Entertainment

ചരിത്രത്തിൽ ആദ്യം :ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

Published by

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ലോസ് ആഞ്ജലിസില്‍ നാശം വിതച്ച മാരകമായ കാട്ടുതീയെ തുടര്‍ന്നാണ് ഓസ്‌കര്‍ ചടങ്ങുകള്‍ റദ്ദാക്കാന്‍ തീരുമാനം എടുക്കുന്നത്. ചടങ്ങുകള്‍ റദ്ദാക്കാകുയാണെങ്കില്‍ ഓസ്‌കറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുളള സംഭവം.

 

താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോണ്‍, മെറില്‍ സ്ട്രീപ്പ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്‌കര്‍ റദ്ദാക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇത് വെറും അഭ്യൂഹങ്ങളാണന്നും, ചടങ്ങ് റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

തീപിടിത്തത്തെ തുടര്‍ന്ന് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുന്നത് ജനുവരി 23ലേക്ക് മാറ്റിയിരുന്നു. അതേസമയം, അഗ്‌നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനം ചിലയിടങ്ങളിലെ വന്‍ തീ കെടുത്തിയെങ്കിലും മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗമുള്ള കാറ്റില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ച കാട്ടുതീയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 12,000 കെട്ടിടങ്ങള്‍ നശിച്ചു. തീ ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയ പാലിസെയ്ഡില്‍ 23,713 ഏക്കറാണ് കത്തിയത്. ഈറ്റണില്‍ 14,117 ഏക്കറും. ഹേസ്റ്റ്, കെനത്ത് മേഖലകളിലെ തീ അണച്ചു. ഇതിനിടെ തീയണക്കാന്‍ ആവശ്യത്തിന് വെള്ളം നല്‍കാത്തതിന്റെ പേരില്‍ ലൊസ് ആഞ്ചല്‍സ് ജലവകുപ്പിനെതിരെ നാട്ടുകാര്‍ കേസ് കൊടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by