Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമുറ്റത്ത് സ്ഥാപിക്കാൻ 4,000 കിലോയുള്ള ശിവശിൽപം ; രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്പം

Published by

കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശിവശില്പം ഒരുങ്ങി. കാനായിലെ പണിപ്പുരയിൽ പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശില്പമൊരുക്കിയത്. 14 അടി ഉയരത്തിൽ വെങ്കലത്തിലും സ്റ്റീലിലും നിർമിച്ച 4000 കിലോഗ്രാം തൂക്കംവരുന്ന ശില്പനിർമാണത്തിന്‌ നാലുവർഷമെടുത്തു. കോൺക്രീറ്റിൽ ഉയരം കൂടിയ ശിവശില്പങ്ങളുണ്ടെങ്കിലും വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവശില്പമാണിതെന്ന് ഉണ്ണി കാനായി പറഞ്ഞു.

ഇന്ത്യയിൽ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവ ശിൽപമാണിതെന്ന് സംഘാടകർ അവകാശപ്പെടുന്നു. കളിമണ്ണിൽ നിർമിച്ച്‌ പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡുണ്ടാക്കി മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ആൽമരച്ചുവട്ടിലാണ് ശിൽപം സ്ഥാപിക്കുക.

തൃശൂർ ആർക്കിയോളജിക്കൽ സർവേസൂപ്രണ്ട് രാമകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ശിൽപം സ്ഥാപിക്കുന്ന സ്ഥലവും പണിപ്പുരയിലെ ശിവശിൽപവും സന്ദർശിച്ചിരുന്നു. ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ, മൊട്ടമ്മൽ രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ശിൽപം 2 മാസത്തിനുള്ളിൽ സ്ഥാപിക്കും

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by