Kerala

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട്; കുഫോസിലെ വിദ്യര്‍ത്ഥികള്‍ക്കായി ചോദ്യപേപ്പര്‍ ചോര്‍ത്തി

Published by

കൊല്ലം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നടന്ന പിഎസ്‌സി പരീക്ഷയില്‍ അട്ടിമറി. കുഫോസിലെ വിദ്യര്‍ത്ഥികള്‍ക്കായി ചോദ്യപേപ്പര്‍ ചോര്‍ത്തിയതായാണ് പരാതി.

ഫിഷറീസ് വകുപ്പില്‍ പാര്‍ട്ടി അണികളെ തിരുകിക്കയറ്റാന്‍ വേണ്ടി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ കുഫോസ് വഴി തയാറാക്കി, അവിടുത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്കി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് 38 പരാതികളാണ് കഴിഞ്ഞ നവകേരളസദസില്‍ ലഭിച്ചത്. 2000 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. തുടര്‍ന്ന് 38 നിയമനങ്ങള്‍ നടന്നതില്‍ 35 പേരും കുഫോസിലെ വിദ്യാര്‍ത്ഥികളാണ്. ചോദ്യപേപ്പര്‍ തയാറാക്കിയ സ്ഥലത്താണ് അട്ടിമറി നടന്നത്. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ആദ്യമായാണ് പരീക്ഷയെഴുതിയത്.

ബിഎസ്‌സി സുവോളജി യോഗ്യത നേടിയ ആളുകളെയാണ് മുന്‍പ് തസ്തികയിലേക്ക് നിയമിച്ചിരുന്നത്. എന്നാല്‍ കുഫോസ് വിദ്യാര്‍ത്ഥികള്‍ക്കായി ബിഎഫ്എസ്‌സി (ബാച്ച്‌ലര്‍ ഓഫ് ഫിഷറിസ് സയന്‍സ്) കോഴ്‌സ് കൂടെ പിന്നീട് ചേര്‍ക്കുകയായിരുന്നു. പരീക്ഷയുടെ ദിവസങ്ങള്‍ക്ക് മുന്‍പ് ക്രാഷ്‌കോഴ്‌സ് എന്ന പേരില്‍ കുഫോസ് വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനക്ലാസ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരിശീലനക്ലാസില്‍ ഉണ്ടായിരുന്ന കൃത്യമായ ചോദ്യങ്ങളാണ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയിലും ചോദിച്ചത്.

സംഭവത്തെ തുടര്‍ന്ന് ബിഎസ്‌സി സുവോളജി യോഗ്യത നേടിയവരും വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രൊബേഷന്‍ സ്റ്റേജായതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നവകേരള സദസില്‍ നല്കിയ പരാതികളെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇത് സംബന്ധിച്ച് പിഎസ്‌സിയില്‍ തിരക്കിയപ്പോള്‍ അനങ്ങാപ്പാറനയമാണ് അവര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by