Kerala

ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാൻ സമ്മതിക്കില്ലെന്ന് മകൻ : കുടുംബങ്ങളുടെ മൊഴിയിൽ വൈരുധ്യങ്ങളെന്ന് പോലീസ്

കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട്. മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കളക്ടറും പോലീസും വ്യക്തമാക്കി

Published by

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മകന്‍ സനന്ദന്‍. സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ് പ്രിന്റ് എടുത്തത്. പോലീസ് ഇന്നലെയും മൊഴി രേപ്പെടുത്തിയിരുന്നു. പോലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെ പോലീസ് തല്‍ക്കാലം പിന്‍വാങ്ങുകയായിരുന്നു. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി ഇന്നലെ പോലീസ് വീണ്ടും രേഖപ്പെടുത്തി. മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കളക്ടറും പോലീസും വ്യക്തമാക്കി. ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. അതിനുമുമ്പ് ഹൈന്ദവ സംഘടനകളുമായി പോലീസ് ചര്‍ച്ച നടത്തും.

നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പോലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by