India

മഹാകുംഭമേളയ്‌ക്ക് ഇന്ന് തുടക്കം

Published by

പ്രയാഗ്‌രാജ്: ഒരു രാഷ്‌ട്രത്തിലെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് പേര്‍ ഒരു പ്രദേശത്ത് ഒത്തുകൂടുന്ന അപൂര്‍വ സംഗമത്തിന് ഇന്ന് തുടക്കം.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മകരസംക്രമദിനമായ ഇന്നുമുതല്‍ മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. ആദ്യദിനം നടക്കുന്ന ഒന്നാം ഷാഹി സ്നാനവും തുടര്‍ന്ന് ആത്മീയതയുടെ എല്ലാവിധ സൗന്ദര്യവും സാഫല്യവും പേറുന്ന 45 ദിനരാത്രങ്ങളിലായി നടക്കുന്ന വ്യത്യസ്ത സ്നാനങ്ങളും ധ്യാനവും ഭജനയും ആത്മീയ പ്രഭാഷണങ്ങളും സംന്യാസി സംഗമങ്ങളും കലാപരിപാടികളും കോടിക്കണക്കിന് വരുന്ന സനാതന വിശ്വാസികള്‍ക്ക് വൈകാരികമായ ആത്മനിര്‍വൃതിയെ ഉണര്‍ത്തുന്ന ഒത്തുചേരലാണ്. പുണ്യനദികളായ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണിസംഗമത്തിലാണ് കുംഭമേളയുടെ പ്രധാനപ്പെട്ട ചടങ്ങുകള്‍.

അമൃതം തേടി പാലാഴി മഥനം നടന്നപ്പോള്‍ ഭൂമിയിലെ നാല് സ്ഥലങ്ങളിലായി അമൃത് വീണെന്നും ആ പ്രദേശങ്ങളിലാണ് കുംഭമേള നടക്കുന്നതെന്നുമാണ് വിശ്വാസം. ഇതനുസരിച്ച് പ്രയാഗ്രാജ് , ഹരിദ്വാര്‍, ഉജ്ജയിനി, നാസിക്ക് എന്നീ പ്രദേശങ്ങളിലാണ് കുംഭമേളകള്‍ നടക്കുന്നത്. അമൃത് വീണ നദികളില്‍ സ്നാനം നടത്തി ആത്മീയ ചൈതന്യവും വിശുദ്ധിയും നേടാനുള്ള അവസരമാണ് കുംഭമേളകള്‍ സമ്മാനിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പുണ്യസ്‌നാനത്തെ ‘കുംഭമേള’ എന്നും ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതിനെ ‘അര്‍ദ്ധകുംഭമേള’ എന്നും എല്ലാ വര്‍ഷവും മാഘമാസത്തില്‍ നടക്കുന്ന പുണ്യസ്‌നാനത്തെ ‘മാഘിമേള’ എന്നും പറയുന്നു.

വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണകാലം മുതല്‍ കുംഭമേളകളെ ധര്‍മ്മ സംരക്ഷണവേദികള്‍ എന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള മര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംന്യാസി സംഗമങ്ങളും ലോക ഹിന്ദുമത യോഗങ്ങളും കുംഭമേളയോടനുബന്ധിച്ച് നടത്തപ്പെടുക പതിവാണ്.

1966ല്‍ കുംഭമേളയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ സനാതന ഹിന്ദു സംഗമത്തില്‍ 12 രാജ്യങ്ങളില്‍ നിന്നായി കാല്‍ ലക്ഷത്തോളം ക്ഷണിതാക്കള്‍ പങ്കെടുത്തു. ഈ കുംഭമേളയില്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ ഉള്‍പ്പെടുത്തി ‘വിശ്വഹിന്ദു സമ്മേളനം’ സംഘടിപ്പിക്കുകയുണ്ടായി. 1989-ലെ കുംഭമേള എങ്ങനെ രാമക്ഷേത്ര പ്രക്ഷോഭത്തിന് തുടക്കം കുറിച്ചുവെന്ന് സര്‍ മാര്‍ക്ക് ടുള്ളി തന്റെ ‘നോ ഫുള്‍ സ്റ്റോപ്സ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റണമെന്നുള്ള പ്രമേയവും അവതരിപ്പിക്കപ്പെട്ടത് 1989ലെ സംന്യാസി സംഗമത്തിലായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by