Vicharam

യുജിസി ചട്ട ഭേദഗതി; ലക്ഷ്യം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നതി

പുതിയ യുജിസി മാര്‍ഗരേഖകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ചലനാത്മകമാക്കും. അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിന് സാഹചര്യവും ഒരുക്കും

Published by

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരവും സാമൂഹ്യ പങ്കാളിത്തവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശത്തോടുകൂടി അദ്ധ്യാപക നിയമനം, അവരുടെ പ്രമോഷന്‍, വൈസ് ചാന്‍സലര്‍ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരട് യുജിസി ചെയര്‍മാന്റെ സാന്നിധ്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അടുത്തിടെ പുറത്തുവിട്ടിരുന്നു. പൊതു ചര്‍ച്ചയ്‌ക്ക് വച്ച കരട് നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. യുജിസി കരട് വിജ്ഞാപനത്തിനെതിരെ കേരള നിയമ സഭ പ്രമേയവും പാസാക്കി. ഫെഡറലിസത്തിന് എതിര്, സംഘപരിവാര്‍ അജണ്ട, സംസ്ഥാന സര്‍വകലാശാലകളെ തകര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നിരത്തി സഹയാത്രികരും രംഗത്ത് വന്നിട്ടുണ്ട്.

2018 ല്‍ നിലവില്‍ വന്ന യുജിസി ചട്ടങ്ങള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും 2019 ല്‍ ചെറിയ ഭേദഗതികള്‍ വരുത്തിയിരുന്നു. അതാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത്, കൂടുതല്‍ ചലനാത്മകമായ ഭാവി വിഭാവനം ചെയ്താണ് യുജിസി പുതിയ കരട് അവതരിപ്പിക്കുന്നത്. കരടു നിര്‍ദ്ദേശങ്ങളെക്കുറിച്ച് ദേശവ്യാപകമായ അക്കാദമിക ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും വരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

കോളജ് അദ്ധ്യാപക നിയമനം, പ്രമോഷന്‍, വൈസ് ചാന്‍സലര്‍ നിയമനം എന്നിവിടങ്ങളിലാണ് കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാറ്റങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിവര്‍ത്തനങ്ങള്‍ക്കും നൂതനാശങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും കൂടുതല്‍ സാഹചര്യം ഒരുക്കം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാധികാരത്തിനും അവസരം നല്‍കും. സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായി ഉന്നത വിദ്യാഭ്യാസരംഗം മാറും. ഭാരതീയ ഭാഷകള്‍ക്കുള്ള പ്രാധാന്യം ഉന്നത വിദ്യാഭ്യാസ രംഗത്ത് വര്‍ധിപ്പിക്കുന്നതും കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും.

സ്ഥാനക്കയറ്റം അക്കാദമിക സംഭാവനയുടെ മികവില്‍
അദ്ധ്യാപകരുടെ പ്രമോഷന് ഇന്ന് അടിസ്ഥാനമായി പരിഗണിക്കുന്ന അക്കാദമിക പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് (എപിഐ) എന്ന പദ്ധതി അദ്ധ്യാപകരില്‍ വ്യക്തി കേന്ദ്രീകൃതമായ തൊഴില്‍ സംസ്‌കാരമാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സാമൂഹ്യ പ്രതിബദ്ധതയുടെ വിശാല മാനം നല്‍കുന്നതിന് അക്കാദമിക രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവനകള്‍ നല്‍കുന്നത് പരിഗണിച്ചുകൊണ്ട് ന്യൂമെറിക്കല്‍ സ്‌കോര്‍ ഇന്‍ഡക്‌സ് നിന്നും സമഗ്രമായ മൂല്യനിര്‍ണയ പദ്ധതിയിലൂടെ അദ്ധ്യാപര്‍ക്ക് സ്ഥാനക്കയറ്റം നിശ്ചയിക്കുക. ഒമ്പത് സൂചകങ്ങളാണ് ഇതിനായി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1. ഗവേഷണ രംഗത്തെ ധനസമഹാരണം, 2. അദ്ധ്യാപനരംഗത്തും ഗവേഷണ രംഗത്തും പുതിയ പരീക്ഷണശാലകള്‍ വികസിപ്പിക്കല്‍, 3. ഡിജിറ്റല്‍ രംഗത്തെ ഉള്ളടക്ക നിര്‍മ്മാണം, 4. കമ്പനികളുമായി ചേര്‍ന്നുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍, 5. വിദ്യാര്‍ത്ഥികളുടെ പഠന – ഗവേഷണ പദ്ധതി മേല്‍നോട്ടം, 6. നൂതനമായ പഠന – ബോധന രംഗത്തെ സംഭാവന, 7. ഭാരതീയ ഭാഷകളിലുള്ള അദ്ധ്യാപനം, 8. ഭാരതീയ ജ്ഞാന പൈതൃക മേഖലയിലുള്ള പഠനം – ഗവേഷണം, 9. സാമൂഹ്യ പങ്കാളിത്ത പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും. ഈ രംഗങ്ങളിന്‍ അദ്ധ്യാപകര്‍ വഹിക്കുന്ന നേതൃത്വപരമായ പങ്ക് പരിഗണിച്ച്, പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനെക്കുറിച്ചാണ് പുതിയ ചട്ടങ്ങളിലെ സ്ഥാനക്കയറ്റ ഉപാധികള്‍ വിഭാവനം ചെയ്യുന്നത്. ഇതെല്ലാം തന്നെ കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണപരമായും സംഖ്യാപരമായും വിലയിരുത്താവുന്നതാണ്. ഇന്ന് പരിഗണിക്കുന്നത് ജേര്‍ണന്‍ പബ്ലികേഷന്‍, പുസ്തകം, സെമിനാര്‍ പ്രബന്ധങ്ങള്‍, തുടങ്ങിയവയാണ്. പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ തുന്നി കെട്ടി സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നില്‍ വച്ചതും, വാഴക്കുല വൈലോപ്പിളളിക്ക് വിറ്റ ഗവേഷണ മേല്‍നോട്ടവും ഇനി അത്രക്ക് പരിഗണിക്കില്ല എന്നര്‍ത്ഥം!

കേരളത്തിലെ നിരവധി അദ്ധ്യാപകര്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഫണ്ട് സമാഹരിച്ച് വിവിധ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങളിലും മറ്റ് പ്രൊജക്ടുകളില്‍ പ്രധാന/സഹായക ഇന്‍വെസ്റ്റിഗേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ അദ്ധ്യാപകന്‍ തന്റെ മേഖലകളില്‍ തയ്യാറാക്കുന്ന കോഴ്‌സുകളും പഠന വിഭവങ്ങളും സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും പരിഗണിച്ച് അദ്ധ്യാപകന്റെ കഴിവ് വിലയിരുത്താം. വിവിധ കമ്പനികളുമായി ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പിലൂടെ സര്‍വ്വകലാശാലയിലേക്ക് / സ്ഥാപനത്തിലേക്ക് എത്തിക്കുന്ന സര്‍ക്കാര്‍/ സ്വകാര്യ ഓഹരികള്‍ കൃത്യമായി വിലയിരുത്താവുന്നതാണ്. യുജിസി, ഐസിഎസ്എസ്ആര്‍, ഐസിഎച്ച്ആര്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ മാത്രം ആശ്രയിച്ചാണ് ഇന്ന് മിക്ക സെമിനാറുകളും പ്രോജക്ടുകളും പ്രസിദ്ധീകരണങ്ങള്‍ പോലും നടക്കുന്നത്. ഇനി മുതല്‍ സ്ഥാപനം ആരംഭിക്കുന്ന സംരംഭത്തിന്റെ പ്രസക്തി, ഗുണനിലവാരം എന്നിവക്ക് അനുസരിച്ചാണ് നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുക. തമിഴ്‌നാട് കേന്ദ്രസര്‍വ്വകലാശാലാ കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഇതരമായി ഇപ്രകാരം സമാഹരിച്ചത്.

പുതിയ പരീക്ഷണ-ഗവേഷണശാലകള്‍ സജ്ജീകരിക്കുന്നതും അത് വിദ്യാര്‍ത്ഥികളും മറ്റ് ഗവേഷകരും ഉപയോഗിക്കുന്നതും; ഗവേഷണ പ്രൊജക്ടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും, പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതും, കുട്ടികള്‍ക്കായ് വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ / നൈപുണി പരിശീലനത്തിന് അവസരം ഒരുക്കുന്നതും ഭാവിയിലെ അദ്ധ്യാപകന്റെ പ്രവര്‍ത്തന മികവായി കണക്കാക്കും! കൂടാതെ ഭാരതീയ ഭാഷകളില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍, അതിലെ വിദ്യാര്‍ത്ഥി പ്രവേശനം, അതിന് ആവശ്യമായ പഠന വിഭവങ്ങളുടെ നിര്‍മാണം എന്നിവ സ്ഥാനകയറ്റത്തിന് പ്രധാന ഉപാധിയാകും. ഭാരതീയ ജ്ഞാന-വിജ്ഞാന രംഗങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍, ലേഖനങ്ങള്‍, പ്രബന്ധങ്ങള്‍, കോഴ്‌സ്, കോഴ്‌സ് ഉള്ളടക്കം, ഗവേഷണം, ഗവേഷണ മേല്‍നോട്ടം; സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന പരിപാടികളുടെ ആസൂത്രണം, സംഘാടനം, ജനപങ്കാളിത്തം, ഗുണഭോക്താക്കള്‍, പരിണാമം എല്ലാ വിലയിരുത്താവുന്ന ഉപാധികളാണ്. മുമ്പ് സൂചിപ്പിച്ച ഒമ്പത് മേഖലകളിലും അദ്ധ്യാപകന്‍ തന്റെ ഊര്‍ജ്ജം ചിലവഴിക്കേണ്ടതില്ല. തന്റെ വിഷയത്തിന്റെ പ്രത്യേകതയും സ്വന്തം അഭിരുചിയും പ്രാദേശിക ആവശ്യവും പരിഗണിച്ച് നാല് മേഖലകള്‍ തെരഞ്ഞെടുക്കാം.

അദ്ധ്യാപക നിയമനം പഠന- ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍
കോളജ്- യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന്റെ ഏറ്റവും പ്രധാന യോഗ്യതയായി ഇപ്പോള്‍ പിന്തുടരുന്നത് ബിരുദ ബിരുദാനന്തര ഗവേഷണ രംഗത്ത് ഒരേ വിഷയം തന്നെ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ യോഗ്യതാ പരീക്ഷയിലെ റാങ്കുമാണ്. ഒരുതരം വംശശുദ്ധി വാദം പോലുള്ള ഈ യോഗ്യത മാനദണ്ഡം വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന ഉള്‍ച്ചേര്‍ക്കുന്നതും (കിരഹൗശെ്‌ല) അയഞ്ഞതും (എഹലഃശയഹല), ബഹുവിഷയീപഠനവും (ങൗഹശേ റശരെശുഹശിമൃ്യ) വിഭാവനം ചെയ്യുന്ന ആവാസവ്യവസ്ഥ എന്ന സമീപനങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. അതുകൊണ്ട് ഏറ്റവും ഉയര്‍ന്ന തലത്തിലെ പഠന- ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനം സാധ്യമാക്കാം എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. പ്രാഥമിക ബിരുദത്തിന് തെരഞ്ഞെടുത്ത വിഷയത്തിന്റെ ആടിസ്ഥാനത്തിന്‍ വ്യത്യസ്തരംഗങ്ങളില്‍ പഠന-ഗവേഷണ മികവ് തെളിയിച്ചവരെ സാങ്കേതികത്വം പറഞ്ഞ് മാറ്റി നിര്‍ത്തുന്നത്, ആഗോളതലത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന ചലനാത്മകതയോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതിന് തുല്യമാണ്. മാത്രമല്ല, കാലഹരണപ്പെട്ട ഇത്തരം നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരെക്കാലമായി നേരിടുന്ന അദ്ധ്യാപകരുടെ കുറവ് പരിഹരിക്കാം. പ്രതിഭാവിലാസവും വൈവിധ്യമാര്‍ന്ന മേഖലകളില്‍ അറിവുള്ള, യോഗ്യരായവരെ അദ്ധ്യാപക രംഗത്തേക്ക് ആകര്‍ഷിക്കാനും കഴിയും. അദ്ധ്യാപകര്‍ക്ക് ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാന്‍ അവസരം നല്‍കന്നതോടെ അദ്ധ്യാപനത്തിലും ഗവേഷണത്തിലും മികവ് പുലര്‍ത്താനും അവസരം ഒരുക്കും.

വിസി നിയമനം: യോഗ്യതയും മാനദണ്ഡവും
സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ എന്നും വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വിധേയമാകുന്നു. ഈ രംഗത്ത് സ്വജന പക്ഷപാതവും രാഷ്‌ട്രീയ അതിപ്രസരവും പ്രകടമാണ്. ഇത് സര്‍വകലാശാലയുടെ സ്വതന്ത്രവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തെ ബാധിക്കും. രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നടക്കുന്ന സര്‍വ്വകലാശാലകളുടെ അക്കാദമിക് മികവ് ദേശീയ- അന്തര്‍ദേശീയ റാങ്കിങ്ങില്‍ വളരെ മോശമായാണ് പ്രതിഫലിക്കുന്നത്.

ഇന്ന് നിലനില്‍ക്കുന്ന ചട്ട പ്രകാരം മൂന്നു മുതല്‍ അഞ്ചുവരെ അംഗങ്ങളുള്ള ഒരു സെര്‍ച്ച് കമ്മിറ്റിയാണ് വിസിമാരെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ പലതരത്തിലുള്ള സ്വാധീനങ്ങളും ഇടപെടലുകളും നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ അതുകൊണ്ടുതന്നെ എന്നും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉണ്ടാവുകയും അതിന് ചുമതലപ്പെട്ട ഒരു കേന്ദ്രം ഉണ്ടാവുക എന്നതും ഈ രംഗത്തെ ശുദ്ധീകരിക്കാന്‍ അനിവാര്യമാണ്. പുതിയ കരട് ചട്ടത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ അധികാരം പൂര്‍ണമായും ചാന്‍സലറില്‍ നിക്ഷിപ്തമാക്കുന്നു. ചാന്‍സലര്‍ നിയോഗിക്കുന്ന മൂന്ന് അംഗ സെര്‍ച്ച് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഈ സര്‍വകലാശാല അഥവാ സ്ഥാപനവുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത, നിലവില്‍ ചാന്‍സലര്‍മാരോ, ഡയറക്ടര്‍മാരോ ആയ പ്രമുഖ വ്യക്തികളായിരിക്കണം. അല്ലെങ്കില്‍ അത്തരം പദവികളില്‍ മുന്‍പ് ഇരുന്ന് പരിചയമുള്ളവരായിരിക്കണം. ചാന്‍സലറുടെ പ്രതിനിധി സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനും യുജിസി ചെയര്‍മാന്റെ പ്രതിനിധിയും സര്‍വകലാശാലയുടെ ഉന്നത സമിതി നിര്‍ദേശിക്കുന്ന പ്രഗത്ഭനായ അക്കാദമിഷനും അടങ്ങുന്നതായിരിക്കും സെര്‍ച്ച് കമ്മിറ്റി.

ഇന്ന് വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യത രണ്ട് മേഖലയിലെ പ്രഗത്ഭര്‍ക്കാണ്. സര്‍വകലാശാലയില്‍ പ്രൊഫസര്‍ എന്ന രീതിയില്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം, അല്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിലെ 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമോ ആണ് യോഗ്യത. പുതിയ നിര്‍ദ്ദേശപ്രകാരം ഈ രണ്ടു രംഗത്തിനും പുറമേ, പൊതുഭരണം, വ്യവസായ സ്ഥാപനം, പൊതുനയ രൂപീകരണ സ്ഥാപനം, പൊതുമേഖല സ്ഥാപനം എന്നിവിടങ്ങളിലെ ഉന്നത തലത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പരിചയവും അവരുടെ അക്കാദമിക പശ്ചാതലത്തെയും കൂടി പരിഗണിച്ച് വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് പരിഗണിക്കാം എന്നും നിര്‍ദ്ദേശിക്കുന്നു. അതോടെ പ്രൊഫസര്‍ഷിപ്പ് എന്നത് അടിസ്ഥാന യോഗ്യതയായി ഇനി പരിഗണിക്കില്ല.

ദേശീയതലത്തില്‍ നടത്തിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് നടത്തി, അവരുമായി കൂടിക്കാഴ്ച നടത്തി, ഈ സമിതിക്ക് മൂന്ന് മുതല്‍ അഞ്ചു പേരുകള്‍ വരെ ചാന്‍സലര്‍ക്ക് സമര്‍പ്പിക്കാം. അതില്‍നിന്നൊരു വ്യക്തിയെ ചാന്‍സലര്‍, വൈസ് ചാന്‍സലറായി നിയമിക്കും. ഇത് ലംഘിച്ചുകൊണ്ടുള്ള ഒരു നിയമനവും യുജിസി അംഗീകരിക്കില്ല. ആ സ്ഥാപനത്തിന്റെ അംഗീകാരം യൂണിവേഴ്‌സിറ്റി റദ്ദാക്കും. യാതൊരു സാമ്പത്തിക അക്കാദമിക സഹകരണങ്ങളും നല്‍കുകയുമില്ല.

പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്
ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശമാണ് ഭാരതത്തിന്റെ ജ്ഞാന പൈതൃകം, തൊഴില്‍ മേഖല, കലാ- കായികരംഗം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ സര്‍വ്വശാലകളില്‍ അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അദ്ധ്യാപകരായി ചെറിയ കാലത്തേക്കോ നീണ്ട കാലത്തേക്കോ നിയമനം നടത്താം എന്നത്. ഇവരെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന പേരിലാണ് നിയമിക്കുക. ഇന്ന് നിലനില്‍ക്കുന്ന സര്‍വകലാശാല ചട്ടങ്ങള്‍ അതിന് അനുവാദം നല്‍കുന്നില്ല. അതുകൂടി പരിഗണിച്ചുകൊണ്ടാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പ്രഫസര്‍ ഓഫ് പ്രാക്ടീസ് എന്ന രീതിയില്‍ വ്യത്യസ്ത മേഖലയിലെ പ്രമുഖ വ്യക്തികളെ സര്‍വകലാശാലകളിലെ അധ്യാപകരായി നിയമിക്കുന്നത് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 10% വരെ ഇപ്രകാരം അധ്യാപകരെ നടയാഗിക്കാം എന്നത് പല സ്ഥാപനങ്ങള്‍ക്കും അനുഗ്രഹമായിരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക