തിരുവനന്തപുരം: സമാധി ആയെന്ന് കുടുംബവും കൊലപാതകമെന്ന് നാട്ടുകാരും പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുക്കാൻ പൊളിച്ച കല്ലറയ്‌ക്ക് സമീപം പുതിയ കല്ലറ നിർമ്മിച്ചായിരുന്നു ചടങ്ങുകൾ.
സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ചടങ്ങിൽ ഗോപൻ സ്വാമിയുടെ രണ്ട് മക്കളും പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പദയാത്രയായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
അതേസമയം, സമാധി വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ മാപ്പ് പറഞ്ഞു. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം.
ഇന്നലെ രാവിലെയാണ് ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക