Main Article

ട്രംപിന്റെ രണ്ടാമൂഴം: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ അധികാരമേല്‍ക്കും

Published by

ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മൈ ഫ്രണ്ട്’ എന്ന് ആദരവോടെയും അഭിമാനത്തോടെയും അഭിസംബോധന ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ഐക്യനാടുകളുടെ 47-ാമത് പ്രസിഡന്റായി തിങ്കളാഴ്ച ചുതലയേല്ക്കുകയാണ്. ട്രംപിന്റെ രണ്ടാം വരവിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അമേരിക്കന്‍ മാധ്യമങ്ങള്‍ ട്രംപ് പ്രസിഡന്റാവുന്നത് തടയാന്‍ കൊണ്ടു പിടിച്ച് ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ മുന്നേറ്റത്തെ തടയാനായില്ലെന്നത് വിജയത്തിന് മാറ്റുകൂട്ടുന്നു. ആധികാരിക വിജയം നേടിത്തന്നെയാണ് രണ്ടാം വരവ്. ഇലക്ടറല്‍ കോളേജിന് പുറമേ കൂടുതല്‍ പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ അധികാരത്തിലെത്തുന്നത്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമഗ്രാധിപത്യം നേടിയത് സുഗമമായ ഭരണത്തിന് കരുത്തേകും. പ്രസിഡന്റായിരിക്കുമ്പോള്‍ മത്സരിച്ച് പരാജയപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത വ്യക്തിയെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുന്‍പ് 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് സമാനമായ രീതിയില്‍ ഗ്രോവര്‍ ക്ലീവ്ലാന്‍ഡ് പ്രസിഡന്റായിട്ടുള്ളത്. 1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരെയുമാണ് അദ്ദേഹം പ്രസിഡന്റായത്. 2017ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് 2021 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് 2024ലെ തെരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവാണ് ട്രംപ് നടത്തിയിരിക്കുന്നത്.

രണ്ടാം വരവില്‍ ട്രംപിന്റെ നയപരിപാടികളെക്കുറിച്ച് ലോകം സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഭാരതത്തെ എങ്ങനെ ബാധിക്കുമെന്നുള്ള ചര്‍ച്ചകളും സജീവം. നരേന്ദ്ര മോദിയുമായുള്ള വ്യക്തിബന്ധം ഭാരതത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (എംഎജിഎ)

തികഞ്ഞ അമേരിക്കന്‍ ദേശീയവാദിയണ് ട്രംപ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (എംഎജിഎ) മുദ്രാവാക്യം ഇതിനുദാഹരണമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ എല്ലാ നയങ്ങളും അമേരിക്കന്‍ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. സാമ്പത്തിക പരിഷ്‌കരണം, നികുതി ലളിതമാക്കല്‍, കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്‌ക്കല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുള്ളതാണ്. അനധികൃത കുടിയേറ്റം തടയും, വിലക്കയറ്റം നിയന്ത്രിക്കും, പുറംജോലി കരാര്‍ അവസാനിപ്പിച്ച് ഉല്‍പാദനരംഗം ശക്തമാക്കും, യൂറോപ്പിലും മധ്യപൂര്‍വദേശത്തും സമാധാനം ഉറപ്പാക്കും, ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കും തുടങ്ങിയവയാണ് അദ്ദേഹം ലക്ഷമിടുന്നത്. ഒന്നാം ട്രംപ് സര്‍ക്കാരില്‍ അമേരിക്കയുടെ അതിര്‍ത്തികള്‍ ഭദ്രമായിരുന്നു. അനധികൃത കുടിയേറ്റങ്ങള്‍ കുറഞ്ഞു. പണപ്പെരുപ്പത്തോത് നിയന്ത്രണവിധേയമായിരുന്നു. ഇറക്കുമതിയെ ആശ്രയിക്കാതെ എണ്ണ പ്രകൃതി വാതക ആവശ്യം നിറവേറ്റാന്‍ അമേരിക്കയ്‌ക്ക് ചരിത്രത്തിലാദ്യമായി സാധിച്ചത് 2019 ഡിസംബറിലായിരുന്നു. അമേരിക്കയെ ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിച്ച ട്രംപിന്റെ കാലത്ത് പുതിയ യുദ്ധങ്ങളൊന്നും ഉണ്ടായതുമില്ല. അമേരിക്കയ്‌ക്ക് സുശക്തമായ സൈന്യം വേണമെന്ന അഭിപ്രായമാണ് ട്രംപിന്. അമേരിക്കന്‍ വ്യോമ സേനയ്‌ക്ക് പുറമേ യുഎസ് സ്‌പേസ് ഫോഴ്സ് എന്ന പുതിയ സേനാ വിഭാഗം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതവുമായുള്ള ബന്ധം

ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ കൂടുതല്‍ ദൃഢത കൈവരുമെന്നാണ് പ്രതീക്ഷ. ട്രംപും മോദിയും തമ്മിലുള്ള വ്യക്തിബന്ധവും ആഴത്തിലുള്ളതാണ്. അമേരിക്കയുടെ ബിസിനസ് താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ തന്നെ ഭാരതവുമായുള്ള ബന്ധം ശക്തമായി നിലനിര്‍ത്തുന്നതിന് ട്രംപില്‍ നിന്ന് നടപടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2019 സപ്തംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി റാലിയില്‍ ട്രംപ് പങ്കെടുത്തത് ചരിത്ര സംഭവമായിരുന്നു. ഒരു കമ്മ്യൂണിറ്റി റാലിയില്‍ ഒരമേരിക്കന്‍ പ്രസിഡന്റ് ആദ്യമായിട്ടാണ് പങ്കെടുത്തത്. കൊവിഡ് മഹാമാരിക്ക് മുന്‍പ് ഭാരതത്തിലെത്തിയ ട്രംപ് ഗുജറാത്തില്‍ നടന്ന ‘നമസ്തേ ട്രംപ്’ റാലിയില്‍ പങ്കെടുത്തതും ചര്‍ച്ചയായിരുന്നു. ഇതിലൂടെ ഭാരത-യുഎസ് ബന്ധവും കൂടുതല്‍ ദൃഢമായി.

ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ക്കൊപ്പം തന്നെ ഒരുമിച്ചുള്ള മുന്നേറ്റമായിരിക്കും മോദിയും ട്രംപും തമ്മിലുണ്ടാകുക. സമാധാനപരമായ ആണവോര്‍ജത്തിനായുള്ള സാങ്കേതിക വിദ്യയുടെ കൈമാറ്റം കൂടുതല്‍ അനുകൂലമായേക്കാം. എന്നാല്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്കനുസൃതമായി ഭാരത ഉത്പന്നങ്ങള്‍ക്കുള്ള കയറ്റുമതി തീരുവ ചുമത്താനും സാധ്യതയുണ്ട്. 2022-2023 ല്‍ യുഎസിലേക്കുള്ള ഭാരതത്തിന്റെ കയറ്റുമതി ഏകദേശം 80 ബില്യണ്‍ ഡോളറായിരുന്നു. അമേരിക്കയില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുന്നുവെന്ന ആശങ്കയില്‍ ഭാരത ടെക്നോളജിസ്റ്റുകള്‍ക്കുമേല്‍ താരിഫ് ചുമത്താനുള്ള സാധ്യതയുമുണ്ട്. ചൈനയില്‍ നിന്ന് ആഗോള വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം തയ്യാറായിരിക്കും. അമേരിക്കന്‍ കമ്പനികളെ ഭാരതത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ പ്രതീക്ഷിക്കാം. ഇത് ഒരു പ്രധാന ഉത്പാദന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പദവി ഉയര്‍ത്തുന്നതായിരിക്കും. ഈ നീക്കം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും. ആഗോള വിതരണ ശൃംഖലയില്‍ ഭാരതത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനും സഹായിക്കും. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമപരമായ കുടിയേറ്റത്തിന് പിന്തുണ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ കടുത്ത ഭാരത വിരുദ്ധനായ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് രാജിവയ്‌ക്കേണ്ടി വന്നുവെന്നത് ശുഭകരമാണ്. ഭാരത വിരുദ്ധതയ്‌ക്ക് നിലനില്‍പ്പില്ലെന്ന വ്യക്തമായ സൂചനയാണിത്. അമേരിക്കയ്‌ക്ക് ബിസിനസ് താത്പര്യങ്ങള്‍ ഉണ്ടെങ്കിലും ട്രംപിന്റെ വരവ് ഭാരതത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷ.

ബംഗ്ലാദേശില്‍ എന്ത് സംഭവിക്കും?

ട്രംപ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതോടെ ബംഗ്ലാദേശില്‍ അതിന്റെ പ്രതിധ്വനി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച് മുഹമ്മദ് യൂനുസ് താത്കാലിക ഭരണാധികാരിയായതോടെ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്. ഹിന്ദു ആചാര്യനായ ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഈ വിഷയം ഏറ്റെടുത്ത ട്രംപ്
ഭരണത്തിലെത്തിയാല്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ ലോകനേതാവാണ് ട്രംപ്. ഇക്കാര്യം പറയാന്‍ മറ്റൊരു ലോകനേതാവും ധൈര്യപ്പെട്ടില്ല. അമേരിക്കയിലെ ഡീപ് സ്റ്റേറ്റാണ് ഷെയ്ഖ് ഹസീനക്കെതിരെ വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് പ്രക്ഷോഭത്തിലൂടെ ഭരണം അട്ടിമറിച്ചത്. ബരാക് ഒബാമയും ബില്‍ ക്ലിറ്റണും ജോ
ര്‍ജ് സോറോസും എല്ലാം ഉള്‍പ്പെട്ട ഡീപ് സ്റ്റേറ്റ് ട്രംപിനെ പരാജയപ്പെടുത്താനായി കിണഞ്ഞ് ശ്രമിച്ചു. ഇതിനായി അമേരിക്കന്‍ മാധ്യമങ്ങളെ വരെ വിലയ്‌ക്കെടുത്തു. ട്രംപിനെതിരായി വാര്‍ത്തകള്‍ ചമച്ച അമേരിക്കന്‍ പത്രാധിപന്മാര്‍ക്ക് പത്രഉടമകള്‍ മുന്നറിയിപ്പ് നലകി. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ പ്രതീക്ഷയോടെ ട്രംപിന്റെ വരവ് കാത്തിരിക്കുന്നത്. ഉടന്‍ തന്നെ യൂനുസ് ഭരണത്തിന് അന്ത്യമാകുമെന്നാണ് വിലയിരുത്തല്‍. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഭാരതവും ശക്തമായ നടപടി സ്വീകരിച്ചിരുന്നു. നിരവധി തവണയാണ് ബംഗ്ലാദേശിനെ പ്രതിഷേധം അറിയിച്ചത്.

ഉക്രൈന്‍ യുദ്ധം
ട്രംപ് അധികാരത്തിലെത്തുന്നതോടെ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ ഉക്രൈനിലേക്ക് കോടികള്‍ കൈമാറിയതിനെ ചോദ്യം ചെയ്തിട്ടുള്ള ട്രംപ് തനിക്ക് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാനും സാധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 200 ബില്യണ്‍ ഡോളറാണ് അമേരിക്ക ഇതുവരെ യുദ്ധശ്രമങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ഈ തുക ഉപയോഗിക്കാമായിരുന്നുവെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ട്രംപ്.

നിഷ്പക്ഷ നിലപാടാണ് ഭാരതം ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. റഷ്യയെ ഭാരതം ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും മോദി പറഞ്ഞിരുന്നു. വെടിനിര്‍ത്തലിന്റെയും സമാധാന ചര്‍ച്ചകളുടെയും ആവശ്യകതയെ കുറിച്ച് ഭാരതം നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ബൈഡന്‍ ഭരണകൂടത്തിന് ഭാരതത്തോട് വിരോധമായിരുന്നു. ദ്വിതീയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നു വരെ യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. മാറിയ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനാകുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് വഌഡിമിര്‍ പുടിനുമായി വ്യക്തിബന്ധമുള്ള സാഹചര്യത്തില്‍.

അതുപോലെ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് ഗാസയില്‍ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്നവരെ മോചിപ്പിക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ഫലം കാണുകയാണ്. ഇതുവഴി പശ്ചിമേഷ്യ സമാധാനത്തിലേയ്‌ക്ക് നീങ്ങുമെന്നും ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാകുമെന്നുമാണ് കരുതുന്നത്.

പാനമ കനാല്‍

മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നാണ് അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാനമ കനാല്‍. പാനമയുടെ വരുമാനത്തില്‍ 80 ശതമാനവും കനാലിലൂടെയുള്ള ജലഗതാഗതത്തിലൂടെയാണ് ലഭിക്കുന്നത്. കനാല്‍ വഴി കടന്നുപോകുന്ന യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളും ഒരു നിശ്ചിതതുക ഫീസായി നല്‍കേണ്ടതുണ്ട്. അടുത്തിടെ കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്കുകള്‍ പാനമ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പാനമ പിടിച്ചെടുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കിയത്. അമേരിക്കക്ക് പുറമെ കനാലിന്റെ രണ്ടാമത്തെ വലിയ ഉപയോക്താവായ ചൈനയ്‌ക്ക് ഇക്കാര്യത്തില്‍ ചില താത്പര്യങ്ങളുണ്ട്.

ഗ്രീന്‍ലാന്‍ഡ്

അപൂര്‍വ ധാതുക്കളാല്‍ സമൃദ്ധമാണ് ഗ്രീന്‍ലാന്‍ഡ്. എണ്ണ, പ്രകൃതിവാതകം, സ്വര്‍ണം, ചെമ്പ് എന്നിവയും വൈദ്യുതവാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പടക്കോപ്പുകളുടെയും നിര്‍മാണത്തിനാവശ്യമായ അപൂര്‍വ ധാതുക്കളാലും സമ്പന്നം. മഞ്ഞിന്റെ കനത്ത ആവരണത്തിനടിയില്‍ കിടക്കുന്ന ഗ്രീന്‍ലാന്‍ഡിന്റെ ധാതുസമൃദ്ധി കാര്യമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഇക്കാര്യത്തില്‍ ട്രംപ് കണ്ണു വയ്‌ക്കുന്നത്. അതിനാല്‍ത്തന്നെ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം തങ്ങളുടെ സുരക്ഷയ്‌ക്ക് ആവശ്യമാണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യയില്‍നിന്ന് ഒരാക്രമണമുണ്ടായാല്‍, പെട്ടെന്ന് പ്രത്യാക്രമണം നടത്താന്‍ സൗകര്യമുള്ള സ്ഥലമെന്നതും ഇതിനു കാരണമാണ്. അതുപോലെ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേരുമാറ്റവും ട്രംപിന്റെ അജണ്ടയിലുണ്ട്. എന്തൊക്കെയായാലും ട്രംപിന്റെ രണ്ടാമൂഴം ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുമെന്ന് കരുതണം.

അമേരിക്കയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുമോ
ട്രംപിന്റെ കീഴില്‍ അമേരിക്കയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുമോയെന്ന ചര്‍ച്ചകള്‍ വ്യാപകമായി ഉയരുന്നുണ്ട്. ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിക്കാനായിട്ടാണ് കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് പറഞ്ഞതെങ്കിലും അതിനുപിന്നില്‍ ട്രംപിന്റെ ചില അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കാനഡ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ട്രൂഡോയെ ഭയപ്പെടുത്തിയിരുന്നു. ഓടിയെത്തി രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്നും ട്രൂഡോയെ ഗവര്‍ണറാക്കാമെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. ഇതോടെ ട്രൂഡോക്കെതിരായ ജനരോഷം പാരമ്യത്തിലെത്തുകയും രാജിവയ്‌ക്കേണ്ടിവരികയുമായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by