തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. പി പി ഇ കിറ്റ് ക്രമക്കേടില്‍ 10.23 കോടി രൂപ അധിക ബാധ്യത ആണ് ഉണ്ടായത്. പൊതുവിപണിയെക്കാള്‍ 300 ശതമാനം അധികം പണം നല്‍കിയാണ് പി പി ഇ കിറ്റ് വാങ്ങിയത്.
2020 മാര്‍ച്ച് 28 ന് 550 രൂപയ്‌ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് മറ്റൊരു കമ്പനിയില്‍ നിന്ന് 1550 രൂപയ്‌ക്ക് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ വര്‍ദ്ധിച്ചു. കുറഞ്ഞ തുകയ്‌ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ കമ്പനിയെ തഴഞ്ഞുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കെ കെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് ഈ കൊളളയടി നടന്നിരിക്കുന്നത്.
സാന്‍ ഫാര്‍മ എന്ന കമ്പനിയ്‌ക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കി.നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ട്.പൊതുജനാരോഗ്യ മേഖലയ്‌ക്ക് ഗുണനിലവാരമില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്ത് കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു.
ആര്‍ദ്രം മിഷന്‍ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല. മെഡിക്കല്‍ കോളജുകളില്‍ അക്കാദമിക് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അസാധാരണ കാലതാമസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയും സി എ ജി റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല എന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ടെണ്ടര്‍മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: