ചെന്നൈ: ലോകത്തിന് തന്നെ അത്ഭുതമാണ് ചെസ്സില്‍ ഇന്ത്യയുടെ കുതിപ്പ്. ചെല്ലക്കുട്ടികളായ ചെന്നൈയിലെ ഗുകേഷും പ്രജ്ഞാനന്ദയും ഇന്ന് ലോകമാകെ അറിയപ്പെടുന്ന ചെസ് താരങ്ങളും മാഗ്നസ് കാള്‍സന് വരെ ഭയപ്പെടുത്തുന്ന കളിക്കാരുമാണ്. തമിഴ്നാട്ടില്‍ നിന്നും ഗുകേഷിനെയും പ്രജ്ഞാനന്ദയെയും വൈശാലിയെയും അരവിന്ദിനെയും മാത്രമല്ല, മഹാരാഷ്ട്രയില്‍ നിന്നും വിദിത് ഗുജറാത്തിയെയും കേരളത്തില്‍ നിന്നും നിഹാല്‍ സരിനെയും ആന്ധ്രയില്‍ നിന്നും കൊനേരു ഹംപിയേയും എല്ലാം വാര്‍ത്തെടുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ബുദ്ധിയുണ്ട്. അതാണ് വിശ്വനാഥന്‍ ആനന്ദ്.
ഗ്രാന്‍റ്മാസ്റ്റര്‍ വിദിത് ഗുജറാത്തിയുടെ വിവാഹനിശ്ചയം ചെന്നൈയില്‍ ആഘോഷമാക്കിയപ്പോള്‍
അഞ്ച് തവണ ഇന്ത്യയ്‌ക്ക് വേണ്ടി ലോക ചെസ് ചാമ്പ്യന്‍ പട്ടം നേടിയ താരം. സ്വന്തം പരിശ്രമത്താല്‍ എതിരാളികളെ നേരിട്ട് ഒറ്റയ്‌ക്ക് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടേണ്ടിവന്ന താരം. ഇപ്പോള്‍ എത്രയോ വര്‍ഷമായി അദ്ദേഹം ചെറുതാരങ്ങളെ പ്രബലരാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അതിന് അവരുടെ വിളിപ്പുറത്ത് വിശ്വനാഥന്‍ ആനന്ദുണ്ട്.
ഗ്രാന്‍റ്മാസ്റ്റര്‍ വിദിത് ഗുജറാത്തിയുടെ വിവാഹനിശ്ചയം ചെന്നൈയില്‍ ആഘോഷമാക്കിയപ്പോള്‍
വെസ്റ്റ് ബ്രിഡ്ജ് എന്ന ചെസ് അക്കാദമിയിലൂടെയാണ് കുരുന്നുകളായ പ്രജ്ഞാനന്ദയും ഗുകേഷും വൈശാലിയും അരവിന്ദും എല്ലാം ആഗോളതലത്തിലെ ചെസിലെ തന്ത്രങ്ങള്‍ അറിഞ്ഞത്. പിന്നീട് വെസ്റ്റ് ബ്രിഡ്ജ് ഓണ്‍ലൈനിലും കോച്ചിംഗ് ആരംഭിച്ചതോടെ ഇന്ത്യയിലെ വിവിധ കോണുകളിലെ ചെസ് പ്രതിഭകളെ കണ്ടെത്തി വളര്‍ത്താന്‍ വിശ്വനാഥന്‍ ആനന്ദിന് കഴിഞ്ഞു.
ഇപ്പോഴിതാ വിദിത് ഗുജറാത്തി എന്ന നാസിക്കില്‍ നിന്നുള്ള യുവഗ്രാന്‍റ് മാസ്റ്റര്‍ വിവാഹനിശ്ചയത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. ഭാവി വധു നിധി കട്ടാരിയ ആണ്. ആ വിവാഹനിശ്ചയച്ചടങ്ങില്‍ വിശ്വനാഥന്‍ ആനന്ദും പ്രജ്ഞാനന്ദയും ഗുകേഷും വിദിത് ഗുജറാത്തിയും എല്ലാം ചെന്നൈ സ്റ്റൈലില്‍ ഷര്‍ട്ടും വേഷ്ടിയും അണിഞ്ഞ് പാട്ടിനൊപ്പം നൃത്തം ചവിട്ടിയ വീഡിയോ വൈറലായിരുന്നു. ഈ വിവാഹനിശ്ചയച്ചടങ്ങില്‍ ആനന്ദും ഭാര്യ അരുണയും എല്ലാകുട്ടികളേയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയാണ് ആഘോഷമാക്കുന്നത്. പരസ്പരം അസൂയപ്പെടാതെ മറ്റൊരാളുടെ വിജയത്തില്‍ സന്തോഷിക്കുന്ന വിശാലമനോലോകമാണ് വിശ്വനാഥന്‍ ആനന്ദ് അവരില്‍ സൃഷ്ടിക്കുന്നത്. മത്സരത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ തന്നെ ജീവിതത്തില്‍ കൈകോര്‍ത്തുനില്‍ക്കാന്‍ പഠിപ്പിക്കുന്ന വസുധൈവ കുടുംബകമെന്ന ബോധം അവരില്‍ സൃഷ്ടിക്കാന്‍ വിശ്വനാഥന്‍ ആനന്ദിന് കഴിഞ്ഞു എന്നത് തന്നെയാണ് അവരിലെ പോസിറ്റീവ് എനര്‍ജിയ്‌ക്ക് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക