എല്ലാ വര്‍ഷവും ജനുവരി 15ന് ഭാരതം ആചരിക്കുന്ന കരസേനാ ദിനം, രാജ്യത്തിന്റെ സൈനിക പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1949 ജനുവരി 15ന് കരസേനയുടെ ആദ്യ കമാന്‍ഡര്‍-ഇന്‍-ചീഫായി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ നിയമിതനായ ദിവസമാണ് കരസേനാ ദിനം. അദ്ദേഹത്തോടുള്ള ആദരമാണ് ഈ ദിനാചരണത്തിനു പിന്നില്‍. ഒപ്പം സേനയുടെ ത്യാഗോജ്വലമായ സേവനത്തിനുള്ള ആദരവും.
ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്ന ശക്തികേന്ദ്രമാണ് സൈന്യം. സ്വാതന്ത്ര്യ ലബ്ധിമുതല്‍ ഭാരത സൈന്യം പല യുദ്ധങ്ങളിലും പോരാടിയിട്ടുണ്ട്. രാഷ്‌ട്ര പതാക വാനോളം ഉയര്‍ന്ന് പറക്കുന്നതിനു പിന്നില്‍ സൈന്യത്തിന്റെ വലിയ വലിയ ത്യാഗങ്ങളുടെ കഥയുണ്ട്.
ജമ്മു-കശ്മീര്‍, വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍ തുടങ്ങി തീവ്ര സംഘര്‍ഷ മേഖലകളിലെല്ലാം വിദേശ ശക്തികള്‍ക്കെതിരേയും ഭീകരവാദ സംഘടനകള്‍ക്കെതിരേയുമുളള പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം ജാഗരൂകമായി നിലയുറപ്പിച്ചിട്ടുണ്ട്. നാടുറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്ന അവരാണ് രാഷ്‌ട്രത്തിന്റെ കാവല്‍ക്കാര്‍. എതിരാളികളോടും കാലാവസ്ഥയോടും സാഹചര്യങ്ങളോടും പോരാടുന്നവര്‍. ഇന്നും സംഘര്‍ഷ മേഖലകളില്‍ നിന്ന് ധീര ജവാന്‍മാരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി ഭാരതത്തിലെ ഗ്രാമങ്ങളിലേക്ക് പതിവായി എത്താറുണ്ട്.
ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന മലനിരയായ സിയാച്ചിനിലേയും ലഡാക്കിലെയും തണുത്തുറഞ്ഞ ഭൂമിയില്‍ സൈന്യം തുടര്‍ച്ചയായി നിലയുറപ്പിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി ഉയരെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ്. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 50 ശതമാനത്തില്‍ കുറവും. യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ഭാരത സൈന്യത്തെ വിദേശത്തും വിന്യസിച്ചിട്ടുണ്ട്. നിരവധി തവണ നമ്മുടെ സൈന്യത്തിന്റെ ധൈര്യവും ആത്മാര്‍ത്ഥയും അവിടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങളില്‍ അവശ്യ സഹായങ്ങള്‍ നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും വൈദ്യ സഹായം എത്തിക്കുന്നതിലും സൈന്യം നല്‍കുന്ന സംഭാവനകള്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമുള്ള അവരുടെ പ്രതിജ്ഞാബദ്ധതയ്‌ക്ക് അടിവരയിടുന്നു. ഭാരതത്തിന്റെ വ്യത്യസ്ത ഭൂപ്രകൃതി, ഭൂകമ്പ സാധ്യതാ മേഖലകള്‍, വെള്ളപ്പൊക്കെ പ്രദേശങ്ങള്‍, ചുഴലിക്കാറ്റ് സാധ്യതയുള്ള തീരങ്ങള്‍ എന്നിവ ആഗോള തലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ദുരന്ത സാധ്യതയുള്ള രാജ്യമാക്കി ഭാരതത്തെ മാറ്റുന്നു. കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ക്ക് അതിവേഗം വശപ്പെടുന്നു.
വയനാട്ടില്‍ സൈന്യത്തിന്റെ സേവനത്തിന്റെ മുഖം നമ്മള്‍ കണ്ടതാണ്. സമീപകാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഭാരത സൈന്യത്തിന്റെ ഇടപെടല്‍ അവരുടെ പ്രതിബദ്ധതയ്‌ക്കും കാര്യക്ഷമതയ്‌ക്കും ദൃക്സാക്ഷ്യമാണ്. ദേശീയ ദുരന്ത നിവാരണ സേനയുമായും (എന്‍ഡിആര്‍എഫ്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ച സൈന്യം ദുരന്ത നിവാരണത്തില്‍ ഏകീകൃത സമീപനം ഉറപ്പാക്കി. ദുര്‍ഘടമായ ഭൂപ്രദേശങ്ങള്‍ താണ്ടി, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെത്തി അവിടെയുള്ളവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. 31 മണിക്കൂര്‍ ഇടവേളയില്ലാതെ പ്രവര്‍ത്തിച്ചതിന് ശേഷം, മണ്ണിടിച്ചിലില്‍ തകര്‍ന്ന ചൂരല്‍മലയ്‌ക്കും മുണ്ടക്കൈയ്‌ക്കും ഇടയിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി 190 അടി നീളമുള്ള ബെയ്ലി പാലം നിര്‍മ്മിച്ചു. 100 അടി നീളമുള്ള കോണ്‍ക്രീറ്റ് പാലം പാറകള്‍ ഇടിഞ്ഞുവീണ് തകര്‍ന്ന അതേ സ്ഥലത്താണ് ഈ പാ
ലം നിര്‍മ്മിച്ചത്. റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ച ബെയ്ലി പാലത്തെ വയനാട്ടിലെ ജനങ്ങള്‍ മാത്രമല്ല, കേരളത്തിലെ ആകെ ജനങ്ങളും നന്ദിയോടെയും അഭിനന്ദനങ്ങളോടെയുമാണ് സ്വീകരിച്ചത്.
എന്നിട്ടും ഈ കേരളത്തില്‍ത്തന്നെ മറ്റു ചിലതും സംഭവിച്ചു. കുറച്ച് ദിവസങ്ങള്‍ മുമ്പ് എറണാകുളത്തു വച്ച് ഒരു എന്‍സിസി ക്യാമ്പിനുള്ളില്‍ സേവനമനുഷ്ഠിച്ച സൈനിക ഉദ്യോഗസ്ഥനെ രണ്ട് ഗുണ്ടകള്‍ ആക്രമിച്ചു. മാത്രമല്ല, പ്രായം കടന്നു കഴിഞ്ഞ വിദ്യാര്‍ത്ഥി നേതാക്കളുടെ ഒരു സംഘം ഇതേ ക്യാമ്പിലേക്ക് അതിക്രമിച്ചു കയറി കേഡറ്റുകളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ അപമാനിച്ചു. ഏതാനും മാസം മുമ്പ് കൊല്ലം സ്വദേശിയായ ഒരു സൈനികനെ നിമയവിരുദ്ധമായി പോലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതൊന്നും ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. രാജ്യവ്യാപകമായി ഇത് കേരളത്തിന്റെ യശസിനു തന്നെ മങ്ങലേല്‍പ്പിക്കുന്നു.
എന്തുകൊണ്ടായിരിക്കും കേരളത്തില്‍ മാത്രം ഇങ്ങനെ? ഭാരത സൈന്യത്തിന്റെ ത്യാഗങ്ങള്‍ ആഘോഷിക്കുന്ന ഈ ദിവസം, കേരളത്തിലെ മിക്ക സൈനികരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യവും ഇതായിരിക്കും, എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് മറ്റൊരിടത്തും കാണാത്തത്? എന്തുകൊണ്ടാണ് കുറ്റവാളികള്‍ക്കെതിരെ ഇവിടെ നടപടിയൊന്നും സ്വീകരിക്കാത്തത്? കേരളത്തിലെ ജനങ്ങള്‍ നന്ദികെട്ടവരാണോ? അവര്‍ ദേശസ്‌നേഹം കുറഞ്ഞവരാണോ?
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും രാജ്യസ്‌നേഹികളും സൈന്യത്തോട് അഭിനിവേശമുള്ളവരുമാണ് എന്നതാണു യാഥാര്‍ഥ്യം. എന്നാല്‍ ദേശസ്‌നേഹ സ്വഭാവമുള്ള എന്തിനേയും എതിര്‍ക്കുന്ന പ്രവണതയും കേരളത്തില്‍ വര്‍ധിച്ചു വരുന്നു. ദേശസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്ത പ്രതീകമാണ് സൈന്യം. അവര്‍ അച്ചടക്കമുള്ളവരാണ്. സായുധരല്ലാത്ത സാധാരണ പൗരന്മാരെ അവര്‍ തിരിച്ചടിക്കില്ലെന്ന് എതിര്‍ക്കുന്നവര്‍ക്കും അറിയാം. പക്ഷേ ഇത് എല്ലായ്‌പ്പോഴും ശരിയാകുമെന്ന് പറയാനാവില്ല. അതൊരു എന്‍സിസി( നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്) ക്യാമ്പ് ആയിരുന്നു, ഡെപ്യൂട്ടേഷനില്‍ ഏതാനും സൈനികരായിരുന്നു ക്യാമ്പ് ഭാഗികമായി നിയന്ത്രിച്ചത്. എന്നാല്‍ ഇത്തരമൊരു കേസ് ഒരു കോംബാറ്റ് ഇന്‍ഫന്‍ട്രി ബറ്റാലിയനുമായി നടന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. അനന്തരഫലം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക