Kerala

ജനന നിരക്ക്: എളുപ്പമല്ല, പക്ഷേ, പരിഹാരം വേണം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മാത്രം കൈയും കെട്ടിയിരിക്കുന്നു

Published by

കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ജനന നിരക്ക് കുറയുന്ന പ്രതിഭാസത്തെ മറികടക്കാന്‍ എളുപ്പമല്ലെങ്കിലും പരിഹാര നടപടി അനിവാര്യമാണ്. സര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയം 2026ലെ പാര്‍ലമെന്റ് സീറ്റ് പുനര്‍നിര്‍ണയത്തോടെ രാഷ്‌ട്രീയതലത്തിലും നിര്‍ണായകമാകും. അടുത്ത വര്‍ഷം സീറ്റ് പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യയ്‌ക്ക് സീറ്റ് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തില്‍ മാത്രമല്ല, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങള്‍ക്കും ജനന നിരക്ക് വിഷയമായിക്കഴിഞ്ഞു. എന്നാല്‍, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് കൈയും കെട്ടിയിരിക്കുന്നത്. അതിനാല്‍ ആഘാതവും കൂടും. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ ബോധവും സാമൂഹ്യ പദവി-മാന്യതകളും തെറ്റായ ചിന്താ വഴിയില്‍ പോയതാണ് ഇതിന് കാരണമെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഉത്തരവാദിത്വങ്ങള്‍ക്കു പകരം അവകാശവും അധികാരവും തെറ്റായ വഴിയിലെ പുരോഗമന ചിന്തകളും മുഖ്യമായത് സാമൂഹ്യ പ്രശ്‌നമായെന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍ പുരുഷന്മാരെ ആശ്രയിക്കാതെ സ്വന്തം വരുമാനം നേടുകയെന്ന ആശയം തൊഴിലിനും പൊതുരംഗത്തെ ‘സ്റ്റാറ്റസി’നും പ്രാധാന്യം വര്‍ധിപ്പിച്ചപ്പോള്‍ വിവാഹം, കുടംബജീവിതം തുടങ്ങിയവ അപ്രധാനമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് ഭാരതത്തിലെ ജനന നിരക്ക് 1950 ല്‍ 6.18 ആയിരുന്നത് 2021ല്‍ 1.9 ആയപ്പോള്‍ കേരളത്തില്‍ 1.4 ആകാനിടയാക്കി. ദേശീയ നിരക്ക് 2.1 ല്‍ താഴുന്നത് അപകടമാണ്. ദക്ഷിണ കൊറിയ, ജപ്പാന്‍ രാജ്യങ്ങള്‍ക്ക് സംഭവിച്ചത് യുവശക്തി ഇല്ലാതായതിന്റെ നഷ്ടമാണ്. ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് 2022ല്‍ 0.78 ഉം 23ല്‍ 0.73 ഉം ആയിരുന്നു.

കേരളത്തിലെ ഉയര്‍ന്ന വേതനം അസംഘടിത മേഖലയിലെ തൊഴിലിന് ഇതര സംസ്ഥാനക്കാരെ ആകര്‍ഷിച്ചേക്കും. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനകം 60 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടാകും. (ഔദ്യോഗിക രേഖകളോടെ, നിലവില്‍ കേരളത്തിലുള്ളവരെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ സാധ്യതയാണിത്. വാസ്തവത്തില്‍ ഇതിലും കൂടും). അതായത് കേരളത്തിന്റെ ജനസംഖ്യയില്‍ ആറിലൊന്ന് മറ്റു സംസ്ഥാനക്കാരാകും. രാഷ്‌ട്രീയ പിടിവാശികളില്ലാതെ നയങ്ങളിലും നടപടികളിലും നിലപാടുകളിലും സര്‍ക്കാര്‍ കാര്യമായ മാറ്റം വരുത്തുകയാണ് പരിഹാരം. വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, തൊഴില്‍ മേഖലയിലാണ് അടിയന്തര മാറ്റം വരുത്തേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ജോലിയിലെ വിരമിക്കല്‍ പ്രായം കൂട്ടുന്നതുള്‍പ്പെടെ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധമതം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by