Vicharam

റിപ്പബ്ലിക് ദിനത്തിന്റെ രാഷ്‌ട്രീയ സന്ദേശങ്ങള്‍

ഭാരതം പൗരാധിപത്യ രാഷ്ട്രമാകുകയും അതിന്റെ നിലനില്‍പ്പിനായി ഭരണഘടനാ തത്വങ്ങള്‍ പാലിച്ചും ജനാധിപത്യത്തെ ഏറ്റവും താഴേക്കിടയിലുള്ളര്‍ക്കും കൂടി സംരക്ഷിച്ചും രാഷ്ട്രത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നതിലേക്കുള്ള ഔദ്യോഗിക കാല്‍വെയ്പ്പായിരുന്നു ആദ്യ റിപ്പബ്ലിക് ദിനം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഓരോ വര്‍ഷവും, പൗരാധിപത്യ-ജനാധിപത്യ രാഷ്ട്രക്രമത്തിലുള്ള നമ്മുടെ പുരോഗതിയെ ലോകത്തിനുമുന്‍പില്‍ അവതരിപ്പിക്കുന്നതിനും, പുതുതലമുറകളിലേക്ക് ഭരണഘടനയുടെ സാംസ്‌കാരിക പരിസരത്തെ പകര്‍ന്നുനല്കുന്നതിനുമായി റിപ്പബ്ലിക് ദിനമാഘോഷിക്കുന്നത്.

Published by

സാങ്കേതികമായി വിലയിരുത്തുമ്പോള്‍ 1950 ജനുവരി 26 നു ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിയമം അവസാനിക്കുകയും ഭാരതം ഒരു റിപ്പബ്ലിക്ക് ആയി മാറുകയും ചെയ്തു. പരമാധികാരം ജനങ്ങളില്‍ കേന്ദ്രീകരിക്കുകയും ഭരണഘടനയുടെ തത്വങ്ങളെ മുന്‍നിര്‍ത്തി ജനങ്ങള്‍ക്കുവേണ്ടി ഭരണകൂടം രൂപംകൊള്ളുകളും ചെയ്യുന്ന ഏറ്റവും ഉദാത്തമായ ഭരണസംവിധാനമാണ് 1950 ജനുവരി 26 ന് ഭാരതത്തില്‍ നിലവില്‍ വന്നത്. ഇതോടൊപ്പം, ബ്രിട്ടീഷ് രാജിന്റെയും കൊളോണിയല്‍ അധീശത്വത്തിന്റെയും അവസാന അവശേഷിപ്പുകള്‍കൂടി ഇല്ലാതായി. ഭാരതം അതിന്റെ അവകാശികളുടെ പൊതുസ്വത്തായി. 1946 മുതല്‍ നീണ്ടുനിന്ന ചര്‍ച്ചകളുടെയും ആശങ്കകളുടേതുമായ ഒരു കാലഘട്ടത്തിനാണ് 1950 ജനുവരിയില്‍ ഭരണഘടനയുടെ രൂപത്തില്‍ ഉത്തരമുണ്ടായത്. എന്നാലിത് ഭരണഘടന തയ്യാറാക്കുന്നതിനായി നമ്മളെടുത്ത കേവലം മൂന്നുവര്‍ഷങ്ങളിലെ ത്യാഗങ്ങളുടെ ആകെത്തുക മാത്രമായിരുന്നില്ല. പ്രാചീന ഭാരത സംസ്‌കാരത്തിന്റെ വൈജ്ഞാനിക-സാംസ്‌കാരിക പാരമ്പര്യം, സഹിഷ്ണുത, വ്യത്യസ്ത ദര്‍ശനങ്ങള്‍, കടന്നുകയറ്റങ്ങള്‍, വെല്ലുവിളികള്‍, പാകിസ്ഥാന്റെ രൂപീകരണം തുടങ്ങിയവയൊക്കെ നമ്മുടെ ഭരണഘടനയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്‌ട്രം റിപ്പബ്ലിക്ക് ആയതോടെ കേവലം ഒരു ഭരണഘടന അംഗീകരിക്കപ്പെടുകയും ഭാരതം അതിന്റെ അവകാശികളായ അന്നത്തെ 36 കോടി ജനങ്ങള്‍ക്കും അവരുടെ അനന്തര തലമുറകള്‍ക്കുമായി പങ്കുവെയ്‌ക്കപ്പെടുകയുമല്ല ഉണ്ടായത്. പകരം, ഭാരതം പൗരാധിപത്യ രാഷ്‌ട്രമാകുകയും അതിന്റെ നിലനില്‍പ്പിനായി ഭരണഘടനാ തത്വങ്ങള്‍ പാലിച്ചും ജനാധിപത്യത്തെ ഏറ്റവും താഴേക്കിടയിലുള്ളര്‍ക്കും കൂടി സംരക്ഷിച്ചും രാഷ്‌ട്രത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നതിലേക്കുള്ള ഔദ്യോഗിക കാല്‍വെയ്‌പ്പായിരുന്നു ആദ്യ റിപ്പബ്ലിക് ദിനം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഓരോ വര്‍ഷവും, പൗരാധിപത്യ-ജനാധിപത്യ രാഷ്‌ട്രക്രമത്തിലുള്ള നമ്മുടെ പുരോഗതിയെ ലോകത്തിനുമുന്‍പില്‍ അവതരിപ്പിക്കുന്നതിനും, പുതുതലമുറകളിലേക്ക് ഭരണഘടനയുടെ സാംസ്‌കാരിക പരിസരത്തെ പകര്‍ന്നുനല്കുന്നതിനുമായി റിപ്പബ്ലിക് ദിനമാഘോഷിക്കുന്നത്. തീര്‍ച്ചയായും ചെങ്കോട്ടയിലുള്‍പ്പെടെ രാഷ്‌ട്രത്തിന്റെ മുക്കിലും മൂലയിലുമായി നീലാകാശത്തിന്റെ വിഹായസ്സിലേക്ക് ഉയര്‍ന്നുപറക്കുന്ന ത്രിവര്‍ണ്ണപതാകകളും, രാജ്യാന്തര അതിഥികളും, സൈനികപരേഡുകളുമെല്ലാം നമ്മുടെ അഭിമാനനിമിഷത്തിന്റെ പ്രതിഫലങ്ങളാണ്. എന്നാല്‍, നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ കണ്ടെത്താന്‍ ഓരോ ഭരണകൂടങ്ങളും നടത്തിയ യാത്രകളും ആ യാത്രകളില്‍ അവര്‍ പുലര്‍ത്തിയ സമീപനങ്ങളുടെ വിശകലനവും കൂടിച്ചേരുമ്പോഴാണ് ഓരോ റിപ്പബ്ലിക് ദിനവും സ്വാര്‍ത്ഥകമാകുന്നത്.

ആരുടെ റിപ്പബ്ലിക്ക് ?

‘ഞാനാണ് രാഷ്‌ട്രം’ എന്നൊരിക്കല്‍ പുലമ്പിയത് ഫ്രാന്‍സിലെ ഏകാധിപതിയായിരുന്ന ലൂയി പതിനാലാമനാണ്. മധ്യകാല ഫ്രാന്‍സിലെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ അധികാരത്താല്‍ അന്ധനായിരുന്നു അദ്ദേഹം. ലൂയി പതിനാലാമനോളം വരില്ലെങ്കിലും, ചോദ്യം ചെയ്യാനാരുമില്ലാത്ത, അനിയന്ത്രിതമായ അധികാരമനുഭവിച്ച ഭരണകര്‍ത്താക്കളുടെ ഒരു കാലഘട്ടം നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാഗമാണ്. അതിന്റെ പരിണിതഫലമെന്നോണം പൗരാധികാര വ്യവസ്ഥയെ തിരസ്‌കരിക്കുന്ന ധാരാളം നിലപാടുകള്‍ നമ്മുടെ റിപ്പബ്ലിക്കിന്റെ തുടക്കം മുതലുണ്ടായിട്ടുമുണ്ട്. ദേശീയ സ്വാതന്ത്രസമരത്തിന്റെ ഒരു ഘട്ടത്തിലുണ്ടായ വ്യക്തിയധിഷ്ഠിത ദേശീയതയായിരുന്നു അതിനൊരു കാരണം.

ഗാന്ധിജിയും നേതാജിയും തെറ്റിപ്പിരിഞ്ഞ 1939 ലെ മധ്യപ്രദേശ് ത്രിപുരി സമ്മേളനത്തെത്തുടര്‍ന്നുണ്ടായ കാലാവസ്ഥ ഗാന്ധിജി-നെഹ്റു കൂട്ടുകെട്ടിന് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി. തുടര്‍ന്നുണ്ടായ നെഹ്‌റുവിന്റെ വളര്‍ച്ച അദ്ദേഹത്തെ ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ സമയമായപ്പോഴേക്കും രാഷ്‌ട്രീയ അപ്രമാദിത്വത്തിലേക്കും താന്‍പോരിമയിലേക്കും വളര്‍ത്തി. ഭരണഘടന അംഗീകരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളിലുണ്ടായ സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ മരണം നമ്മുടെ റിപ്പബ്ലിക് സംവിധാനത്തിനേല്‍പ്പിച്ച ആഘാതം ചെറുതല്ല. സര്‍ദാര്‍ പട്ടേലിന്റെ മരണം സൃഷ്ടിച്ച ശൂന്യതയാണ് ഭരണഘടനയെ തിരസ്‌കരിക്കാനും വ്യക്തിബോധ്യങ്ങളെ രാഷ്‌ട്ര ബോധ്യങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള അവസരം നെഹ്രുവിനു നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പട്ടേലിന്റെ മരണശേഷം രാഷ്‌ട്രത്തിന്റെ ഭരണഘടനയും അതിന്റെ വ്യാഖ്യാതാവും കേവലം ഒരാളിലേക്കുചുരുങ്ങി. അതോടെ സ്വന്തം വ്യക്തിബോധ്യങ്ങളെ രാഷ്‌ട്രത്തിന്റേതാക്കി അടിച്ചേല്‍പ്പിക്കാനും ഭരണഘടനയെ വെല്ലുവിളിക്കുന്നതിനു തുടക്കം കുറിച്ചതും നെഹ്‌റുവായിരുന്നു. ഭരണഘടനാ ലംഘനത്തിന്റെയും പൗരാധിപത്യസംവിധാനത്തോടുള്ള അവജ്ഞയുടെതുമായി നൂറുദാഹരണങ്ങള്‍ നെഹ്‌റുവിന്റേതായി നമുക്കുണ്ട്. കാര്യമാത്രപ്രസക്തമായ എതിര്‍പ്പുകള്‍ ഉയര്‍ത്തിയ ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലെയുള്ളവര്‍ നിശ്ശബ്ദരാക്കപ്പെടുകയോ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയോ ചെയ്തത് നെഹ്ര്‌റുവിനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. ജയന്തി ധരം തേജയും ഹരിദാസ് മുന്ദ്രയും നെഹ്രുവിയന്‍ സ്തുതിപാഠകരെ നോക്കി പല്ലിളിക്കുകയാണെങ്കില്‍ കശ്മീരിന്റെ പ്രത്യേക അധികാരം, ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദുരൂഹ മരണം, ടിബറ്റ്, ജനറല്‍ തിമ്മയ്യ തുടങ്ങിയ ചരിത്രങ്ങള്‍ നമ്മെയാണ് പരിഹസിക്കുന്നത്. അതുപോലെ, നമ്മുടെ ആദ്യ ഭരണഘടനാ ഭേദഗതിക്കു കാരണമായത് ക്രോസ്സ്റോഡ് , ഓര്‍ഗനൈസര്‍ എന്നീ കേസുകളിലുള്ള കോടതിവിധിയായിരുന്നുവെങ്കില്‍, 1960 ല്‍ എഡ്വിനാമൗണ്ട്ബാറ്റന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് തൃശൂല്‍ നെഹ്റു അയച്ചത് വ്യക്തിപരമായ സന്തോഷത്തിനുവേണ്ടിയായിരുന്നു. ചുരുക്കത്തില്‍, വ്യക്തിഗത നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി ഭാരതത്തിന്റെ പൗരാധികാര ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് റിപ്പബ്ലിക്കിലേക്ക് നമ്മള്‍ പിച്ചവച്ചുനടന്നത്.

‘എന്റെ ബോധ്യങ്ങള്‍, രാഷ്‌ട്രത്തിന്റേതും’

പൗരാധിപത്യത്തോടുള്ള നമ്മുടെ ആദ്യകാല നിലപാടുകള്‍ എത്ര ദുര്‍ബലമായിരുന്നുവെന്നു 1966 മാര്‍ച്ചിലെ ഒരു കൊലപാതകം വ്യക്തമാക്കുന്നുണ്ട്. പഴയ മധ്യപ്രദേശിലെ (ഇന്നത്തെ ഛത്തീസ്ഗഡ്) ബസ്തറിലെ മുന്‍രാജാവായിരുന്ന പ്രവീര്‍ചന്ദ്ര ദിയോയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ഒരു പറ്റം വനവാസികളെയും 1966 മാര്‍ച്ച് 25-ാം തീയതി മധ്യപ്രദേശ് പോലീസ് കൊട്ടാരത്തില്‍ കയറി വെടിവച്ചുകൊന്നു. മധ്യപ്രദേശില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ചൂഷണത്തിനെതിരെ വനവാസികളെ സംഘടിപ്പിച്ചതിനുള്ള ശിക്ഷയായിരുന്നു പ്രവീറും വനവാസികളും നേരിട്ടത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വനവാസി ചൂഷണത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുകയും വനവാസികളെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുകയും ചെയ്ത പ്രവീര്‍ ഒരിക്കലും ഭരണഘടനാവിരുദ്ധനാകില്ലല്ലോ! വനവാസികള്‍ക്കുവേണ്ടി ഒരു ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ആലോചനകള്‍ക്കിടയിലായിരുന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് അദ്ദേഹത്തെ ഇല്ലാതാക്കിയത്. ഭാരതത്തോട് അചഞ്ചലമായ കൂറും ദന്തെവാഡയുടെ അവകാശികളുമായ വനവാസികളുടെ മുന്‍രാജാവിനെ ഇല്ലാതാക്കിയതിലൂടെ അധികാരത്തിന്റെ കുത്തക തങ്ങള്‍ക്കുമാത്രമാണെന്നുള്ള സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കിയത്. പ്രവീറിന്റെ കൊലപാതകം, ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്ന വനവാസികളെ നമ്മുടെ സംവിധാനങ്ങളില്‍ നിന്നകറ്റി ക്രമേണ നക്‌സല്‍ പാളയത്തിലെത്തിച്ചു. ജനാധിപത്യ വിശ്വാസികളായ വനവാസികളെ ഭരണകൂടം കൊന്നൊടുക്കിയ 1966 ല്‍, നെഹ്റുവില്‍ നിന്ന് അധികാരം തന്നിലേക്കെടുത്ത ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. യഥാര്‍ത്ഥത്തില്‍, പ്രവീര്‍ചന്ദ്രയുടെ ദാരുണാന്ത്യം നെഹ്‌റുവിന്റെ ‘എന്റെ ബോധ്യങ്ങള്‍, രാഷ്‌ട്രത്തിന്റേതും’ എന്ന തത്വശാസ്ത്രത്തിനു ഭാരത രാഷ്‌ട്രീയത്തില്‍ പുതിയ നിര്‍വചനം നല്‍കി. ഇതിന്റെ ബാക്കിപത്രങ്ങളാണ് 1975 ലെ അടിയന്തരാവസ്ഥയിലും തുടര്‍ന്നുണ്ടായ 1979 ലെ മരീച്ഝാംപി കൂട്ടക്കൊലയിലും കലാശിച്ചത്. സഞ്ജയ്-ഇന്ദിരാ വ്യക്തിത്വങ്ങളുടെ താല്പര്യങ്ങള്‍ അടിയന്തരാവസ്ഥയില്‍ രാഷ്‌ട്രത്തിനു ബാധ്യതയായെങ്കില്‍, റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷദിനങ്ങളിലായിരുന്നു ആദ്യമായി ബംഗാളില്‍ അധികാരത്തിലെത്തിയ ജ്യോതിബസുവിന്റെ പോലീസും സിപിഎം അക്രമികളും ചേര്‍ന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ദളിത് അഭയാര്‍ഥികളെ സുന്ദര്‍ബനിയിലെ റെയ്മംഗള്‍ നദിയിലേക്ക് 1979 ജനുവരിയില്‍ വെടിവെച്ചിട്ടത്. അടിയന്തരാവസ്ഥയുടെ ഭാരം ഭാരതത്തെ ബാധിച്ചത് രാഷ്‌ട്രീയമായിട്ടായിരുന്നെങ്കില്‍, ഈ കൂട്ടക്കൊലയും ഇന്ദിരയുടെ നിയമനിര്‍മാണങ്ങളും റിപ്പബ്ലിക് എന്ന സങ്കല്പത്തെത്തന്നെ ദുര്‍ബലപ്പെടുത്തി.

യഥാര്‍ത്ഥത്തില്‍ ‘ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ’ തുടങ്ങിയ സ്തുതിവാചകങ്ങളല്ല ഇന്ദിരയുഗത്തിന്റെ സംഭാവന. പകരം’കിച്ചന്‍ കാബിനറ്റ്’ എന്ന സങ്കല്‍പ്പത്തിന് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഏറ്റവും സാധ്യത നല്‍കിയതും റിപ്പബ്ലിക്കിനെ ദുര്‍ബലപ്പെടുത്താനുള്ള തുടര്‍ച്ചയായ നയരൂപീകരണങ്ങള്‍ ഉണ്ടായതും ഈ കാലഘട്ടത്തിലായിരുന്നുവെന്ന വസ്തുതയാണ്. ഭരണഘടനാ ഭേദഗതികളായ 24-ാം ഭേദഗതി (1971), 39-ാം ഭേദഗതി (1975), 42-ാം ഭേദഗതി (1976) എന്നിവ നമ്മുടെ റിപ്പബ്ലിക് സങ്കല്പത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ ഇളക്കാന്‍ പ്രാപ്തിയുള്ളവയായിരുന്നു. അടിയന്തരാവസ്ഥയോട് വിയോജിച്ച പതിനാറോളം ന്യായാധിപന്മാരെ സ്ഥലം മാറ്റിയതും ഹേബിയസ് കോര്‍പ്പസ് കേസില്‍ ഇന്ദിരാ സര്‍ക്കാരിനോട് യോജിക്കാതിരുന്ന ജസ്റ്റിസ് എച്ച്.ആര്‍. ഖന്നക്കു പകരം എം.എച്ച് ബേഗിനെ പരമോന്നത കോടതിയില്‍ സീനിയോറിറ്റി മറികടന്നവരോധിച്ചതും ചരിത്രമാണ്. ഈ ചരിത്രത്തിന്റെ തനിയാവര്‍ത്തനങ്ങളായിരുന്നു ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഉത്തരവാദിയായ വാറന്‍ ആന്‍ഡേഴ്സനെന്ന അമേരിക്കന്‍ വ്യവസായിയെ സ്വാതന്ത്രനാക്കിയപ്പോഴും ശബാനോ കേസിലെ നിയമനിര്‍മാണത്തിലും രാഷ്‌ട്രം അഭിമുഖീകരിച്ചത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി ആറു പതിറ്റാണ്ടോളം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് എന്നും ഒരു അവസാനവാക്കുണ്ടായിരുന്നു. എന്നാല്‍, അതൊരിക്കലും ഭാരതത്തിലെ ജനകോടികളുടെ കണ്ഠനാളങ്ങളില്‍നിന്നുള്ളവയായിരുന്നില്ല. പകരം ആ വാക്കുകളുടെ ഉറവിടങ്ങള്‍ ദല്‍ഹിയിലെ ചില ‘കുലീനഭവനങ്ങളും’ അവ നിയന്ത്രിച്ചിരുന്ന’ഉന്നതകുലജാതരും ഭാരതം ഭരിക്കാന്‍ വിധിക്കപ്പെട്ടവരെന്നു സ്വയം കരുതിയവരുമായിരുന്നു. അതുകൊണ്ടുതന്നെ, നമ്മുടെ രാഷ്‌ട്രം എത്രമാത്രം പൗരാധിപത്യ-ജനാധിപത്യപരമായിരുന്നുവെന്ന ചോദ്യം പ്രസക്തമായി തുടരുന്നു.

എന്താകണം റിപ്പബ്ലിക്?

പൗരാധിപത്യഭരണക്രമമാണ് റിപ്പബ്ലിക് എന്നപദംകൊണ്ട് അര്‍ഥമാക്കുന്നത്. ജനാധിപത്യം പൂര്‍ണ്ണതയിലെത്തുന്നതും വ്യക്തികേന്ദ്രിതമല്ലാതെ ഭരണകൂടം പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോഴാണ്. സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും പൂര്‍ണ്ണമായ അര്‍ഥത്തില്‍ ഒരു പൗരാധിപത്യ ജനകീയ സംവിധാനത്തിലേക്കുള്ള നമ്മുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. അടിസ്ഥാനപരമായി, വ്യക്തിതാല്പര്യങ്ങളോ കുടുംബമാഹാത്മ്യമോ അല്ല രാഷ്‌ട്രത്തെ മുന്‍പോട്ടുനയിക്കേണ്ടതെന്നും, പകരം രാഷ്‌ട്രത്തോടുള്ള സമര്‍പ്പണമാണ് നമ്മുടെ പ്രതിനിധികള്‍ക്കുണ്ടാകേണ്ടതെന്നും നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. നമ്മെ ഭരിക്കാനായി ‘അവസാനത്തെ ഇംഗ്ലീഷുകാരനെയല്ല’ നാം തേടിക്കൊണ്ടിരിക്കുന്നതെന്നുള്ള തിരിച്ചറിവ് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്കുണ്ടാകണം. അതുണ്ടാവുമ്പോള്‍, വൈദേശികശക്തികളുമായി ചേര്‍ന്ന് ഭാരതത്തെ ആക്രമിക്കുകയും നമ്മുടെ ആഭ്യന്തരയാഥാര്‍ഥ്യങ്ങളെ ആഗോളതലത്തില്‍ വക്രീകരിക്കുകയും ചെയ്യുന്നവരെ നമുക്ക് മനസ്സിലാക്കാം. ഈ റിപ്പബ്ലിക്കും ദേശവും സംസ്‌കൃതിയും നൂറ്റാണ്ടുകളായി ഇവിടെ തലയുയര്‍ത്തി നിന്നിരുന്നു, വിവിധ രൂപങ്ങളിലും ഭാവങ്ങളിലും.

രാഷ്‌ട്രത്തെ എല്ലാക്കാലത്തും മുമ്പോട്ടു നയിക്കുന്ന ആത്മീയ-ഭൗതിക ശക്തിസ്രോതസ്സുകള്‍ ഇന്നും വളരെ ശക്തവും സജീവവുമാണ്. എന്നാല്‍, ആഭ്യന്തരമായും ആഗോളതലത്തിലും ഭാരതത്തിന്റെ ശക്തിസ്രോതസ്സുകളെ ആക്രമിച്ചില്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ തീവ്രമാണ്. അതിനാല്‍, ഇനി വരുന്ന സഹസ്രാബ്ദങ്ങളിലേക്ക് നമ്മുടെ രാഷ്‌ട്രത്തെ തലയുയര്‍ത്തി നിര്‍ത്തുന്നതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകണം ഓരോ റിപ്പബ്ലിക് ദിനവും. പൗരാധിപത്യ-ജനാധിപത്യ ഭാരതത്തിന്റെ യശ്ശസ്സും സാംസ്‌കാരിക പൈതൃകവും ഏറ്റെടുക്കാനും അടിയന്തരാവസ്ഥകളും കുടുംബാധിപത്യവും അവസാനിപ്പിക്കാനും ദളിത്-വനവാസി-അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങളും ഇല്ലാതാക്കാനും ഈ റിപ്പബ്ലിക് ദിനം നമ്മെ പ്രാപ്തരാക്കട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by