കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനേതൃത്വം ഇത്രമാത്രം പരിഹാസ്യമായ കാലം മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാമൂഴവും സിപിഎം എന്ന മൂരാച്ചി പാര്‍ട്ടിയുടെ ധാര്‍ഷ്ട്യവുമാണ് ഈ നിലയിലേയ്‌ക്കു കാര്യങ്ങളെ അധഃപതിപ്പിച്ചത്. ഐഎഎസ്, ഐപിഎസ് തലത്തില്‍ ആശാസ്യമല്ലാത്ത എന്തൊക്കെയോ നടക്കുന്നു എന്ന തോന്നല്‍ പൊതുസമൂഹത്തിനുണ്ട്. ഉന്നത ഐഎഎസ്, ഐപി
എസ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ ഭരണത്തിനൊപ്പം നിന്നുപോകാനാകാത്ത സാഹചര്യമുണ്ട് എന്നത് വാസ്തവമാണ്. പാര്‍ട്ടി താല്‍പര്യത്തിനനുസരിച്ച് ആടിക്കളിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് സത്യസന്ധമായി ജോലി ചെയ്യാനോ നീതി നടപ്പിലാക്കാനോ കഴിയുന്നില്ല. പിണറായിയുടെ ഒന്നാം ഊഴത്തില്‍ത്തന്നെ തെളിയിക്കപ്പെട്ടതാണത്. കേരള പോലീസ് കണ്ട ഏറ്റവും മികച്ച, സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ഡോ. ടി. പി. സെന്‍കുമാറിനെ പുകച്ചു പുറത്തുചാടിക്കാനും ഒതുക്കാനും നടത്തിയ ശ്രമങ്ങളും തുടര്‍ന്നുണ്ടായ കോടതി ഇടപെടലുകളും അദ്ദേഹത്തിന്റെ തിരിച്ചുവരവും ഒക്കെ സിവില്‍ സര്‍വീസ് ചരിത്രത്തിലെ രേഖകളാണ്. സ്വതന്ത്ര ചിന്താഗതിയുള്ളവരെയും നീതിബോധമുള്ളവരെയും തനിക്ക് ആവശ്യമില്ല എന്ന പിണറായി കമ്യൂണിസ്റ്റ് ന്യായത്തിലാണ് കേരളത്തിലെ സിവില്‍ സര്‍വീസ് നീങ്ങുന്നത്. അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും, കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും പഴയ കളക്ടര്‍ ബ്രോയുമായ എന്‍. പ്രശാന്തും തമ്മിലുള്ള ചേരിപ്പോരിന് രണ്ടുവ്യക്തികള്‍ തമ്മിലുള്ള നിസ്സാരമായ തന്‍ പ്രമാണിത്തം അഥവാ ഈഗോ ക്ലാഷിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. പഴയ ഫയലുകളിലെ കുറിപ്പുകള്‍ക്ക് പകരം സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളിലേക്ക് ഐഎഎസ്സുകാരും മാറി എന്നതിനപ്പുറം അവരുടെ ചേരിപ്പോരിനെ ഗൗരവമായി ആരും കണക്കിലെടുത്തിരുന്നില്ല. രണ്ടുപേരുടെയും നേരിയ തോതിലുള്ള സംശയരോഗം പരസ്പരബന്ധത്തെ ബാധിച്ചിരുന്നു. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തനിക്കെതിരെ ചോര്‍ത്തിയതാണോ എന്ന സംശയം ജയതിലകിനും പ്രശാന്തിനും ഉണ്ടായിരുന്നു.
മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന രണ്ടുപേരും സുഹൃത്തുക്കളെ ഉപയോഗപ്പെടുത്തിയിരിക്കും. പക്ഷേ, പ്രശാന്തിനെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ പഴയ ചീഫ് സെക്രട്ടറിയായ ഡോ.വേണുവിനോടെങ്കിലും ആലോചിക്കേണ്ടതായിരുന്നു. പ്രശാന്ത്, കാരണം കാണിക്കല്‍ മെമ്മോയ്‌ക്ക് മറുപടിയായി ചോദിച്ച കാര്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിയാതെ പോയത് ഇതിന്റെ സൂചനയാണ്. പണ്ട് ഡോ. ബാബു പോളും ടി.എന്‍. ജയചന്ദ്രനും കെ. ജയകുമാറും ജിജി തോംസനും എസ്.എം. വിജയാനന്ദും സി.പി. നായരും ആര്‍. രാമചന്ദ്രന്‍ നായരും ഒക്കെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളില്‍ പാലിച്ചിരുന്ന അച്ചടക്കത്തിന്റെയും നേതൃഗുണത്തിന്റെയും ഒക്കെ പെരുമാറ്റരീതി പലപ്പോഴും സിവില്‍ സര്‍വീസിന് ഏറെ നേട്ടവും തിളക്കവും നല്‍കുന്നതായിരുന്നു. കെ.എം. ജോസഫ്, ഹോര്‍മിസ് തരകന്‍, ഉപേന്ദ്രവര്‍മ്മ, ടി.പി. സെന്‍കുമാര്‍ തുടങ്ങിയ പോലീസ് മേധാവികളും ഇത്തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലും പെരുമാറ്റത്തിലും ഇടപെട്ടിരുന്നവരാണ്. അതൊക്കെ സര്‍വീസിലെ ഓരോ ഉദ്യോഗസ്ഥന്റെയും നന്മയ്‌ക്കു വേണ്ടിയായിരുന്നു. അത് ആരും മോശമായി കണ്ടിട്ടുമില്ല.
പ്രശാന്തിന്റെ സസ്‌പെന്‍ഷന് പിന്നാലെ, കാര്‍ഷികോല്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ബി. അശോകിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റാനുള്ള തീരുമാനമാണ് ഏറ്റവും ശ്രദ്ധേയവും വിവാദവും ആയത്. കടലിലെ തിരയെണ്ണാന്‍ പണ്ട് ഐഎഎസ്‌കാരെയും ഐപിഎസുകാരെയും നിയമിക്കുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരം പോലെ, ഇനിയും നിയമിച്ചിട്ടില്ലാത്ത, രൂപീകരിച്ചിട്ടില്ലാത്ത തദ്ദേശഭരണ കമ്മീഷന്‍ എന്ന പേരിലാണ് ബി. അശോകിനെ സ്ഥലംമാറ്റിയത്. എന്‍. പ്രശാന്തിന് മാനസിക പിന്തുണ നല്‍കുന്നു എന്നതാണ് അശോകനെതിരെ കേട്ട ആരോപണം. തന്റെ കീഴിലുള്ള സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ വേളയില്‍, അദ്ദേഹത്തെ പിന്തുണയ്‌ക്കാനും സര്‍വീസില്‍ തിരിച്ചുകൊണ്ടുവരാനും നേര്‍വഴിക്ക് നയിക്കാനും അശോക്് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്ത് തെറ്റാണുള്ളത്? മാനസിക പിന്തുണ കൊടുക്കുന്നു എന്ന ആരോപണം എങ്ങനെയാണാവോ തെളിയിച്ചിച്ചത്? പണ്ട് പഴയ മന്ത്രിമാരായ എ.കെ. ബാലനും പി.കെ. ശ്രീമതിയും പാലക്കാട്ടു നടന്ന ചില അരുതായ്കകളുടെ തീവ്രത അളക്കാന്‍ പോയതായി കേട്ടിട്ടുണ്ട്. ആ മാതൃകയില്‍ ആണോ പിന്തുണയുടെ തീവ്രത അളന്നത്? അളവ് ഉപകരണം എന്തായിരുന്നു? മുഖ്യമന്ത്രി പിണറായി വിജയനോ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോ ഒന്നു വ്യക്തമാക്കുമോ?
ഈ നടപടി മൂലം കൃഷിവകുപ്പില്‍ നാഥനില്ലാത്ത അവസ്ഥയായി. സെക്രട്ടേറിയേറ്റിന്റെ ഇടനാഴികളില്‍ കേള്‍ക്കുന്നത് കൃഷി മന്ത്രി പി. പ്രസാദിനോട് ആലോചിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെയാണ് ബി. അശോകനെ സ്ഥലം മാറ്റിയതെന്നാണ്. ലോക ബാങ്കിന്റെ കരാര്‍ അനുസരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ കേരപദ്ധതി നടപ്പാക്കുന്ന ചുമതല അശോകനായിരുന്നു. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന കരാറും ചട്ടവും നിലനില്‍ക്കുമ്പോഴാണ്, ഒരു സംശയത്തിന്റെ അടിസ്ഥാനത്തില്‍ അശോകിനെ സ്ഥലം മാറ്റിയത്. ഇതുമൂലം അവതാളത്തിലാകുന്നത് 2365 കോടിയുടെ ലോകബാങ്ക് പദ്ധതിയാണ്. കാബ്‌കോയുടെയും ലോക ബാങ്കിന്റെയും പദ്ധതികള്‍ വേറെയും. രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ കൂടിയാലോചനയില്ലാതെ സസ്‌പെന്‍ഡ് ചെയ്തും സ്ഥലംമാറ്റിയും വകുപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചെങ്കിലും സിപിഐ മന്ത്രിമാരോ പാര്‍ട്ടി നേതൃത്വമോ പ്രതികരിച്ചിട്ടില്ലെന്നത് സിപിഐയുടെ അവസ്ഥ ചൂണ്ടിക്കാട്ടുന്നു. അശോകന്റെ സ്ഥലംമാറ്റത്തോടെ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ രൂക്ഷമായ ചേരിപ്പോരിലേക്കും വാഗ്വാദത്തിലേക്കും മാറി. സിവില്‍ സര്‍വീസില്‍ എത്തിയകാലം മുതല്‍ ഏത് കാര്യത്തിലും വസ്തുതകളുടെ അടിസ്ഥാനത്തില്‍ അച്ചടക്കത്തിന്റെ പരിധിക്കുള്ളില്‍നിന്ന് പ്രതികരിക്കുകയും നീതിയുക്തവും സ്വതന്ത്രവുമായ നിലപാട് എടുക്കുകയും ചെയ്യുന്ന ആളാണ് ബി. അശോക്. പൊതുജനങ്ങളുടെ ശ്രദ്ധയും ആദരവും അദ്ദേഹം നേടിയിട്ടുമുണ്ട്. പല കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാര്‍വേദികളില്‍ നിയമവും ചട്ടവും ഉദ്ധരിച്ച് സര്‍ക്കാരിന്റെ പിടിപ്പുകേടും പ്രവര്‍ത്തനപരാജയവും തുറന്നുകാട്ടുന്നതില്‍ മടി കാണിച്ചിട്ടില്ല. ഏറ്റവും പുതിയ വിവാദം വയനാട്ടിലെ പുനരധിവാസപ്രശ്‌നമായിരുന്നു. അതിനുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണം സിപിഎമ്മിന്റെ മാനസപുത്രനായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ ഇല്ലാതെ നല്‍കാനുള്ള തീരുമാനത്തെ അശോക് എതിര്‍ത്തിരുന്നു. അശോക് മാത്രമല്ല, നിഷ്പക്ഷരും സത്യസന്ധരുമായ പല പ്രധാന ഉദ്യോഗസ്ഥരും ഈ കാര്യത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ചൂരല്‍മല-മുണ്ടക്കൈ ടൗണ്‍ഷിപ്പില്‍ ദുരിതാശ്വാസത്തിനുള്ള ഒരു വീടിന് 30 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ തുക ഏതു മാനദണ്ഡത്തില്‍ ആയാലും കൂടുതലാണ് എന്ന കാര്യത്തില്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഊരാളുങ്കലിനെ മുന്‍നിര്‍ത്തി കേരളത്തിന്റെ പൊതുധനം, പാവപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസത്തിന്റെ പണം കൊള്ളയടിക്കാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ വേദികളില്‍ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരിലാണ് അശോകനെ മാറ്റുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് എന്തിന്റെ പേരിലായാലും ഇത്തരം കരാറുകള്‍ ദര്‍ഘാസ് ഇല്ലാതെ നല്‍കുന്നത് ചട്ടവിരുദ്ധം മാത്രമല്ല അഴിമതിയുമാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതിന് സംസ്ഥാനസര്‍ക്കാരും പിണറായി വിജയനും റവന്യൂ വകുപ്പിന്റെ ചുമതലയുള്ള കെ. രാജനും മറുപടി പറയേണ്ടിവരും.
മറ്റൊരു വിവാദം മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നപേരില്‍ കെ. ഗോപാലകൃഷ്ണനെതിരെയുള്ള നടപടിയായിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ അവസാനിച്ചു. മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ആണോ ഗോപാലകൃഷ്ണന്‍? കേരള പോലീസില്‍ പ്രവര്‍ത്തിക്കുന്ന പച്ചവെളിച്ചം അടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ തീവ്രവാദത്തിന്റെ പേരില്‍ മാത്രമാണോ പ്രവര്‍ത്തിക്കുന്നത്? കേരള പോലീസിന്റെ രഹസ്യരേഖകള്‍ അടക്കം ചോര്‍ത്തിയ ബിജു സലീം എന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്തായിരുന്നു. ആ ഉദ്യോഗസ്ഥനെ യാതൊരു നടപടിയും കൂടാതെ തിരിച്ചെടുത്തത് ആരായിരുന്നു? അത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എന്നകാര്യം ഓര്‍ക്കണം. കേരള പോലീസില്‍ മാത്രമല്ല, സെക്രട്ടേറിയേറ്റിലും ഐഎഎസ് ഉദ്യോഗസ്ഥരുടെ തലത്തിലും ഒക്കെത്തന്നെ മുസ്ലിം ഉദ്യോഗസ്ഥരുടെയും ക്രിസ്ത്യന്‍ ഉദ്യോഗസ്ഥരുടെയും പ്രത്യേക സംഘങ്ങളും യോഗങ്ങളും നടക്കുന്നുണ്ട്. മക്ക എന്നപേരില്‍ ചേരുന്ന ഉദ്യോഗസ്ഥയോഗം മതാടിസ്ഥാനത്തില്‍ അല്ലേ? മതത്തിന്റെ പേരിലും അതിന്റെ മാത്രം അടിസ്ഥാനത്തിലും ചില ചീഫ് സെക്രട്ടറിമാര്‍വരെ നടത്തിയ അരുതായ്കളുടെ കണക്ക് ഹൈന്ദവ പ്രസ്ഥാനങ്ങളുടെ കൈയിലുണ്ട്.
1987ല്‍ മദര്‍ തെരേസ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ പള്ളുരുത്തി സെറ്റില്‍മെന്റ് കോളനിയും അതിന്റെ രണ്ടര ഏക്കര്‍ സ്ഥലവും രഹസ്യമായി അവര്‍ക്ക് കൈമാറാന്‍ ശ്രമിച്ചത് അല്പം
പോലും വര്‍ഗീയത ഇല്ലാത്ത നീതിമാന്‍ എന്ന പേരുകേട്ട അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്നു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ഉണ്ടാകുമെന്ന് പോസ്റ്റര്‍ പതിച്ചപ്പോഴാണ് കരുണാകരന്‍ അന്ന് തീരുമാനം പിന്‍വലിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നടന്ന ഏക്കര്‍ കണക്കിന് സ്ഥലങ്ങളുടെ കൈമാറ്റവും ഈ രീതിയില്‍ കാണണം. പാട്ടത്തിനു വാങ്ങിയ പല സ്ഥലങ്ങളും തീറായി മാറിയതും അന്വേഷിക്കണം. ഐഎഎസ് ആണെങ്കിലും ഗോപ്യമായി ചെയ്യേണ്ടത് ചെയ്യാനുള്ള വിവേകമോ കുബുദ്ധിയോ ഇല്ലാത്തതുകൊണ്ടാണ് ഗോപാലകൃഷ്ണന്‍മാര്‍ കുടുങ്ങുകയും ബിജു സലീമിനെ പോലുള്ളവര്‍ ഇന്നും സര്‍വീസില്‍ തുടരുകയും ചെയ്യുന്നത്. വാട്‌സ്ആപ്പും സോഷ്യല്‍ മീഡിയയും സംബന്ധിച്ച് എന്തെങ്കിലും വ്യക്തമായ നയമോ രൂപരേഖയോ പെരുമാറ്റച്ചട്ടമോ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടോ? അപ്രകാരം നിയമവും ചട്ടവും ഇല്ലാതെ അശോകിനെയും പ്രശാന്തിനെയും ഗോപാലകൃഷ്ണനെയും ഒക്കെ പീഡിപ്പിക്കുമ്പോള്‍ അതിന്റെ പിന്നില്‍ എന്തോ ചില അജണ്ടകളും പിന്നാമ്പുറ കഥകളും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? ഇടതുപക്ഷം വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞിടത്ത് ഇടതുപക്ഷം പോയാല്‍ കേരളം രക്ഷപ്പെടും എന്ന സ്ഥിതിയിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം പിണറായിയുടെയും സിപിഎമ്മിന്റെയും ഇത്തരം നടപടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക