Entertainment

മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണ് ;നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്;സനല്‍ കുമാര്‍ ശശിധരന്‍

Published by

നടി മഞ്ജു വാര്യരോടുള്ള പ്രണയത്തെ കുറിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാല്‍ ആ ഇഷ്ടം തുറന്നുപറയാന്‍ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നും സനല്‍ കുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടി സംവിധായകനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

മഞ്ജു വാര്യര്‍ വേഷമിട്ട ‘കയറ്റം’ എന്ന സിനിമയുടെ ലിങ്ക് ഓണ്‍ലൈനില്‍ പങ്കുവച്ചതിന് പിന്നാലെ തന്റെ പ്രണയത്തെ കുറിച്ച് വീണ്ടും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണെന്നും അവര്‍ തന്നോട് സംസാരിച്ച കോള്‍ റെക്കോഡുകള്‍ പങ്കുവെയ്‌ക്കുകയാണെന്നും അവകാശപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പും സനല്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ”നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്” എന്ന വരികളോടെ നടിയെ ടാഗ് ചെയ്തു കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. കയറ്റം സിനിമയിലെ മഞ്ജുവിന്റെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സനല്‍ കമാര്‍ ശശിധരന്റെ കുറിപ്പ്:

സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാന്‍ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരുമായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.

അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാന്‍ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാന്‍ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാന്‍ തോല്‍വി സമ്മതിച്ചു.

മുന്‍പ്, നിന്റെ മൗനം എന്നില്‍ ഉണര്‍ത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോര്‍ക്കുമ്പോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാന്‍ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു.

നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തില്‍ വിളിച്ചുപറയേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക