Kerala

ട്രഷറി സമ്പാദ്യ പദ്ധതി; വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുന്നതായി പരാതി

Published by

കണ്ണൂര്‍: സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം എന്ന പേരില്‍ സംസ്ഥാനത്തെ ട്രഷറികള്‍ മുഖേന പണം സ്വരൂപിക്കുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുന്നതായി പരാതി. തപാല്‍ വകുപ്പിന്റെ സഞ്ചയിക സമ്പാദ്യ പദ്ധതി സ്‌കൂളുകളില്‍ 2016 ഒക്ടോബറില്‍ നിര്‍ത്തലാക്കിയിരുന്നു.

മിക്ക സ്‌കൂളുകളും സഞ്ചയിക പദ്ധതി നിര്‍ത്തലാക്കിയതിന് പിന്നാലെ സ്‌കൂളിനടുത്തുള്ള സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലുമായി വിദ്യാര്‍ത്ഥികളുടെ സേവിങ്‌സ് അക്കൗണ്ട് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ അക്കൗണ്ടില്‍ പണം നിക്ഷേപി
ക്കുകയും വിവരങ്ങള്‍ ബാങ്ക് പാസ്ബുക്കില്‍ രേഖപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.
അക്കാദമിക കാര്യങ്ങള്‍ക്കുള്ള സമയം അപഹരിക്കുന്നതിനാല്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് എതിര്‍പ്പുണ്ട്. സാമ്പത്തിക പ്രയാസവും വിലക്കയറ്റവും കരണം നട്ടംതിരിയുന്ന രക്ഷിതാക്കള്‍ക്കും പദ്ധതിയോട് ശക്തമായ വിയോജിപ്പുണ്ട്. ഇതിനോടകം പല അധ്യാപക രക്ഷാകര്‍ത്തൃ സമിതികളും യോഗം ചേര്‍ന്ന് പദ്ധതി പ്രാ
യോഗികമല്ലെന്ന് വിലയിരുത്തുകയും നടപ്പിലാക്കാന്‍ സാധിക്കില്ല എന്നു തീരുമാനിക്കുകയും ചെയ്തു.

ട്രഷറി, പൊതുവിദ്യാഭ്യാസ, ധനകാര്യ ദേശീയ സമ്പാദ്യപദ്ധതി വകുപ്പുകളെ സംയോജിപ്പിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന എല്ലാ സ്‌കൂളിലും പദ്ധതി ആരംഭിക്കുന്നതിന് പ്രധാനാധ്യാപകരെ നിര്‍ബന്ധിക്കുകയാണ്. പദ്ധതി ആരംഭിക്കാത്ത സ്‌കൂളുകളിലെ പ്രധാനാധ്യാപകരോട് രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി ആരംഭിക്കാത്ത സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് രേഖാമൂലം മുന്നറിയിപ്പുമുണ്ട്. പദ്ധതി തുടങ്ങുന്നതും നടത്തിക്കൊണ്ടു പോകുന്നതും അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും തലവേദനയാകും. വിദ്യാലയ മേധാവി, രണ്ട് രക്ഷിതാക്കള്‍, രണ്ട് അദ്ധ്യാപകര്‍, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങുന്ന ഒരു ട്രസ്റ്റ് രൂപീകരിക്കണം.

വിദ്യാലയ മേധാവിയുടെയും രണ്ട് വിദ്യാര്‍ത്ഥികളുടെയും പേരില്‍ ട്രഷറിയില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിക്കണം. അതിലാണ് പണം നിക്ഷേപിക്കേണ്ടത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിക്കുന്ന തുക പിറ്റേന്ന് തന്നെ ചുമതലയുള്ള അദ്ധ്യാപകന്‍ ട്രഷറിയില്‍ നിക്ഷേപിക്കണം. ഉപരിപഠനത്തിനായോ മറ്റു കാരണങ്ങള്‍ കൊണ്ടോ ടിസി വാങ്ങുന്ന കുട്ടിയുടെ സേവിങ്‌സ് അക്കൗണ്ട് ക്ലോസ് ചെയ്ത് നിക്ഷേപം പലിശ സഹിതം തിരികെ നല്‍കണം. ട്രസ്റ്റ് അംഗങ്ങളില്‍ ആരെങ്കിലും സ്‌കൂള്‍ വിട്ടു പോവുകയാണെങ്കില്‍ പകരക്കാരെ പിടിഎ യോഗം ചേര്‍ന്ന് തീരുമാനിച്ച് ട്രഷറിയില്‍ രേഖാമൂലം അറിയിക്കണം.

പ്രധാനാധ്യാപകരെ ബലിയാടാക്കിക്കൊണ്ട് ട്രഷറി സമ്പാദ്യ പദ്ധതി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആശാസ്യമല്ലെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പറഞ്ഞു.

സ്‌കൂളുകള്‍ മുഖാന്തിരം വിദ്യാര്‍ത്ഥികള്‍ക്ക് ട്രഷറി നിക്ഷേപം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ജനാധിപത്യവിരുദ്ധമായ അടിച്ചേല്‍പ്പിക്കല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സമയം നഷ്ടപ്പെടുത്തിക്കൊണ്ട് അധ്യാപകരെയും പ്രധാനാധ്യാപകരെയും സര്‍ക്കാരിന് പണം പിരിച്ചു കൊടുക്കാനുള്ള കളക്ഷന്‍ ഏജന്റുമാരാക്കരുത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക