Kerala

കളി ജുഡീഷ്യറിയോട് വേണ്ട; നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി, വാർത്താസമ്മേളനം ഒഴിവാക്കി ബോബി ചെമ്മണ്ണൂർ

Published by

കൊച്ചി: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതിൽ കൃത്യമായ മറുപടി വേണമെന്ന് ബോബി ചെമ്മണൂരിനോട് ഹൈക്കോടതി. ബോബി ചെമ്മണൂർ പുറത്തിറങ്ങാത്തതിൽ യാതൊരു ന്യായീകരണവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ജാമ്യം റദ്ദാക്കി നോട്ടീസ് അയക്കുമെന്നും കോടതി പറഞ്ഞു.

ബോബിയുടേത് കോടതിയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനമാണോയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ജയിലില്‍ നിന്നും പുറത്തിയപ്പോള്‍ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് എന്താണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. മറ്റു തടവുകാരുടെ കാര്യം ബോബി നോക്കുന്നത് എന്തിനാണ്. അതിന് അയാൾ ആരാണ്? നിയമത്തിനും മുകളിലാണെന്ന തോന്നല്‍ വേണ്ട. എല്ലാം വിലയ്‌ക്ക് വാങ്ങാമെന്ന വിചാരം വേണ്ടെന്നും കോടതി വിമർശിച്ചു.

ഇവിടെ ഹൈക്കോടതിയുണ്ട്. കളി ജുഡീഷ്യറിയോടോ ഹൈക്കോടതിയോടോ വേണ്ട. ഇവിടെ കൃത്യമായ നീതിന്യായ വ്യവസ്ഥയുണ്ട്. അതിനെ വെല്ലുവിളിക്കാന്‍ ആരായാലും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി ബുധനാഴ്ച 1.45-ന് വീണ്ടും പരിഗണിക്കും. അഭിഭാഷകരുടെ വിശദീകരണം തൃപ്തികരമല്ലെന്നും കേസ് വീണ്ടും പരിഗണിക്കുമ്പോൾ ബോബി ചെമ്മണൂരുമായി സംസാരിച്ച് നിലപാടറിയിക്കാൻ പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടു.

കോടതി രൂക്ഷപരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെ, ബോബി ചെമ്മണൂര്‍ തൃശ്ശൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. രണ്ടുമണിക്ക് കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് നാലുമണിയിലേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by