നത് ഒരു സംസ്‌കാരമാണ്; സ്ത്രീത്വത്തെ മാനിക്കുക എന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക