പ്രയാഗ് രാജ്… നൂറ്റാണ്ടുകളുടെ ചരിത്രമുണരുന്ന സംസ്‌കൃതിയുടെ വിശാല ഭൂമി. മഹാസാമ്രാജ്യങ്ങളുടെ കൊടിക്കൂറകള്‍ ഉയര്‍ന്നു പാറിയ നീലാകാശം. കാറ്റില്‍ കാലങ്ങളുടെ അപ്പുറത്തേക്ക് കേള്‍ക്കാന്‍ കഴിയുന്ന അശ്വമേധങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍… കുളമ്പടിയൊച്ചകള്‍… ഞാന്‍ ആത്മനിര്‍വൃതിയിലായിരുന്നു. എനിക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന തലങ്ങളിലേക്ക് ഞാനെത്തിപ്പെട്ടു.
മാതാ ഗംഗയും യമുനാ റാണിയും ആഴങ്ങളിലൊഴുകി ലയിക്കുന്ന സരസ്വതിയും ഒന്നാകുന്ന സമുദ്രവിതാനം പൂക്കളാല്‍ നിറഞ്ഞു കുളിരുന്നു. നാം തണുത്തുറഞ്ഞ ജലപ്പരപ്പിനുള്ളിലേക്ക് മുങ്ങിത്താഴുമ്പോള്‍ പവിത്ര ഗംഗയുടെ ഉള്‍ച്ചൂട്… സകല ദുഃഖങ്ങളെയും ഞാനവിടെ ഉപേക്ഷിച്ചു. അവശേഷിച്ച അഹങ്കാരങ്ങളും ഒഴുകിപ്പോയി. ചുവന്ന സൂര്യന്‍ കടുത്ത മഞ്ഞിലൂടെ കണ്ണുകളിലേക്ക് കടാക്ഷം ചൊരിഞ്ഞപ്പോള്‍ ഉള്ളില്‍ വെളിച്ചം നിറഞ്ഞു… സ്‌നേഹം…ശാന്തി…സമത്വം..സുന്ദരം..ശിവം.. എല്ലാം ശിവമയം. തേജോമയം. അനുഗ്രഹം.
ഈ യാത്രയുടെ ധന്യത എങ്ങനെ വാക്കില്‍ നിറയ്‌ക്കും!. പവിത്രമായ മഹാകുംഭമേളയിലേക്കുള്ള യാത്ര. 144 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം നടക്കുന്നത് എന്ന പ്രത്യേകത. ഭഗവാന്‍ ഹനുമാന്‍ അമൃത് ഒഴുക്കിയ ത്രിവേണി സംഗമത്തില്‍ മുങ്ങി നിവര്‍ന്ന് സൂര്യോദയം കാണുമ്പോള്‍ കടന്നുപോയ എന്റെ 19 തലമുറയില്‍ പെട്ട രക്ത ബന്ധുക്കള്‍ക്കും മോക്ഷവും വരാന്‍ പോകുന്ന 19 തലമുറകള്‍ക്ക് ഐശ്വര്യവും ലഭിക്കുന്നു എന്ന് സങ്കല്പം.
ജീവിതത്തിലെ ആദ്യ അനുഭവമാണിത്. കോടിയിലേറെ ജനങ്ങള്‍ ഒന്നിച്ച്… അതൊരു അമ്പരപ്പിക്കുന്ന, സംഭ്രമിപ്പിക്കുന്ന കാഴ്ചയാണ്. ഭക്തിയിലും വിശ്വാസത്തിലും ജീവിതത്തെ ഉറപ്പിച്ച്, ഉയര്‍ച്ചയ്‌ക്കും മോക്ഷത്തിനും പാപ പരിഹാരത്തിനുമായി എത്തുന്നവര്‍. മനുഷ്യന്റെ ഉള്‍ക്കാമ്പില്‍ വേരുപിടിച്ച ദൈവവുമായുള്ള ബന്ധത്തിന്റെ വിളിച്ചറിയിക്കല്‍. ഒരുമയും സ്‌നേഹവും ശാന്തിയും പ്രദാനം ചെയ്യുന്ന രാവുകള്‍, പകലുകള്‍. എവിടെയും ജയഘോഷം. ജയ്..ജയ്..ശ്രീറാം..ഹര്‍ ഹര്‍ മഹാദേവ്..,ജയ്..ജയ് ഹനുമാന്‍..ജയ്..ജയ്..രാധേ.. മാതാ ഗംഗാ.. ജയ്..ഗുരു..ജയ് ഗുരു.. അന്തരീക്ഷമാകെ ഭക്തിസാന്ദ്രം. നിത്യ ബ്രഹ്മചാരികളായ ആയിരക്കണക്കിന് സംന്യാസിമാര്‍, ഋഷിമാര്‍, ഭിക്ഷുക്കള്‍, ദിഗംബര സംന്യാസിമാര്‍, ഭസ്മധാരികളും കാവി വസ്ത്രധാരികളും രുദ്രാക്ഷ ധാരികളുമായ സാധാരണക്കാര്‍, അത്യപൂര്‍വ അനുഗ്രഹ ശേഷിയുള്ള താപസ ശ്രേഷ്ഠരായ, മെയ്യാകെ ഭസ്മവും രുദ്രാക്ഷ മാലകളും അണിഞ്ഞ അഘോരികള്‍.
ഒരു അഘോരി ദിവ്യന്റെ സ്പര്‍ശനവും അനുഗ്രഹവും ലഭിച്ചു. അതെന്റെ ഹൃദയാകാശങ്ങളില്‍ വൈദ്യുത തരംഗങ്ങള്‍ തീര്‍ത്തു. ഉറപ്പായും അതെനിക്ക് മറ്റൊരു ദര്‍ശനം പകര്‍ന്നു. ഒരിക്കല്‍ കൂടി ത്രിവേണി സംഗമത്തില്‍ മുങ്ങി. ഒരു രുദ്രാക്ഷ മണിഞ്ഞു. കരയിലേക്ക് കയറിയപ്പോള്‍ മുന്നില്‍ പൂര്‍ണ നഗ്‌നനായ ഒരു സംന്യാസി ഒരു കപ്പ് ചായ എനിക്കായി നീട്ടുന്നു. ഞാന്‍ വല്ലാതെ അമ്പരന്നു. ചുറ്റുപാടും നോക്കി. എല്ലാവരും തൊഴുതു നില്‍ക്കുന്നു. എനിക്ക് അല്‍പ്പം സങ്കോചം ഉണ്ടായി. എങ്ങനെ അദ്ദേഹത്തിന്റെ മുന്നിലേക്ക് ചെല്ലും. അങ്ങനെ ചെല്ലാന്‍ പാടുണ്ടോ. കുതിര്‍ന്ന് വിറച്ച് നില്‍ക്കുന്ന എന്റെ കൈയില്‍ ചായ തന്നിട്ട് അദ്ദേഹം പോയി. സമയം രാവിലെ എട്ട്. മുന്നിലെ കാഴ്‌ച്ച പോലും മറക്കുന്ന പുക മഞ്ഞ്. എനിക്കിതെങ്ങനെ സാധിച്ചു. അത്ഭുതമാണിപ്പോഴും.
ഭസ്മ തുല്യമായ മണ്ണിലൂടെ നടക്കെ അച്ഛനോളം പ്രായമുള്ള ഒരു സംന്യാസി എന്റെ പാദങ്ങളില്‍ വീണു. സ്തബ്ധയായിപ്പോയ ഞാന്‍ വീണ്ടും നടുങ്ങി. മാ…എന്ന് വിളിച്ചുകൊണ്ടു പലരും എന്റെ പാദ ധൂളി നെറുകയില്‍ വയ്‌ക്കുന്നു. കടുത്ത മഞ്ഞ നിറമുള്ള വലിയ പൂക്കളാല്‍ നിര്‍മിച്ച ഒരു പൂമാല ആരോ എന്റെ കഴുത്തിലണിഞ്ഞു. നമസ്‌കരിച്ചവര്‍ കടന്നു പോവുകയാണ്. ഞാനാ തിരക്കിലൂടെ നടന്നു. പലരും തൊഴു കൈകളോടെ ശിരസ്സ് കുനിക്കുന്നു. എല്ലാവരും മാ… എന്ന് മാത്രം വിളിക്കുന്നു. ഞാനവിടെ ആരോ ആണ്. അവര്‍ക്കാര്‍ക്കും എന്നെ അറിയില്ല. ചിലപ്പോള്‍ അവര്‍ക്കെല്ലാം എന്നെ അറിയാമായിരിക്കും.സത്യം അതാകും. ഇവിടെ എല്ലാവരും എല്ലാവരിലും അവരവരെ കാണുന്നു.
ആര്‍പ്പുവിളികളും തോരണങ്ങളുമായി രഥങ്ങള്‍, കുതിര വണ്ടികള്‍, മുകള്‍ ഭാഗം തുറന്ന വാഹനങ്ങള്‍… ആചാര്യന്മാരുടെ വരവ്…ഭജന്‍, ജയ് വിളികള്‍… എല്ലാം മറന്ന് ആടിപ്പാടുന്നവര്‍. പാതയുടെ വശങ്ങളില്‍ തൊഴുതു നില്‍ക്കുന്ന പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് അവര്‍ കൈകളുയര്‍ത്തി അനുഗ്രഹം നല്‍കുന്നു. പുഷ്പങ്ങള്‍ പ്രസാദമായി കൊടുക്കുന്നു. ത്രിവേണീ തീരത്തേക്കുള്ള പാതയാണിത്.
അഞ്ച് ദിവസം ഞാനവിടെ താമസിച്ചു. എനിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് ജയ് വിളിക്കാന്‍ തോന്നി. മനസിലൊന്ന് നമസ്‌ക്കരിക്കാതെ വയ്യ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് സുരക്ഷയും ഭക്ഷണവും താമസവും ലഭിച്ചു. അമ്മ എന്ന നിലയില്‍ പൂജനീയമായ അവസ്ഥയില്‍ ആദരിക്കപ്പെട്ടു. ഞാന്‍ ആരെന്നു പോലും അവര്‍ക്കാര്‍ക്കും അറിയില്ല. പേര് പോലും ആരും ചോദിച്ചില്ല. ഇങ്ങനെ ആണ് നാം ഒരു ഭരണാധികാരിയെ ആരാധിച്ചു പോകുന്നത്. ഭക്ഷണം പാത്രത്തിലേക്ക് പകര്‍ന്നു തരുമ്പോള്‍ അവരുടെ വിനയത്തിലും സ്‌നേഹത്തിലും ആര്‍ദ്രമാവാതെ വയ്യ. ഞാനൊരു ഭിക്ഷുവിനെ പോലെ അവിടെ ഇരുന്നു.
ഒറ്റയ്‌ക്കാണ് ഞാന്‍ പ്രയാഗ്‌രാജില്‍ എത്തിയത്. എനിക്ക് ഭയം തോന്നിയില്ല. ഇത് യുപി ആണ്. യോഗിയുടെ യുപി. ആ മണ്ണിലൂടെയാണ് നടക്കുന്നത് എന്ന ആത്മവിശ്വാസം. ആരുടെ സഹായവും തേടാം. പോലീസിന്റെ പ്രത്യേകിച്ചും. എത്ര പെട്ടന്നാണ് സഹായമെത്തുന്നത്! പ്രയാഗ്‌രാജ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴേ അവിടുത്തെ സുരക്ഷ കണ്ട് അമ്പരന്നു. റെയില്‍വേ സ്റ്റേഷനുള്ളില്‍ ജാഗ്രതയോടെ സൈന്യം.
വളരെ വലിയൊരു കണ്‍ട്രോള്‍ സിസ്റ്റം. ഏത് കോണില്‍ എന്ത് നടന്നാലും അവിടെ അറിയും. നമ്മള്‍ ഒറ്റപ്പെട്ട് നിന്നുപോയാല്‍ ഉടന്‍ പോലീസ് എത്തും. യാത്രക്കാര്‍ക്കും ഭക്തര്‍ക്കും വേണ്ടി എല്ലാ സൗകര്യങ്ങളുമുള്ള അതി വിശാലമായ ഹാള്‍ ഉണ്ട്. ശുചിമുറി, കുടിവെള്ളം, വൈദ്യ സഹായം. പുറത്ത് സര്‍ക്കാര്‍ സംഘടനകള്‍ നല്‍കുന്ന ഭക്ഷണം.
തിരുപ്പതിയില്‍ നിന്നുള്ള ഒരു ട്രസ്റ്റിന്റെ ശിബിരത്തിലാണ് ഞാന്‍ താമസിച്ചത്. അതൊരു അനുഭവം തന്നെയായിരുന്നു. ഗംഗാ മാതാവിന്റെ തീരത്ത് അലഞ്ഞ എന്നോട് ഒരു സഹോദരന്‍ പറഞ്ഞു, ”മാതേ ഏതെങ്കിലും അഖാഡയില്‍ വിശ്രമിക്കൂ. മഞ്ഞ് വീണു തുടങ്ങി. വൈകുന്നേരം അഞ്ച് മണി ആയിട്ടേ ഉള്ളൂ. പുകമഞ്ഞ് പടരാന്‍ തുടങ്ങി. അലങ്കാരവിളക്കുകള്‍ എല്ലാം തെളിഞ്ഞു. പതിനായിരക്കണക്കിന് ശിബിരങ്ങളാണ് ഗംഗാ തീരത്ത്. ഓരോ ശിബിരത്തിലും വലിയ പ്രാര്‍ത്ഥനാ ഹാള്‍. ധ്വജ മണ്ഡപം, യാഗശാല, അടുക്കള, അന്നദാനശാല. കലാകാരന്മാര്‍ക്കും സംന്യാസിമാര്‍ക്കും പ്രത്യേക മുറികള്‍. ഭക്തര്‍ക്ക് വലിയ ഹാള്‍…ആതിഥേയരാണ് അവര്‍…അതിഥികളത്രയും ദൈവങ്ങളും…
പവിത്രസ്‌നാനം മാത്രമല്ല, കുംഭമേളയിലെ ജീവിതവും പവിത്രമാണ്… ഒന്നര നൂറ്റാണ്ടിനിടയിലെത്തുന്ന ദിവ്യാനുഭൂതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക