മാനന്തവാടി: കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ മൃതദേഹം അവിടെ എത്തിച്ചിരിക്കുകയാണ്.
മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിയെ നാട്ടുകാര്‍ സമ്മതിച്ചില്ല. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൂടുവെച്ചോ മയക്കുവെടിവെച്ചോ കടുവയെ പിടിക്കലാണ് ആദ്യഘട്ടമെന്ന് മന്ത്രി പ്രതികരിച്ചത് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. കക്ഷി രാഷ്‌ട്രീയമില്ലാതെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാർ പറയുന്നുണ്ട്.
അതേസമയം നരഭോജി കടുവയെ വെടിവെക്കാൻ വനംവകുപ്പ് നടപടി തുടങ്ങിയെന്നാണ് വിവരം. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ ചെയ്യുമെന്നും ധനസഹായം ഉൾപ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.
വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക