Kerala

കുടിശ്ശിക നല്‍കാന്‍ ധാരണ, റേഷന്‍ വാതില്‍പ്പടി വിതരണ കരാറുകാരുടെ സമരം പിന്‍വലിച്ചു

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു. സപ്ലൈകോ നല്‍കാനുള്ള കുടിശ്ശിക പൂര്‍ണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 24 ദിവസമായി റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തില്‍ നിന്നും കരാറുകാര്‍ വിട്ടു നിന്നത്. സെപ്റ്റംബര്‍ മാസത്തെ തുകയുടെ 40 ശതമാനവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുകയുമാണ് കുടിശ്ശികയായിരുന്നത്. സര്‍ക്കാര്‍ സപ്ലൈകോയ്‌ക്ക് അനുവദിച്ച 50 കോടി രൂപയില്‍ നിന്നും സെപ്റ്റംബറിലെയും ഒക്ടോബറിലെയും കുടിശ്ശിക പൂര്‍ണ്ണമായും നവംബര്‍ മാസത്തെ 50 ശതമാനം തുകയും നല്‍കാമെന്ന് ജനുവരി 16 ന് നടത്തിയ ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചിരുന്നതാണ്. എന്നാല്‍ നവംബര്‍ മാസത്തെ കുടിശ്ശികയില്‍ 75% തുക നല്‍കണമെന്നായിരുന്നു കരാറുകാരുടെ ആവശ്യം. ഇക്കാരണത്താല്‍ കരാറുകാര്‍ സമരം തുടരുകയായിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി കരാറുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സെപ്റ്റംബര്‍ മാസത്തെയും ഒക്ടോബര്‍ മാസത്തെയും മുഴുവന്‍ തുകയും നവംബര്‍ മാസത്തെ തുകയുടെ 60 ശതമാനവും നല്‍കാമെന്ന് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. തിങ്കളാഴ്ച മുതല്‍ തുക കരാറുകാരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിന് സപ്ലൈകോ സി.എം.ഡി യ്‌ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇന്ന് ഉച്ചയ്‌ക്ക് ശേഷം വാതില്‍പടി വിതരണം പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാമെന്ന് കരാറുകാര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക