Main Article

വാക്കിന്ന് തീപ്പിടിപ്പിക്കരുത്!

സിദ്ധിനാഥാനന്ദ സ്വാമികള്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സംന്യാസിപരമ്പരയില്‍ പണ്ഡിതശ്രേഷ്ഠനായിരുന്നു. ധാര്‍മ്മിക പ്രചാരണത്തിന് സ്വജീവിതം സമര്‍പ്പിച്ച സ്വാമികള്‍ എഴുതിയ ‘കുന്തി- ഒരു പഠനം’ എന്ന പുസ്തകമുണ്ട്. നമ്മുടെ പുരാണ ഇതിഹാസ കഥകളും കഥാപാത്രങ്ങളും ആധാരമാക്കി ഒരുകാലത്ത് പുറത്തുവന്നിട്ടുള്ള സാഹിത്യ രചനകളും ധാര്‍മ്മിക വ്യാഖ്യാനങ്ങളും അനുകാലിക പ്രസക്തി വിവരണവും ഒക്കെ പരിശോധിച്ചാല്‍ അവയില്‍ ‘കുന്തി- ഒരു പഠനം’ ഏറെ ശ്രദ്ധേയമായി, ആധികാരികമായി നില്‍ക്കുന്നത് കാണാം. പഞ്ചപാണ്ഡവരില്‍ മൂന്നുപേരുടെ അമ്മയായ, അഞ്ചു പേരുടെയും ഏക രക്ഷിതാവായ, കര്‍ണ്ണന്റെ മാതാവായ, പാണ്ഡുവിന്റെ പത്നിയായ കുന്തീദേവി. ധര്‍മ്മജീവിതം നയിച്ച കുന്തീദേവി. മഹാഭാരതത്തിലെ ധര്‍മ്മയുദ്ധം നയിച്ചതിലും വിജയിച്ചതിലും ഈ അമ്മയ്‌ക്കുള്ള പങ്ക് വിവരണാതീതമാണ്. ആ കാഴ്ചപ്പാടിലാണ് മഹാഭാരത മുഹൂര്‍ത്തങ്ങളില്‍ കുന്തിയുടെ കാന്തി സ്വാമി സിദ്ധിനാഥാനന്ദ വിവരിക്കുന്നത്. സസൂക്ഷ്മം വായിക്കേണ്ട പഠനം. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ തിരിച്ചറിയാനും അതില്‍ അഭിമാനിക്കാനും ആനന്ദിക്കാനും വഴിയൊരുക്കുന്നത് ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങളുടെ വായനയിലൂടെയാണ്. വായിക്കുക എന്നത് പ്രധാനമാണ്, എന്ത് വായിക്കുന്നു, എങ്ങനെ വായിക്കുന്നു എന്നതും.

എഴുതാനും വായിക്കാനുമുള്ള വഴിയില്‍ പ്രധാനമാണ് ഭാഷ. അക്ഷരങ്ങള്‍ അനക്ഷരമാകാതിരിക്കാന്‍ ഭാഷ അറിയണം. അറിഞ്ഞാല്‍ പോരാ ആഴത്തില്‍ അറിയണം. മഹാകവി കുമാരനാശാന്‍ ‘നളിനി’ എന്ന കാവ്യത്തിലൂടെ ഭാഷയെക്കുറിച്ച് പറയുന്നുണ്ട്. ”ഇന്നു ഭാഷയിതപൂര്‍ണമിങ്ങഹോ/ വന്നുപോം
പിഴയുമര്‍ത്ഥശങ്കയാല്‍” എന്ന്. ഭാഷപോലും ചില ഘട്ടങ്ങളില്‍ അപൂര്‍ണമാകും. പോരാതാകും. ഭാഷയ്‌ക്ക് പരിമിതികളില്ല; പക്ഷേ അതിന്റെ പ്രയോഗത്തിനുണ്ട്. പ്രയോഗിക്കാനുള്ള ശേഷിയാണ് ഭാഷയേയും മഹത്വമുള്ളതാക്കി മാറ്റുന്നത്. ലളിതാസഹസ്രനാമ സ്തോത്രത്തില്‍ ‘ഭാഷാരൂപാ’ എന്ന് പരാശക്തിയെ പര്യായവിശേഷണം ചെയ്യുന്നുണ്ടല്ലോ. ഭാഷയെന്നാല്‍ ആശയവിനിമയത്തിനുള്ള ഒരു ഉപാധിയെന്നു മാത്രം കരുതുന്നവരും വാദിക്കുന്നവരും ഭാഷയുടെ കരുത്തിനെക്കുറിച്ച് അറിയാത്തവരാണ്. അവര്‍ നല്ല ഭാഷ, ചീത്ത ഭാഷ എന്ന വിഭജനത്തിനപ്പുറം ഭാഷയെ അറിയാന്‍ ശ്രമിച്ചിട്ടില്ലാത്തവരാണ്. ഭാഷ, വാക്യവും, അതിന്റെ ചെറുയൂണിറ്റായ വാക്കും, പിന്നെയും ഒതുങ്ങി അക്ഷരവുമാകുമ്പോഴും അര്‍ത്ഥം പ്രസരിപ്പിക്കുന്ന കരുത്ത് അതിലുണ്ട്. സൂക്ഷ്മമായി പഠിച്ചാലേ അതറിയാനാകൂ. ”അമന്ത്രം അക്ഷരം നാസ്തി’ എന്നാണല്ലോ അക്ഷര-മന്ത്ര മാഹാത്മ്യം. ഭാഷയുടെ ഈ വൈഭവം മലയാളത്തില്‍ അറിയാന്‍ നമുക്ക് തുഞ്ചത്ത് എഴുത്തച്ഛനാണ് ശരണം. ‘ഭാഷാപിതാവ്’ എന്ന് ആചാര്യനെ നമസ്‌കരിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥവ്യാപ്തിയും പവിത്ര പുണ്യപ്രാധാന്യവും അറിയാന്‍ ഭാഷയെക്കുറിച്ചറിയണം. ഭാഷയുടെ പൈതൃകത്തെക്കുറിച്ച് അറിയണം. അക്ഷരമാല ക്രമപ്പെടുത്തിയ ആള്‍, അധ്യാത്മരാമായണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തയാള്‍, അക്ഷര ലോകത്തെ ബാലപാഠങ്ങള്‍ പഠിപ്പിച്ചയാള്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്കപ്പുറം എഴുത്തച്ഛനെ തിരിച്ചറിയാന്‍ അദ്ധ്യാത്മ രാമായണം ആവര്‍ത്തിച്ച് വായിച്ചാല്‍ മതി; അതിന് പലരും മുതിരുന്നില്ലെങ്കിലും!
പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതുപോലെ ”കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭങ്ങള്‍ (കഴുതകള്‍)” ആവുകയാണ് ‘മലയാളി’ എന്ന പേരും ചുമന്നു നടക്കുന്ന മലയാളികളില്‍ നല്ലൊരുപങ്കും. അതുകൊണ്ടാണ്, എഴുത്തച്ഛന്‍ ചിലര്‍ക്കെങ്കിലും ‘മണ്ണാങ്കട്ട’യാകുന്നത്. വാക്കുകൊണ്ട് ആക്രോശിക്കുന്നവരുടെ ശബ്ദാടോപങ്ങള്‍ക്ക് കൃത്യമായ അര്‍ത്ഥം തിരഞ്ഞാല്‍ ഒരുപക്ഷേ ഈ കൊച്ചുമക്കള്‍ക്ക് പൈതൃകം തെറ്റിപ്പോയില്ലേയെന്നു സംശയിക്കേണ്ടിവരും. കാരണം പൈതൃകത്തിന്റെ വാക്കര്‍ത്ഥം പിതാവില്‍നിന്നു കിട്ടിയ സ്വത്ത് (സമ്പത്ത് സംസ്‌കാരം തുടങ്ങിയവയാല്‍) എന്നാണല്ലോ. ”എഴുത്തിന് (ഭാഷയ്‌ക്ക്) അച്ഛനുണ്ടോ, ഉണ്ടെങ്കില്‍ അമ്മയാര്?” എന്ന് ചോദിക്കുന്ന ജല്‍പനങ്ങളുടെ ജാരസംഘക്കാര്‍ക്കാണല്ലോ ഇക്കാലത്ത് ശബ്ദം കൂടുതല്‍. ഡിസംബര്‍ 30 ന് എഴുത്തച്ഛന്‍ ദിനം ഔദ്യോഗികമായി ആഘോഷിക്കാന്‍, വേണ്ട ‘ആചരി’ക്കാന്‍ മലയാളത്തിന്- കേരളത്തിന് ഭയമാണ്. എഴുത്തച്ഛന്‍ അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ ആ തുകയും ശിലാഫലകവും സമ്മതപത്രവും കൈനീട്ടി വാങ്ങുന്ന ”എഴുത്തുമക്കള്‍”ക്ക്, അങ്ങനെയൊരു പ്രഖ്യാപനം വന്നാലേ അവാര്‍ഡ് സ്വീകരിക്കൂ എന്ന് സര്‍ക്കാരിനോട് പറയാനുള്ള ആര്‍ജവം ഇല്ലാതായിപ്പോകുന്നത് അവാര്‍ഡ് തുകയിലെ പൂജ്യങ്ങളുടെ കനം കൊണ്ടാവാനേ തരമുള്ളൂ ( 2010 നു ശേഷം 5,00000 രൂപയാക്കി).

നിരീക്ഷണം, പാണ്ഡവമാതാവായ കുന്തീദേവിയെക്കുറിച്ചും ഭാഷാപിതാവായ എഴുത്തച്ഛനെക്കുറിച്ചും പരാമര്‍ശിച്ച് തുടങ്ങിയത് നാട്ടിലെ ആനുകാലിക സാംസ്‌കാരിക അന്തരീക്ഷം ഈ രണ്ട് വിഷയത്തില്‍ രാഷ്‌ട്രീയ- സാമൂഹ്യ പ്രശ്നങ്ങളായി ചര്‍ച്ചയിലാകുന്നതുകൊണ്ടുകൂടിയാണ്. വാക്കിന് അര്‍ത്ഥതലങ്ങള്‍ പലതുണ്ട്. അത് നിഘണ്ടുവിലും പ്രതീകതലത്തിലും ധ്വനിയിലും പ്രയോഗത്തിലും പലതാണല്ലോ. വാക്ക് വിചാരതലത്തില്‍ നിന്ന് വികാരമാകുന്ന മുഹൂര്‍ത്തങ്ങളുണ്ട്. ‘ഭോ,’ ‘ഛെ,’ ‘ഹാ!’ തുടങ്ങിയ അക്ഷരഭാവങ്ങള്‍ ഓരോ സ്ഥാനത്തും വേളയിലും രൂപപ്പെടുത്തുന്ന വികാരലോകത്തെക്കുറിച്ച് ഒന്നു ചിന്തിച്ചാല്‍ മതി മനസ്സിലാക്കാന്‍. വാക്കിന്റെ വാക്കുകളുടെ മൂര്‍ച്ചയും മിനുസവും, നിറവും ഇരുട്ടും, ദൃഢതയും മൃദുത്വവും, നനവും ഉണക്കും മറ്റുമാണല്ലോ ഓരോരോ അന്തരീക്ഷങ്ങള്‍ അതത് അവസരങ്ങളില്‍ സൃഷ്ടിക്കുന്നത്. കുന്തീദേവിയുടെ പേര് അസ്ഥാനത്ത് അനവസരത്തില്‍ ആക്ഷേപത്തിനായാലും വ്യാക്ഷേപകമായിട്ടായാലും ഉപയോഗിക്കപ്പെടുമ്പോള്‍ അത് ആ ഭാഷയും പ്രയോഗവും വിനിയോഗിച്ചവരുടെ സംസ്‌കാരമാണ് പ്രകടിപ്പിക്കുന്നതെന്ന് സമാധാനിച്ച് ചാരുകസേരയില്‍ വിശറി വീശിയിരിക്കുന്നിടത്താണ്, വാസ്തവത്തില്‍ പൈതൃകത്തിന്റെ കാവല്‍ക്കാരാകേണ്ട സമൂഹത്തിനുണ്ടായിരുന്ന അലസത മനസ്സിലാക്കേണ്ടത്. അത് കുന്തീദേവിയെന്ന ധര്‍മ്മാര്‍ത്ഥ പ്രതീകത്തിനെതിരെ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ആയുധപ്രയോഗമാണെന്ന് തിരിച്ചറിയാന്‍ വൈകുന്നിടത്താണ് സമൂഹത്തിന്റെ അബോധം മനസ്സിലാക്കേണ്ടത്. അത് തിരിച്ചറിയാന്‍ സംവിധാനത്തിനു കഴിയാതെ വരികയും, ആക്ഷേപമുണ്ടായത് കുന്തീദേവിയേക്കാള്‍ പ്രസക്തമായ അതിപ്രശസ്തര്‍ക്കെതിരെയാണെന്ന വ്യാഖ്യാനത്തിലൂടെ തിരിച്ചറിഞ്ഞതായി നടിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും അക്ഷരങ്ങളുടെ പേരിലും മറ്റു ചിലരെ മാതൃകയാക്കി അവയവ ഛേദപ്രവൃത്തിക്കായി സമൂഹത്തില്‍ ആരെങ്കിലും മുതിരാതിരിക്കുന്നെങ്കില്‍ അതൊരു പൈതൃകത്തിന്റെ മഹത്വമാണ്.

എഴുത്തച്ഛനെ ‘മണ്ണാങ്കട്ട’യെന്ന് പര്യായവിശേഷണം കൊള്ളുന്ന നാവില്‍, ഉറപ്പാണ് പൊന്നുകൊണ്ട് തേനും വയമ്പും തൊട്ടിട്ടുണ്ടാവില്ല. ചൊറിയണമെന്നും കൊടിത്തൂവയെന്നും പര്യായവിശേഷണമുള്ള ആ കാട്ടുചെടിയായിരിക്കണം ആദ്യം നാവിലിറ്റിച്ചിരിക്കുക. ആ പൈതൃകത്തിലായിരിക്കണം ജനിച്ചിട്ടും വളര്‍ന്നിട്ടുമുണ്ടായിരിക്കുക. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന് ജന്മ-കര്‍മ്മഭൂമിയായിരുന്ന മലപ്പുറത്തെ തിരൂരില്‍ പ്രതിമ സ്ഥാപിക്കാനുള്ള ലക്ഷാവധി മനസ്സുകളുടെ ആഗ്രഹങ്ങള്‍ക്കുമേല്‍ അമ്പെയ്യുന്ന അക്ഷരഭാഷാസംസ്‌കാരവൈരികളുടെ ശവത്താരാട്ടും വിഷപ്പാലൂട്ടുംകൊണ്ട് വളര്‍ന്നുവരുന്നവര്‍ക്കേ പാഴ്വസ്തുവെന്ന അര്‍ത്ഥത്തില്‍ എഴുത്തച്ഛനെ മണ്ണാങ്കട്ടയെന്ന് വിശേഷിപ്പിക്കാനാവൂ. മണ്ണാങ്കട്ട എന്നാല്‍ മണ്ണിന്‍കട്ടയാണെന്നും മണ്ണ് വളര്‍ച്ചക്ക് അവശ്യമാണെന്നും, അങ്ങനെ മണ്ണിനോട് ചേര്‍ന്നാണ് ജീവിതം ഉണ്ടാകേണ്ടതെന്നുള്ള ദര്‍ശനബോധത്തിലാണ് മണ്ണാങ്കട്ട എന്ന് പ്രയോഗിച്ചതും എങ്കില്‍ അത് ശ്ലാഘനീയമാണുതാനും. അങ്ങനെയല്ലെങ്കില്‍, പൊരിവെയിലത്ത് കടല്‍പ്പുറത്തെ മണ്ണുകൊണ്ട്, വെള്ളം ചേര്‍ത്ത് കുഴച്ചാലും എളുപ്പമല്ലാഞ്ഞിട്ടും, പരമശിവവിഗ്രഹം നിര്‍മ്മിച്ച് രാമേശ്വരത്ത് പൂജാവിധി ചെയ്ത ശ്രീരാമചന്ദ്രന്റെ കഥ കിളിപ്പാട്ട് പാടി ആധ്യാത്മിക ഉണര്‍വ് നല്‍കിയ എഴുത്തച്ഛനെ തിരിച്ചറിയാത്തയാളെന്ന ആദരത്തിനര്‍ഹനായിത്തീരുകയാണല്ലോ അതുവഴി. (ഇത് പരമാവധി ഘനഗംഭീര കൃത്രിമ ശബ്ദത്തില്‍ ശ്വാസംവിടാതെ ഞരമ്പു പൊട്ടിച്ച്, പ്രോംപ്ടര്‍ സ്‌ക്രീനില്‍ നോക്കി വായിച്ചാല്‍ കിട്ടുന്ന കൈയടിയും ഭാഷാശക്തികൊണ്ടാണെന്ന് ഇടയ്‌ക്കൊന്നു ചിന്തിച്ചാല്‍ മതി).

ഇനി ചില ‘പൃഷ്ടദൃഷ്ടി’കളെക്കുറിച്ചു പറഞ്ഞുനിര്‍ത്താം. ”പൃഷ്ട” ദൃഷ്ടി എന്നെഴുതിയതിന് കേസെടുക്കരുത്. ‘കരടി’ മൃഗം എന്നാണര്‍ത്ഥം. (കരടിക്ക് പിന്നില്‍ കണ്ണുണ്ടെന്ന ഒരു സങ്കല്‍പമാണത്രേ ആ വിളിപ്പേരിനു കാരണം) എന്തായാലും തേന്‍കൊതിയനായ ‘പൃഷ്ടദൃഷ്ടി’ തേനീച്ചക്കൂട്ടില്‍ ചെന്ന് തേനെടുത്ത് കുത്തുവാങ്ങുന്ന ശീലക്കാരനാണ്. കുത്തുകിട്ടിയാലും വേണ്ടില്ല തേന്‍ കിട്ടിയാല്‍ മതിയെന്ന പക്ഷക്കാരനാണ്. ‘പൃഷ്ട്യന്മാ’രായി ആളൊപ്പമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും രക്ഷിക്കാം, ശിക്ഷിക്കാം, കൊല്ലാം, കൊലക്കുറ്റത്തില്‍നിന്ന് മുക്തരാകാം, ഇഷ്ടരെ മുക്തരാക്കാം. ഭരണം എന്നാല്‍ ജനക്ഷേമ നിര്‍വഹണമാണെന്ന ബോധം വെടിഞ്ഞ്, തന്‍ഹിതവും തല്‍പരരുടെ ഹിതവും നടത്തുന്നതാണെന്ന തോന്നലുള്ളവര്‍ ഭരണകേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുകകൂടിയായാല്‍ പിന്നെല്ലാമായി. അക്കൂട്ടര്‍ പൃഷ്ടരായി തുടരും. പൃഷ്ടര്‍ എന്നാല്‍ ചുമട്ടുകുതിരയെന്നര്‍ത്ഥം. കുതിരകളായിരിക്കേണ്ടവര്‍ കഴുതയുടെ ചുമട്ടു പണിയെടുക്കു!ന്ന സ്ഥിതി! പൃഷ്ടവംശത്തിന്റെ അഭാവമാണ് വാസ്തവത്തില്‍ ഇതിനെല്ലാം മൂലകാരണം. പൃഷ്ടവംശമെന്നാല്‍ നട്ടെല്ല് എന്നര്‍ത്ഥം. ഇനി ഇതിനെല്ലാം ‘കാരണഭൂത’മായ പൃഷ്ടത്തിനാകട്ടെ, തലമുടിയാല്‍ നനയപ്പെടുന്നത് എന്നാണര്‍ത്ഥം. അതിന് അനാട്ടമി (ശരീരശാസ്ത്രം) പഠിച്ചാല്‍ മതി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദിവംഗതനായ മഹാകവി കാളിദാസനെതിരെ കേസെടുക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘കുമാരസംഭവ’ത്തിലെ പാര്‍വതീദേവിയുടെ തപസ്സിന്റെ വര്‍ണന ഇവിടെ ഉദ്ധരിക്കാം.

”സ്ഥിതാഃ ക്ഷണം പക്ഷ്മസുതാഡിതാധരാഃ/
പയോധരോത്സേധ നിപാത ചൂര്‍ണിതാഃ/
വലീഷു തസ്യാഃ സ്ഖലിതാഃ പ്രപേദിരേ/
ചിരേണ നാഭിം പ്രഥമോദ ബിന്ദവഃ/ (കുമാരസംഭവം- സര്‍ഗം 5. ശ്ലോകം 24).

മലയാളമിങ്ങനെ: ”ക്ഷണമിമകളില്‍നിന്നുതല്ലി, ചുണ്ടില്‍,/കുളുര്‍മുലമേലധ വീണുടന്‍ തകര്‍ന്നു/വലികളിടറിച്ചിരേണ നാഭി/ച്ചുഴിയിലിറങ്ങി നവീന വര്‍ഷബിന്ദു.” (തര്‍ജമ എ.ആര്‍. രാജരാജവര്‍മ്മ). അങ്ങനെ നോക്കുമ്പോള്‍ ശരീരാവയവങ്ങള്‍ക്കും വാക്കര്‍ത്ഥങ്ങള്‍ക്കും തമ്മിലുണ്ട് ബന്ധം. ഈ ബന്ധമില്ലാത്ത വാക്കുകള്‍ക്ക് യുക്തിഭദ്രമായ അര്‍ത്ഥമുണ്ടാവില്ല, അവയാണ് അനര്‍ത്ഥമുണ്ടാക്കുന്ന അപശബ്ദങ്ങള്‍ അഥവാ തെറികളായി പ്രയോഗത്തിലാകുന്നത്.

വാക്ക് അര്‍ത്ഥപൂര്‍ണമാകുമ്പോള്‍ സംസ്‌കാരമാണ്. പൈതൃകമാണ്, സന്ദേശമാണ്. ”വാക്കമ്മേ കാക്കുകെന്നമ്മേ/
വാക്കിനെ കാക്കുവാന്‍ സദാ/
പേക്കിനാവിങ്കലും ചേര്‍ക്കാ-/
തിരിക്കാന്‍ ചീത്ത വാക്കിനെ…”/ എന്നാണ് പ്രാര്‍ത്ഥന; ആവണം. വാക്കിനും പ്രവൃത്തിക്കും ആരും തീപ്പിടിപ്പിക്കുത്!

പിന്‍കുറിപ്പ്:
ലോസ് ആഞ്ചലസിലെ തീപ്പിടിത്തം അതിവേഗം ഒടുങ്ങട്ടെ. പ്രതിഭാസമെന്തായാലും പ്രകൃതിയുടെ പ്രതികരണമാണ് കാരണം. അകലെയാണ് ആ ദുരന്തമുണ്ടായതെന്ന് അലസരാകരുത്. കരുതലാണ് വേണ്ടത്. പഞ്ചഭൂതങ്ങളുടെ നിഗ്രഹാനുഗ്രഹ കരുത്ത് ശാസ്ത്രത്തിനു പോലും ഇനിയും കൃത്യമായി വിലയിരുത്താനായിട്ടില്ല. 3000 കിലോയുള്ള പാറക്കൂട്ടങ്ങള്‍ മൂന്നരക്കിലോ മീറ്ററിപ്പുറം എത്തിയ ചൂരല്‍മലയിലെ ഉരുള്‍വെള്ളവും 17,000 ഏക്കര്‍ ചുട്ടു പൊള്ളിച്ച ലോസ് ആഞ്ചലസിലെ കാട്ടുതീയും പ്രപഞ്ചത്തിന്റെ ക്ഷോഭ പ്രകടനങ്ങളാണെന്നറിയണം: ”… അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു/ നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു!

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക