Kerala

ഗോപന്‍ സ്വാമിയുടെ സമാധി ; കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍

സമാധിയിരുത്തിയതും ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചെയ്തത് തങ്ങള്‍ തന്നെയാണ്

Published by

തിരുവനന്തപുരം:നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദമായ സാഹചര്യത്തില്‍ കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണം. കല്ലറ കെട്ടിയതല്ലെന്നും ഋഷി പീഠമാണെന്നും മകന്‍ പറഞ്ഞു.

അച്ഛന്റെ സമാധി സ്ഥലം പൊളിക്കാന്‍ സമ്മതിക്കില്ല.നാട്ടുകാരുടെ പരാതി അച്ഛനെ കാണാനില്ലെന്നുളളതാണ്. അങ്ങനെയെങ്കില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് അതില്‍ ആളുണ്ടോയെന്ന് പരിശോധിക്കട്ടെ. അച്ഛന്റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തതന്ന് മകന്‍ സനന്ദന്‍ പറഞ്ഞു. ചുമട്ടു തൊഴിലാളിയായിരുന്നു മുമ്പ് അച്ഛന്‍. ചെറുപ്പത്തില്‍ അച്ഛനൊപ്പം വയല്‍ പണിക്ക് പോയിരുന്നു.

സമാധിയിരുത്തിയതും ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചെയ്തത് തങ്ങള്‍ തന്നെയാണ്.ഋഷി പീഠത്തിലാണ് അച്ഛന്‍ ഇരുന്നത്. അതിന്റെ മുകള്‍ വശം കെട്ടാന്‍ മാത്രമാണ് അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നത്.

അച്ഛന്‍ സമാധിയാകുമെന്ന് പറഞ്ഞപ്പോള്‍ പോ ചേട്ടാ എന്ന് പറഞ്ഞ് അമ്മ തമാശ ആണെന്നാണ് കരുതിയത്. ജോലി സ്ഥലത്ത് നില്‍ക്കുമ്പോഴാണ് അനുജന്‍ വിളിച്ച് അച്ഛന് കാണണം വീട്ടിലേക്ക് വരണമെന്നും പറഞ്ഞത്. താന്‍ എത്തി അച്ഛാ അച്ഛാ എന്ന് വിളിച്ചശേഷം കുലുക്കി നോക്കിയിട്ടും അനക്കമുണ്ടായിരുന്നില്ല.

പത്മാസനത്തിലാണ് അച്ഛന്‍ ഇരുന്നത്. മൂക്കില്‍ കൈവെച്ചപ്പോള്‍ ശ്വാസമില്ലായിരുന്നു. ഒരുപാട് തവണ വിളിച്ചുനോക്കി. അച്ഛന്‍ സമാധിയായത് തന്നെയാണെന്നും സനന്ദന്‍ പറഞ്ഞു. സമാധി അത്ര നിസാര കാര്യമല്ലെന്നും സനന്ദന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by