Kerala

‘ ജീവപര്യന്തം കൂടിപ്പോയാൽ 38 വയസ് വരെ , അതു കഴിഞ്ഞ് ഞാൻ ജീവിച്ചോളാം’; അന്ന് കൂസലില്ലാതെ ഗ്രീഷ്മ പറഞ്ഞു ; ഇന്ന് നിർവികാരയായി

Published by

തിരുവനന്തപുരം : അന്ധമായി പ്രണയിച്ചതിന്റെ പേരിൽ സ്വപ്നങ്ങളും , ജീവനും നഷ്ടമായ ഷാരോൺ . മരണക്കിടയിൽ പോലും ഗ്രീഷ്മയെന്ന പ്രണയിനിയെ കാട്ടിക്കൊടുക്കാൻ മനസില്ലാതെ പോയവൻ . എന്നാൽ ആ സ്നേഹത്തെ ബാധ്യതയായി കണ്ടതാണ് ഗ്രീഷ്മ ഈ സാഹസത്തിന് മുതിരാൻ കാരണമായത്. വധശിക്ഷ വിധി കേട്ടപ്പോൾ ആദ്യം മിഴികൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയായി നിൽക്കുന്ന ഗ്രീഷ്മയെയാണ് കണ്ടത്.

എന്നാൽ മുൻപ് അന്വേഷണസമയത്ത് പ്രതിയെന്ന പേടിയും തോന്നലും ഒന്നുമില്ലാതെയാണ് ഗ്രീഷ്മ പോലീസുകാരോട് സംസാരിച്ചത് . തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചത്. കേസ് അന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയ സമയത്ത് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ ഗ്രീഷമയുടെ മനസ് അറിയാൻ വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചു.

ആ സംസാരത്തിനിടയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു എന്തിനാണ് ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചത് . ചിരിച്ചുകൊണ്ട്, യാതൊരു കൂസലുമില്ലാതെയാണ് ഗ്രീഷ്മ അതിന് മറുപടി പറഞ്ഞത്.

ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. അപ്പോൾ 38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം. ഇത് കേട്ട ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയിരുന്നു.എന്നാൽ ഇന്ന് തന്റെ കണക്കുകൂട്ടൽ തെറ്റുകയാണെന്ന ചിന്തയിലാകാം ഗ്രീഷ്മ .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by