രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ, ഫലത്തില്‍ താനാരാണെന്നു സ്വയം പ്രഖ്യാപിക്കുകകൂടിയാണു ചെയ്തത്. വിവരക്കേടും വിദ്വേഷവും അധികാരക്കൊതിയും അസഹിഷ്ണുതയും മൂര്‍ത്തരൂപംപൂണ്ടതാണു താനെന്ന് അവര്‍ രാഷ്‌ട്രത്തോടു വിളിച്ചു പറഞ്ഞിരിക്കുന്നു. സാമ്പത്തിക നിലയും വളര്‍ന്നുവന്ന ജീവിത സാഹചര്യങ്ങളും നിറവും സൗന്ദര്യവും മതവും ജാതിയും ഗോത്രവും ഒന്നുമല്ലല്ലോ മനുഷ്യരെ വലിയവരാക്കുന്നത്. അതു വ്യക്തിത്വവും സംസ്‌കാരവുമാണ്. അതു പ്രകടമാകുന്നത് സംസാരം അടക്കമുള്ള പ്രതികരണങ്ങളിലും പെരുമാറ്റത്തിലുമാണ്. ഇവിടെ ഈ ഒരൊറ്റ പരാമര്‍ശംകൊണ്ടുതന്നെ സോണിയ എറുമ്പിനോളം ചെറുതായിരിക്കുന്നു. ഭാരതം ആദരിക്കുന്ന രാഷ്‌ട്രപതി എന്ന നിലയില്‍ ദ്രൗപതി മുര്‍മുവിനു മുന്നില്‍ അവര്‍ ഇനി ആരായിരിക്കുമെന്നു സമൂഹം വിലയിരുത്തട്ടെ. ഭരണഘടനയേയും പാര്‍ലമെന്റിനേയും രാഷ്‌ട്രത്തിന്റെ ഭരണവ്യവസ്ഥിതിയേയും ആദരിക്കാത്തവര്‍ക്ക് രാഷ്‌ട്രപതി സ്ഥാനത്തിന്റെ മഹിമ മനസ്സിലായെന്നു വരില്ല. വ്യക്തിക്കപ്പുറം ആ സ്ഥാനത്തിന് വലിയ മൂല്യമുണ്ട്. അതറിയണമെങ്കിലും വേണം ചിന്താനിലവാരം. വാക്കുകള്‍കൊണ്ടു സോണിയ അവഹേളിച്ചത് രാഷ്‌ട്രപതി സ്ഥാനത്തിരിക്കുന്ന വ്യക്തിയേ മാത്രമല്ല. രാജ്യത്തെ മുഴുവന്‍ സ്ത്രീ സമൂഹത്തേയും പ്രത്യേകിച്ച് വനവാസി വിഭാഗത്തേയുമാണ്. കുറഞ്ഞ പക്ഷം സാമാന്യ മര്യാദയെങ്കിലും ഉണ്ടെങ്കില്‍ സോണിയയെപ്പോലൊരാള്‍ അതു പറയില്ലായിരുന്നു.
സമയവും സ്ഥലവും സന്ദര്‍ഭവും നോക്കാതെ വായില്‍ത്തോന്നിയതു വിളിച്ചു പറയുകയും, അത് കെങ്കേമമായി ആഘോഷിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിന്റെ അമ്മതന്നെ ഇതു പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ലായിരിക്കാം. ഓരോരുത്തരുടേയും സംസ്‌കാരത്തിനനുസരിച്ചാണല്ലോ വാക്കുകളും പ്രതികരണവുമൊക്കെയുണ്ടാവുക. ഭാരതത്തിന്റെ സംസ്‌കാരം എന്തെന്ന് ഇനിയും പഠിക്കാത്ത, അതിനു താത്പര്യമില്ലാത്ത ഈ നേതാക്കള്‍ പറയുന്നതെന്തും കൊണ്ടാടാന്‍ വിധിക്കപ്പെട്ട മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതൊന്നും തിരുത്താനുള്ള ധൈര്യം കാണിക്കാനിടയില്ല. കോണ്‍ഗ്രസ്സിലെ കുടുംബാധിപത്യ വ്യവസ്ഥിതി അത് അനുവദിക്കാനുമിടയില്ല. തങ്ങള്‍ക്കു ഭരിക്കാനുള്ളതാണ് ഈ രാജ്യം എന്നും, തങ്ങളേ ഭരിക്കാവൂ എന്നും ധരിച്ചുവശായ ഒരു കുടുംബത്തിന്റെ നഷ്ടബോധത്തിന്റെ ശബ്ദമാണ് സോണിയയുടേയും രാഹുലിന്റേയും വാക്കുകളില്‍ കുറച്ചുകാലമായി മുഴങ്ങിക്കേള്‍ക്കുന്നത്. അതിന്റെ വിവിധ രൂപങ്ങളാണ് ഇതൊക്കെ.
ഗോത്രവിഭാഗങ്ങളേയും വനവാസികളേയും ദളിതരേയും എല്ലാം രാഷ്‌ട്ര സമൂഹത്തിന്റെ ഭാഗമായിക്കണ്ടു ചേര്‍ത്തുനിര്‍ത്തിപ്പോന്ന പാരമ്പര്യമാണല്ലോ ഈ നാടിന്റേത്. ഇവിടെ ഏതു വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും എത് ഉന്നത പദവിയിലുമെത്താം. അതൊന്നും ഉള്‍ക്കൊള്ളാന്‍, ഇന്നും ഈ നാടിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളാനോ ഈ നാടിനെ സ്വന്തം രാജ്യമായി അംഗീകരിക്കാനോ കഴിയാത്തവര്‍ക്കു പറ്റില്ലായിരിക്കാം. ഭാരതത്തെ തന്റെ ഭര്‍ത്താവായ രാജീവിന്റെ രാജ്യം എന്ന് ഒരിക്കല്‍ സോണിയ വിശേഷിപ്പിച്ചതില്‍ ഒരു പാട് അര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന് ആദ്യമായി ഭരണം നഷ്ടമായ 1977ല്‍, ഇറ്റാലിയന്‍ എംബസിയില്‍ അഭയം തേടിയ ചരിത്രവും അവര്‍ക്കുണ്ട്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ നുണയന്‍ എന്നു പാര്‍ലമെന്റില്‍ വിശേഷിപ്പിച്ച സോണിയയുടെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. രാഹുലിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളിലും പ്രവര്‍ത്തനങ്ങളിലും തെളിഞ്ഞുകാണുന്നതും ഈ രാജ്യത്തോടുള്ള കൂറില്ലായ്മയാണ്. പാര്‍ലമെന്റിനോടും ഭരണഘടനയോടുമുള്ള അനാദരവിനുപിന്നിലും, സനാതന ധര്‍മത്തോടും ഹൈന്ദവ സംസ്‌കൃതിയോടുമുള്ള എതില്‍പ്പിനു പിന്നിലും അതൊക്കെത്തന്നെയാണ്. തങ്ങള്‍ക്കു ഭരിക്കാനുള്ള കസേരമാത്രമാണ് അവര്‍ക്ക് ഭാരതത്തില്‍ പ്രാധാന്യമുള്ളതായിട്ടുള്ളത്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍പും രാഷ്‌ട്രപതിയെ അധിക്ഷേപിച്ച അവസരങ്ങളുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് അവര്‍ എത്താത്തതിനെക്കുറിച്ച് വംശീയമായ പരാമര്‍ശത്തിലൂടെ പരിഹാസരൂപത്തിലാണ് രാഹുല്‍ അടക്കമുള്ള കോണ്‍ഗ്രസ്സുകാര്‍ പ്രതികരിച്ചത്. ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത് അവര്‍ രാഷ്‌ട്രപതിയല്ല, രാഷ്‌ട്ര പത്നിയാണ് എന്നാണ്. കോണ്‍ഗ്രസ്സില്‍ തിരുവായ്‌ക്ക് എതിര്‍വാ ഇല്ലാത്തിടത്തോളം കാലം സോണിയാ കുടുംബം പറയുന്നത് ആ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ ഏറ്റുപാടിക്കൊണ്ടിരിക്കും. അത് ആ പാര്‍ട്ടിയുടെ വിധിയാണ്. ഒരു പരിധിവരെ ഭാരതത്തിന്റെയും. വെറുതേയല്ല, ഭാരതം കോണ്‍ഗ്രസ് മുക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: