Vicharam

പിന്നാക്ക വിഭാഗങ്ങളുടെ മറവിലുള്ള മത സംവരണം അവസാനിപ്പിക്കണം

മലപ്പുറത്ത് തിരൂരില്‍ ചേര്‍ന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം

Published by

ഭാരതം ഒരു മതേതര രാഷ്‌ട്രമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യത ലഭിക്കുമ്പോഴാണ് ഭരണഘടനയിലെ മതേതരത്വം സാര്‍ഥകമാകുന്നത്. ഒരു മതത്തോടും പ്രത്യേക പരിഗണനയോ ആഭിമുഖ്യമൊ പുലര്‍ത്താനും പാടില്ല!

പക്ഷേ ജാതി വ്യവസ്ഥയും അയിത്തം പോലുള്ള ദുരാചാരങ്ങള്‍ മൂലവും സാമൂഹിക-വിദ്യാഭ്യാസ- സാമ്പത്തിക മണ്ഡലങ്ങളില്‍ മറ്റുള്ളവരെക്കാള്‍ പിന്നാക്കം പോയ ഹിന്ദു മതത്തിലെ ജാതികള്‍ക്കു ഭരണഘടന നിര്‍മ്മാതാക്കള്‍ ജാതി സംവരണത്തിന് വ്യവസ്ഥ ചെയ്തിരുന്നു. ഇവര്‍ മറ്റുള്ളവര്‍ക്ക് സമന്മാരാകുന്നതു വരെ മതിയായ സംവരണമാണ് ഉന്നത വിദ്യാഭ്യാസത്തിനും, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിക്കും നല്കി വരുന്നത്. ഇതാണ് ഭരണഘടന അനുച്ഛേദം 15 (4)(5),16 (4) എന്നിവ പ്രകാരം എസ്‌സി/ എസ്ടി / എസ്ഇബിസി/ ഒബിസി വിഭാഗക്കാര്‍ക്ക് നല്കി വരുന്ന സംവരണം! ജനസംഖ്യാനുപാതിക സംവരണം എസ്‌സി/ എസ്ടി വിഭാഗക്കാര്‍ക്ക് മാത്രമെ ഭരണഘടന ഉറപ്പ് നല്കുന്നുള്ളു.
മണ്ഡല്‍ കമ്മീഷന്‍ കേസിലെ (ഇന്ദിര സാഹ്നി കേസിലെ ) 9 അംഗ ഭരണഘടന ബഞ്ചിന്റെ വിധി ന്യായത്തെ തുടര്‍ന്ന് ഇതില്‍ എസ്ഇബിസി/ ഒബിസിയിലെ സാമ്പത്തികമായി മുന്നാക്കമായവരെ ഒഴിവാക്കിയിട്ടുണ്ട്, സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം പോയിട്ടുള്ള (എസ്ഇബിസി) വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിനും
അവരെ മറ്റു പിന്നാക്ക (ഒബിസി) വിഭാഗമായി കണക്കാക്കി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും നിയമനത്തിന് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുച്ഛേദം 340 പ്രകാരം നിയമിച്ച രണ്ടാം പിന്നാക്ക വിഭാഗകമ്മീഷന്‍ അഥവാ മണ്ഡല്‍ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലേയും പിന്നാക്ക വിഭാഗക്കാരെ കണ്ടെത്തിയിരുന്നു. 3943 ജാതികളെയാണ് കമ്മീഷന്‍ കണ്ടെത്തിയത്. ഇതില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. എന്നാല്‍ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതവും ഇസ്ലാം മതവും സ്വീകരിച്ച ചില വിഭാഗക്കാരെ ഒബിസിയായി പരിഗണിച്ചിട്ടുണ്ട്!

കേരളത്തില്‍ ഇസ്ലാം മതത്തിലെ മാപ്പിളമാരും, ക്രിസ്തുമതത്തിലെ ലത്തീന്‍ കത്തോലിക്കരും, പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും, നാടാര്‍ ക്രിസ്ത്യാനികളെയും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് എല്ലാവര്‍ക്കും നിലവിലെ ഇഡബ്ല്യുഎസ് സംവരണം സാമ്പത്തിക സംവരണമാണ്. ഇത് ഭരണഘടനാ വിധേയമാണെന്ന് സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടന ബഞ്ച് വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സംവരണം ഏര്‍പ്പെടുത്തിയ 103-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചിട്ടുമുണ്ട്!

നിലവിലെ സംവരണ വ്യവസ്ഥയില്‍ മാറ്റം അനിവാര്യമായിരിക്കുന്നത് മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷ മതക്കാര്‍ക്ക് നല്കി വരുന്ന എസ്ഇബിസി/ ഒബിസി സംവരണങ്ങളിലാണ്.
ജാതികളും ഗോത്രങ്ങളും ഹിന്ദുമതത്തിന്റെ മാത്രം ഉത്പന്നമാകയാല്‍ നിലവിലെ എസ്‌സി/ എസ്ടി / എസ്ഇബിസി/ ഒബിസി സംവരണം ഹിന്ദുക്കളില്‍ സമൂഹിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ ഇപ്പോഴും മറ്റു വിഭാഗക്കാരെക്കാള്‍ പിന്നാക്കമായി നില്‍ക്കുന്ന ജാതിക്കാര്‍ക്ക്/ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്’മാത്രമായി ചുരുക്കേണ്ടതാണ്!

എസ്‌സി/ എസ്ടി വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലും ജന പ്രതിനിധി സഭകളിലും മതാടിസ്ഥാനത്തില്‍ സംവരണം വേണം എന്ന് ന്യൂനപക്ഷ മതക്കാര്‍ ആവശ്യപ്പെട്ടു വരുന്നു. ഇതിനായി അവര്‍ സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജ്ജികളും ഫയല്‍ ചെയ്തിട്ടുണ്ട്. മത നൂനപക്ഷക്കാരുടെ ഈ ആവശ്യം തള്ളിക്കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഈ യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

സാമൂഹ്യ നീതി നടപ്പിലാക്കുന്നതിനായി ജാതി സംവരണത്തിന് അര്‍ഹതയില്ലാത്ത ന്യൂനപക്ഷ മതക്കാര്‍ക്ക് EWS (Economically Weaker section) സംവരണം അവരിലെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാവുന്നതാണെന്ന് ഈ യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സംവരണം ജാതി സംവരണത്തിന് പുറമെ എല്ലാ മതവിഭാഗക്കാരിലെയും പാവപ്പെട്ടവര്‍ക്ക് നല്‍കി എല്ലാവരുടെയും വികസനം നടപ്പില്‍ വരുത്തണമെന്നും ഈ യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി കെ. സി. സുധീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക