Varadyam

മൊധേരയിലെ നിഴല്‍ വീഴാത്ത സൂര്യോദയങ്ങള്‍

Published by

രോ നിര്‍മിതികള്‍ക്കും പറയാന്‍ ഒരുപാടുകഥകളുണ്ടാവും. ആക്രമണങ്ങളുടെയും ചെറുത്തുനില്‍പ്പിന്റേയും കഥ. കഴിഞ്ഞകാലത്തിന്റെ അവശേഷിപ്പുകളായി അവയിന്നും നിലനില്‍ക്കുന്നു. അത്തരത്തിലൊരു അവശേഷിപ്പാണ് ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ മൊധേര സൂര്യക്ഷേത്രം.

ഗുജറാത്തിന്റെ വടക്കുകിഴക്കായി കിടക്കുന്ന, വേദകാല പൗരാണികത പേറുന്ന ചരിത്ര ഭൂമി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ ശാസ്ത്രവും ജ്യോതി ശാസ്ത്രവും വാസ്തുവിദ്യയും സമന്വയിപ്പിച്ച് തീര്‍ത്ത വിസ്മയം.

മണ്‍കട്ടകളില്‍ കൊത്തുപണികള്‍ കൊണ്ട് കവിത തീര്‍ത്തതാണ് ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രം. സൂര്യക്ഷേത്രം എന്നുപറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രമാണ്. എന്നാല്‍ അതിനേക്കാള്‍ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള മൊധേര സൂര്യക്ഷേത്രം ഇന്നും ഒരു വിസ്മയമാണ്. പ്രകൃതിയും ശാസ്ത്രവും വാസ്തുവും ജ്യോതിഷവുമൊക്കെ സംഗമിക്കുന്ന വിസ്മയം.

പൗരാണിക കാലം മുതല്‍ക്കുതന്നെ സൂര്യനെ ആരാധിക്കുന്നവരാണ് ഭാരതീയര്‍. അതിന്റെ ഉത്തമോദാഹരണമാണ് മൊധേര. സ്‌കന്ദ പുരാണത്തിലും ഈ സ്ഥലത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ധര്‍മ്മാരണ്യമെന്നായിരുന്നു മൊധേര അറിയപ്പെട്ടിരുന്നത്. രാവണനെ വധിച്ച ശേഷം ബ്രഹ്മഹത്യ എന്ന മഹാപാപത്തില്‍ നിന്നു മുക്തനാകാന്‍ എന്താണ് വഴിയെന്ന് ശ്രീരാമന്‍ മഹാമുനിയായ വസിഷ്ഠനോട് ചോദിക്കുന്നു. ബ്രാഹ്മണനായ രാവണനെ കൊന്നതിന്റെ പാപം തീര്‍ക്കാന്‍ ധര്‍മ്മാരണ്യത്തിലെ പുഷ്പവതി നദിയുടെ കരയില്‍ യജ്ഞം ചെയ്യണമെന്ന് വസിഷ്ഠന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പുഷ്പവതിയുടെ കരയിലെത്തുകയും, അവിടെ മനുഷ്യവാസമായ ഗ്രാമങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. അവിടെയാണ് പിന്നീട് സൂര്യക്ഷേത്രം നിര്‍മിച്ചത്.

ഉത്തരായന രേഖയിലെ ക്ഷേത്രനിര്‍മാണം

മെഹ്സന ജില്ലയില്‍ പുഷ്പവതി നദിയുടെ തീരത്തായി എഡി പതിനൊന്നാം നൂറ്റാണ്ടിലാണ് സൂര്യക്ഷേത്രത്തിന്റെ നിര്‍മാണം. സോളങ്കി രാജവംശത്തിലെ രാജാവായ ഭീമദേവ ഒന്നാമനാണ് (1022-1063) ക്ഷേത്രം നിര്‍മിച്ചത്. ഗുജറാത്തിലെ ചാലൂക്യന്മാര്‍ എന്നും സോളങ്കിക്കാര്‍ അറിയപ്പെട്ടിരുന്നു. ഒമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ശക്തമായ ഭരണം കാഴ്ചവയ്‌ക്കാന്‍ സോളങ്കി ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നു. ഇവര്‍ നാടിന് നല്‍കിയ കലാസാംസ്‌കാരിക സംഭാവനകള്‍ ഇന്നും ശ്രദ്ധേയമാണ്.

എടുത്തുപറയത്തക്ക മറ്റൊരു പ്രത്യേകതയാണ് ഇവരുടെ നിര്‍മാണ ശൈലി. മരു-ഗുര്‍ജര ശൈലി എന്നൊരു നിര്‍മാണരീതി ഇവരുടെ കാലത്താണ് രൂപപ്പെട്ടത്. ഉത്തരായനകാലത്തിന്റെ അവസാനം സൂര്യന്‍ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖ ദക്ഷിണായന രേഖ (ട്രോപിക് ഓഫ് ക്യാന്‍സര്‍) കടന്നുപോകുന്ന ഭാരതത്തിലെ അപൂര്‍വ സ്ഥലങ്ങളിലൊന്നാണ് മൊധേര സൂര്യക്ഷേത്രം.

കുണ്ഡം(കുളം), ഗുഡമണ്ഡപം(ശ്രീകോവില്‍), സഭാമണ്ഡപം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. പകലും രാത്രിയും തുല്യമായ വിഷുവദിനത്തിന്റെ മധ്യാഹ്നത്തില്‍ ക്ഷേത്രത്തിന്റെ നിഴല്‍പോലും താഴെ പതിക്കാത്ത വിധത്തില്‍ ഉത്തരായന രേഖയിലാണ് ക്ഷേത്രനിര്‍മാണം. ശരിക്കു പറയുകയാണെങ്കില്‍ കൃത്യം കിഴക്കു പടിഞ്ഞാറായാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. സൂര്യദേവന്റെ വിഗ്രഹത്തിലേക്ക് വിഷുവ ദിനത്തില്‍ ആദ്യ സൂര്യരശ്മി പതിക്കുന്നതോടെ ക്ഷേത്രത്തിനകം പ്രകാശപൂര്‍ണമാകും. ഇത്തരത്തില്‍ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് മൊധേര സൂര്യക്ഷേത്രം. ധര്‍മ്മം, കാമം, മോക്ഷം എന്നിവയുടെ സംഗമമാണ് കൊത്തുപണികളിലുമുള്ളത്.

ഗുഡമണ്ഡപം അഥവാ ശ്രീകോവിലിന്റെ നിര്‍മാണം വിടര്‍ന്നുവരുന്ന താമരപ്പൂവ് പോലെയാണ്. നിരവധി ചരിത്രസത്യങ്ങള്‍ രേഖപ്പെടുത്തിയ ക്ഷേത്രം ഒരുശക്തിക്കും ഇല്ലാതാക്കാന്‍ കഴിയാത്ത അടയാളപ്പെടുത്തലാണ്. രാമായണകഥയും മഹാഭാരതവും ഉള്‍പ്പെടെയുള്ള കഥകള്‍ മണ്ണുകൊണ്ടുള്ള കല്ലുകളില്‍ രൂപപ്പെടുത്തിയെടുത്തിരുന്നു. ഏഴുകുതിരകളെ പൂട്ടിയ പന്ത്രണ്ട് ചക്രങ്ങളുള്ള രഥത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്.

സ്വര്‍ണം കൊണ്ടുതീര്‍ത്ത അഞ്ചടിയുള്ള സൂര്യവിഗ്രഹമായിരുന്നു ഇവിടത്തെ പ്രതിഷ്ഠ. വിഷുവദിനത്തിലെ ആദ്യസൂര്യകിരണം പതിക്കുക വിഗ്രഹത്തിലെ വജ്രത്തിലാണ്. ഇതില്‍ നിന്നുള്ള വെളിച്ചം ക്ഷേത്രത്തെ പ്രകാശപൂരിതമാക്കും. മറ്റുദിവസങ്ങളില്‍ ശ്രീകോവിലെ ആദ്യത്തെ തൂണിലാണ് സൂര്യപ്രകാശം പതിക്കുക. ക്ഷേത്രത്തിന് പുറത്തെ ഭിത്തിയില്‍ 12 മാസങ്ങളെ കുറിക്കുന്ന വിധത്തില്‍ സൂര്യന്‍ 12 രാശികളിലായി സഞ്ചരിക്കുന്നതിന് പ്രതീകമായി 12 ഭാവങ്ങളാണ് ഇവിടെ കൊത്തിവച്ചിരിക്കുന്നത്. സമചതുരത്തിലുള്ള ഗര്‍ഭഗൃഹത്തെ പ്രദക്ഷിണം വയ്‌ക്കാവുന്ന വിധം ഒരു ഇടനാഴിയുമുണ്ട്.

വിസ്മയിപ്പിക്കുന്ന സഭാ മണ്ഡപം

പന്ത്രണ്ടാം നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്‍ജി സോളങ്കി രാജവംശത്തെ ആക്രമിച്ചു. മൊധേരയിലെ സ്വര്‍ണത്തില്‍ തീര്‍ത്ത സൂര്യവിഗ്രഹവും അതിന്റെ താഴെയുണ്ടായിരുന്ന വിലമതിക്കാനാവാത്ത നിധികളും മോഷ്ടിച്ചു. ഹൈന്ദവ ആചാരപ്രകാരം അംഗഭംഗം വന്ന വിഗ്രഹങ്ങളുള്ള ക്ഷേത്രത്തില്‍ പൂജാദികര്‍മങ്ങള്‍ നടക്കില്ലെന്ന് അറിയാനിടയായ അലാവുദ്ദീന്‍ ഖില്‍ജി ക്ഷേത്രത്തിലെ എല്ലാ വിഗ്രഹങ്ങളുടെയും കൈകാലുകള്‍, തല, ആയുധം എന്നിങ്ങനെ ഓരോന്നും തകര്‍ത്തിരുന്നു. അന്നുമുതല്‍ മൊധേര സൂര്യക്ഷേത്രത്തില്‍ പൂജകള്‍ നടന്നിട്ടില്ല.

സൂര്യദേവനെ പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലിന് അഭിമുഖമായാണ് സഭാമണ്ഡപം. ഭക്തര്‍ക്ക് ഒരുമിച്ചുചേരാനും പ്രാര്‍ത്ഥിക്കാനും സാധിക്കുന്ന വിധമാണ് രൂപകല്‍പ്പന. രണ്ടും തമ്മില്‍ വേര്‍തിരിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.

അഷ്ടകോണാകൃതിയില്‍ 52 ആഴ്ചകളെ സൂചിപ്പിക്കുന്ന 52 തൂണുകളാണ് സഭാമണ്ഡപത്തിലുള്ളത്. നാലുവശത്തേക്കുമുള്ള കവാടങ്ങളുടെ ഭാഗത്തെ സ്തംഭങ്ങള്‍ തോരണകമാനങ്ങള്‍ കൂട്ടിയോജിപ്പിച്ചതാണെന്ന് തോന്നിപ്പിക്കുംവിധമാണ് നിര്‍മാണം.

മണ്ഡപത്തിന് പുറത്താണ് ദീര്‍ഘചതുരാകൃതിയിലുള്ള രാമകുണ്ഡ് അഥവാ കുളം ഉള്ളത്. ഇവിടെ നിന്ന് സഭാമണ്ഡപത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു കമാനവാതിലുണ്ട്. ഹൈന്ദവക്ഷേത്രങ്ങള്‍ പോലെയും ബുദ്ധിസ്റ്റ് ആരാധനാലയങ്ങളിലെ തോരണത്തിന്റെ അതേ മാതൃകയിലുമുള്ള ഒരു വാതില്‍.

സഭാ മണ്ഡപത്തിലെ കൊത്തുപണികള്‍ നിറഞ്ഞ 52 സ്തൂപങ്ങള്‍ കരവിരുതിന്റെ വിസ്മയം തീര്‍ക്കുന്നതാണ്. രാമയണത്തിലെയും മഹാഭാരത്തിലെയും കഥകളും കൃഷ്ണലീലയും വിവിധ ശില്‍പ്പങ്ങളും കൊത്തിമെനഞ്ഞ് ജ്യാമിതീയ സങ്കല്‍പ്പത്തില്‍ സ്ഥാപിച്ച തൂണുകളാണ് ഇവ.

മറ്റൊരു പ്രത്യേകത സഭാമണ്ഡപത്തില്‍ പണിത താമരപ്പൂവിന്റെ മാതൃകയാണ്. എടുത്തുപറയേണ്ട മറ്റൊരു കാര്യം 364 ആനകളുടെയും ഒരു സിംഹത്തിന്റെയും മുകളിലായാണ് സഭാമണ്ഡപം ഇരിക്കുന്നത്. ഇത് ഒരു വര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്. ഗുജറാത്തിന്റെ പ്രശസ്തമായ പടിക്കെട്ടുകള്‍ നിറഞ്ഞ കിണറുകള്‍ പോലെ നാലുവശവും കല്ലില്‍ തീര്‍ത്ത പടിക്കെട്ടുകളിലൂടെ കുളത്തിലേക്കിറങ്ങാം. രാമകുണ്ഡ് എന്നും ഈ കുളം അറിയപ്പെടുന്നു. ഓരോ പടിക്കെട്ടിലുമായി ധാരാളം ഗോപുരങ്ങള്‍. അതില്‍ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കുന്ന ദൈവങ്ങളുടെ വിഗ്രഹങ്ങള്‍. വര്‍ഷക്കാലത്തിന് ശേഷം എന്നും വെള്ളം നിറഞ്ഞുനില്‍ക്കുന്ന പല നിറത്തിലുള്ള കുളം. വെയിലുദിക്കുമ്പോള്‍ ക്ഷേത്രത്തിന്റെ രൂപം കുളത്തില്‍ പ്രതിഫലിക്കുന്ന രീതിയിലാണ് നിര്‍മാണം.

നാലുവശത്തുമുള്ള പടവുകളിലായി പലവലിപ്പത്തിലുള്ള ചെറിയ ശ്രീകോവിലുകളും ഗണപതി, വിഷ്ണു, നടരാജന്‍, ശിക്ലാമാത ഉള്‍പ്പടെ 108 ദേവന്മാരും ഉപദേവതകളുമുണ്ട്. പ്രാര്‍ത്ഥനയ്‌ക്ക് ഉപയോഗിക്കുന്ന ജപമാലയിലെ മുത്തുകളുടെ എണ്ണവും 108 ആണ്. ജ്യോതിഷപ്രകാരം 12 രാശികളും 9 ഗ്രഹങ്ങളും ചേര്‍ന്നാലും 108 എന്ന കണക്കിനെ അടിസ്ഥാനമാക്കിയാണ് 108 വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രത്തെ സൂചിപ്പിക്കുന്ന ശിക്ലാദേവിയുടെ വിഗ്രഹവും ഇതില്‍ എടുത്തുപറയേണ്ടതുണ്ട്. ഒരു കൈയില്‍ ചൂലും ഒരു കൈയില്‍ വേപ്പിലയുമാണുള്ളത്. ചൂല് വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും, വേപ്പ് മരുന്നിനെയും സൂചിപ്പിക്കുന്നു. ഇവിടെയുള്ള പല പ്രതിഷ്ഠകളും ശ്രീകോവിലുകളും അലാവുദ്ദീന്‍ ഖില്‍ജിയുടെ ആക്രമണത്തില്‍ തകര്‍ന്നവയാണ്.

മൊധേരയെന്ന സൗരോര്‍ജ്ജ ഗ്രാമം

ശാസ്ത്രവും ജ്യോതിഷും വാസ്തുവും സമന്വയിച്ച നിര്‍മിതിയാണ് മൊധേര സൂര്യക്ഷേത്രം. ക്ഷേത്രത്തിന്റെ ഓരോ കോണിലും ഓരോ ദേവന്മാരുണ്ട്. കിഴക്ക് ഭാഗത്ത് സൂര്യന്‍, ഐരാവതത്തിലിരിക്കുന്ന ഇന്ദ്രന്‍, വിദ്യാഭ്യാസമാണ് ഏറ്റവും വലുത് എന്ന് സൂചിപ്പികൊണ്ട് ഏറ്റവും മുകളിലായി സരസ്വതീദേവി, ഗൗരിമാത, അഗ്നിദേവന്‍, സൂര്യകലണ്ടര്‍, സൂര്യന്റെ 12 ഭാവങ്ങള്‍, വിഷ്ണു, യമന്‍, ശിവന്‍, വരുണദേവന്‍, വായുദേവന്‍ തുടങ്ങി വാസ്തുശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ കോണിലും ഇവ നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല അപ്‌സരസുകള്‍, സംഗീതവിരുന്ന്, വിവാഹം, സംന്യാസിമാര്‍, ഗര്‍ഭിണി, പ്രസവം, അമ്മയും കുഞ്ഞും, രതിശില്‍പ്പങ്ങള്‍, ചികിത്സ, മരണം, തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ തുടങ്ങി ജീവിതഗന്ധിയായ ഓരോ നിമിഷവും സൂര്യക്ഷേത്രത്തിലെ മണ്ണുകൊണ്ടുള്ള കല്ലുകളില്‍ കൊത്തിവച്ചിട്ടുണ്ട്. എത്രവിവരിച്ചാലും മതിവരാത്ത ശില്‍പ്പചാരുത, അതാണ് മൊധേര സൂര്യക്ഷേത്രം.

ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ 3ഡി പ്രൊജക്ഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരസംക്രാന്തിക്കു ശേഷമാണ് ഇവിടെ പ്രസിദ്ധമായ നൃത്തോത്സവം നടക്കുക. ഇതുകാണുന്നതിനായി രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് എത്തുക.

സൂര്യനാണ് മൊധേരയുടെ ദൈവവും ഊര്‍ജ്ജവും. ഇന്നിപ്പോള്‍ സൂര്യക്ഷേത്രം കൊണ്ടുമാത്രമാല്ല മൊധേര ശ്രദ്ധേയമാകുന്നത്. രാജ്യത്തെ ആദ്യ സൗരോര്‍ജ്ജവത്കൃത ഗ്രാമമാണ് മൊധേര. 1700 കുടുംബങ്ങളുള്ള മൊധേര ഗ്രാമത്തിലെ 1300 വീടുകളിലും സോളാര്‍ പാനലുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ഗുജറാത്ത് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും സഹായത്തോടെ സൗജന്യമായാണ് സോളാര്‍ പാനലുകള്‍ നല്‍കിയത്. മീറ്ററുകളും മറ്റ് ആവശ്യമുള്ള സംവിധാനങ്ങളും എല്ലാംതന്നെ സൗജന്യം. ഇന്നിപ്പോള്‍ ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള വൈദ്യതി സര്‍ക്കാരിന് തന്നെ വില്‍ക്കുന്നു. അതിന്റെ പണം ആ കുടുംബങ്ങള്‍ക്ക് തന്നെ ലഭിക്കുന്നു. വീടുകളില്‍ മാത്രമല്ല സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല, നിരവധി വാഹന ചാര്‍ജിങ് യൂണിറ്റുകളും മൊധേര ഗ്രാമത്തിലുണ്ട്. കൂടാതെ കൃഷിയാവശ്യത്തിനുള്ള ജലസേചനത്തിനും സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.

ഇതുകൂടാതെ രാത്രികാലത്തും വെയില്‍ ഇല്ലാത്തപ്പോഴും ഉപയോഗിക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ മറ്റൊരു സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സുജ്ജന്‍പുരിയില്‍ 12 ഹെക്ടര്‍ സ്ഥലത്ത് ആറ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാര്‍ സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 15 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന് 80.66 കോടി രൂപ ചെലവിലാണ് മൊധേരയെ സൂര്യഗ്രാമമാക്കി മാറ്റിയത്.

ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍
അഹമ്മദാബാദില്‍നിന്ന് 100 കിലോ മീറ്റര്‍ അകലെ മെഹ്‌സാന ജില്ലയിലാണ് മൊധേര ഗ്രാമം. അഹമ്മദാബാദ് ആണ് അടുത്തുള്ള വിമാനത്താവളം. 25 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍. അഹമ്മദാബാദില്‍നിന്ന് റോഡ് മാര്‍ഗം 101 കിലോമീറ്റര്‍ സഞ്ചരിക്കണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് സന്ദര്‍ശന സമയം. 50 രൂപയാണ് പ്രവേശന ഫീസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by