കേരളത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ ഭരണപക്ഷരാഷ്‌ട്രീയ നോമിനികളായിരിക്കണം എന്നതും അതോടൊപ്പം ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെയും സര്‍വ്വീസ് സംഘടനകളുടേയും അടിമകളായിരിക്കണം എന്നതും കാലങ്ങളായി നടന്നുവരുന്ന നീക്കുപോക്കുകളുടെ ഭാഗമാണ്. വിദ്യാഭ്യാസരംഗം രാഷ്‌ട്രീയമുക്തമാകണമെന്ന ലക്ഷ്യത്തോടെയാണ്, ചാന്‍സലര്‍ കൂടിയായിരുന്ന മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചില ഇടപെടലുകള്‍ നടത്തിയത്. രാഷ്‌ട്രീയം ഉപജീവന മാര്‍ഗമായിക്കണ്ട കേരളത്തിലെ ഇടതു നേതാക്കളെ അതു നല്ല രീതിയില്‍ ബുദ്ധിമുട്ടിച്ചു. അധികാരത്തിന്റെ ചുവടുപിടിച്ച് പിന്‍ വാതിലിലൂടെ ഭാര്യമാരെയും ബന്ധുക്കളെയും യൂണിവേഴ്‌സിറ്റികളിലെ അദ്ധ്യാപക തസ്തികയില്‍ തിരുകിക്കയറ്റിയവരാണ് ഭരണപക്ഷത്തിരിക്കുന്ന പലരും. എന്നാല്‍ സുമനസ്സുകളുടെ നീക്കവും കോടതി ഇടപെടലും കണ്ണൂര്‍, കോഴിക്കോട്, കാലടി സര്‍വകലാശാലകളില്‍ നടത്തിയ രാഷ്‌ട്രീയ നിയമനങ്ങളെ അസാധുവാക്കി. മുന്‍ ഗവര്‍ണര്‍ നടപടി കടുപ്പിച്ചതോടെ സമരജീവികളും ചാവേറുകളും കൈവെടിഞ്ഞ എസ്എഫ്‌ഐ വെറും കടലാസ് സംഘടനയായി.
കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ശിവപ്രസാദിനെ നിയമിച്ചതു മുതല്‍ ഇടതുപക്ഷ സംഘടനകള്‍ നിരന്തരം സര്‍വകലാശാലയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിവരുന്നു. കൂലിക്ക് ആളെ വച്ച് സമരം നടത്തുന്ന നിലയിലേക്ക് അധഃപതിച്ച എസ്എഫ്‌ഐയും ഇടതുപക്ഷ നോമിനികളായ രജിസ്ട്രാറും ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഏതുവിധേനയും സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
രജിസ്ട്രാറുടെ മൗനാനുവാദത്തോടെ ദിവസങ്ങളോളം ഇടത് അനുഭാവ ജീവനക്കാര്‍ സമരം ചെയ്തപ്പോള്‍ വൈസ്ചാന്‍സലര്‍ ഇടപെട്ടു. എങ്കിലും, പല തന്ത്രങ്ങളുമുപയോഗിച്ച് പ്രത്യക്ഷമായും പരോക്ഷമായും അവര്‍ സമരം തുടര്‍ന്നു. ഇടതനുഭാവികളായ ഉദ്യോഗസ്ഥര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം നിസ്സഹകരണ സമരത്തിലേക്ക് നീങ്ങി. നിസഹകരണം അതിരുവിട്ടതോടെ, ജോലിയില്‍ വീഴ്ചവരുത്താന്‍ പാടില്ലെന്ന കര്‍ശനനിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ കൊടുത്തു. ഇടത് ഉദ്യോഗസ്ഥര്‍ അതിനെ തിട്ടൂരമെന്ന് പരിഹസിച്ച് തള്ളാന്‍ നോക്കിയെങ്കിലും വിസിയുടെ ഉറച്ച നിലപാടിനോട് അവര്‍ക്ക് സന്ധി ചെയ്യേണ്ടതായി വന്നു.
ഇടതു സംഘടനകളുടെ മുതലെടുപ്പു നീക്കത്തിനെതിരെ ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കു വഴങ്ങാതെ അക്കാദമിക താല്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നു എന്നതാണ് വൈസ് ചാന്‍സലര്‍ക്കെതിരെ തിരിയാന്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളെ പ്രേരിപ്പിച്ചത്. നാളിതുവരെ രാഷ്‌ട്രീയ നോമിനികള്‍ മാത്രം പ്രതിഷ്ഠിക്കപ്പെട്ടിരുന്ന പദവിയിലേക്ക് ഒരു അക്കാദമിക വിദഗ്ധന്‍ കടന്നുവന്നതാണ് ഇത്തരക്കാരെ പ്രകോപിപ്പിച്ചത്. ഇടതുപക്ഷക്കാര്‍ക്ക് സമരം ചെയ്യാന്‍ ചാവേറുകളെ അടവെച്ച് വിരിയിക്കുന്ന കേന്ദ്രങ്ങളായി സര്‍വകലാശാലകളെയും കലാലയങ്ങളെയും മാറ്റാനുള്ള ശ്രമത്തിന് ഇതു തിരിച്ചടിയായതിലെ പ്രതിഷേധം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന സ്ഥാപനമാണ് സാങ്കേതിക സര്‍വ്വകലാശാല എന്ന് ഒട്ടനവധി സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവാരത്തകര്‍ച്ച മൂലം ശ്വാസം മുട്ടുന്ന കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ ആ സ്ഥിതിയില്‍ നിന്ന് മോചിപ്പിച്ച് മുന്നോട്ട് കൊണ്ടുവരാനുള്ള വൈസ് ചാന്‍സലറുടെ ശ്രമങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനു തടയിടാനും സാങ്കേതിക വിദ്യാഭ്യാസത്തെ ഇടതു രാഷ്‌ട്രീയത്തിന്റെ അഴുക്കുചാലിലേക്ക് തള്ളിയിടാനുമുള്ള ശക്തമായ ശ്രമങ്ങള്‍ എ.കെ.ജി സെന്ററിന്റെ ഒത്താശയോടെ നടക്കുന്നുണ്ട്. അതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലെ സംഭവങ്ങള്‍. മുന്‍ നിശ്ചയിച്ച അജണ്ടയോടെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പി.കെ. ബിജു ഉള്‍പ്പെട്ട ഇടത് നേതാക്കള്‍ തുടക്കം മുതലേ അജണ്ട ചര്‍ച്ച ചെയ്യുന്നത് തടസപ്പെടുത്തി. ഏഴ് കൊല്ലമായി സാങ്കേതിക സര്‍വ്വകലാശാല ശ്രമിച്ചുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അക്കാദമിക രംഗത്ത് നടപ്പാക്കേണ്ട സുപ്രധാന നടപടികളെപ്പറ്റിയുമുള്ള ചര്‍ച്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കൂടാതെ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയുടെ സാധ്യത മെച്ചപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാഷ്‌ട്രീയം മാത്രം ചര്‍ച്ച ചെയ്തു ശീലമുള്ള സിന്‍ഡിക്കേറ്റ് ഇതുള്‍ക്കൊള്ളാന്‍ തയ്യാറായില്ല.
അനധികൃതമായി ശമ്പള കുടിശ്ശികയും യാത്രാബത്തയും മറ്റാനുകൂല്യങ്ങളും കൈക്കലാക്കിയതിന്റെ പേരില്‍ മുന്‍ കാലങ്ങളിലെ ചില വിസിമാര്‍ ഉള്‍പ്പെടെയുള്ള ഇടത് അനുകൂല ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റ് അംഗങ്ങളും ആരോപണം നേരിടുന്നത് മറച്ചു പിടിക്കുന്നതിനായാണ് യോഗം അലങ്കോലപ്പെടുത്തിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുന്‍വിധിയോടെ, അജണ്ടയിലില്ലാതെ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ അടുത്ത സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യാമെന്ന വൈസ് ചാന്‍സിലറുടെ ഉറപ്പ് അവഗണിക്കപ്പെട്ടു. യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. പിരിച്ചുവിടേണ്ടിയും വന്നു. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം യോഗം വിളിച്ച രജിസ്ട്രാര്‍തന്നെ വിസിയുടെ നിര്‍ദ്ദേശം മറികടന്ന്, ഇടതുപക്ഷ സംഘടന സമാന്തരമായി സംഘടിപ്പിച്ച (സിന്‍ഡിക്കേറ്റത്രേ) മീറ്റിങ്ങില്‍ പഞ്ചപുച്ഛമടക്കി പങ്കെടുത്തു. ചട്ട വിരുദ്ധമെന്ന നിലയില്‍ ഇതിന് രജിസ്ട്രാര്‍ക്കെതിരെയും നടപടി വേണ്ട സ്ഥിതിയാണ്.
ചട്ടം നോക്കിയാല്‍ രണ്ടു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ സിന്‍ഡിക്കേറ്റാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെ തത്സമയത്തുള്ള ഇടപെടലുകള്‍ ഇല്ലാത്തതിനാല്‍ മാത്രമല്ല, മറിച്ച് പാര്‍ട്ടി ആവശ്യം കൂടിയാണ് ഈ സിന്‍ഡിക്കേറ്റ് നിലനില്‍ക്കേണ്ടത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ടില്‍, സര്‍വകലാശാലയിലെ നടപടിക്രമങ്ങളിലെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതു ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം സ്ഥാപിത താല്പര്യം മുന്‍നിര്‍ത്തിയുള്ള രാഷ്‌ട്രീയ ഇടപെടലാണ് സിന്‍ഡിക്കേറ്റ് കൈക്കൊണ്ടത്. സിഎജി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാുകയെന്ന നിര്‍ബദ്ധ ബുദ്ധിയാണ് കാലാവധി കഴിഞ്ഞിട്ടും ഈ സിന്‍ഡിക്കേറ്റിനെ നിലനിര്‍ത്തുന്നതിനു പിന്നിലെ പ്രേരണ.
കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള നൂറുകണക്കിന് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഈ സര്‍വകലാശാല കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ്. ശാസ്ത്രസാങ്കേതിക രംഗത്തെ ത്വരിത വളര്‍ച്ചയ്‌ക്കൊപ്പം സമൂഹത്തെ കൈപിടിച്ചു നടത്താന്‍ കഴിവുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കേണ്ട കനപ്പെട്ട ഉത്തരവാദിത്തമാണ് ഈ സ്ഥാപനത്തിനുള്ളത്. ഓരോ വര്‍ഷവും പുറത്തേക്കൊഴുകിപ്പോകുന്ന കേരളത്തിന്റെ ബൗദ്ധികസ്വത്തിനെ വലിയൊരു പരിധി വരെ പിടിച്ചു നിര്‍ത്തുന്നതിന് ഈ സര്‍വകലാശാലയ്‌ക്ക് സാധിക്കും. അതിന് ഉള്‍ക്കാഴ്ചയും നിസ്സ്വാര്‍ത്ഥതയും കൈമുതലായ വൈസ് ചാന്‍സലറുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയാല്‍ മാത്രം മതി.
നാടിനും രാജ്യത്തിനും നന്മയുളവാക്കുന്ന നീക്കങ്ങളെ തടസപ്പെടുത്താന്‍ ഇടതുപക്ഷ സംഘടന എന്നും നിലകൊണ്ടിട്ടുണ്ട്. എന്നാല്‍, അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സര്‍വ്വോപരി രാഷ്‌ട്രത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട പാരമ്പര്യമാണ് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിനുള്ളത്. ദേശീയകാഴ്ചപ്പാടോടുകൂടി ഭാരതത്തില്‍ നടക്കുന്ന വിദ്യാഭ്യാസ പരിഷ്‌കരണങ്ങളോട് ചേര്‍ന്നു പോകാന്‍ പൊതുവേ രാജ്യത്തെ എല്ലാ വന്‍കിട വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക-വാണിജ്യ സ്ഥാപനങ്ങളും ഉത്സാഹിക്കുമ്പോള്‍ ഇടതുപക്ഷവിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടനകള്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം എന്നത് സമരം ചെയ്യാന്‍ വേണ്ടി ചാവേറുകളെ സൃഷ്ടിക്കാനുള്ള ശാസ്ത്രീയ ആചാരം മാത്രം ആയിരിക്കണമെന്നതാണ് അവരുടെ പ്രത്യയശാസ്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക